എന്നാലും ആപ്പിളേ... ഇതെന്താ ഇങ്ങനെ, വാങ്ങിയിട്ട് ഒരു കൊല്ലം പോലും ആയില്ലല്ലോ! പരാതിയുമായി ഐഫോൺ ഉടമകൾ
ഐഫോണിന് ലോകമെമ്പാടും ആരാധകരുണ്ടായതിന് പിന്നിലെ ഒരു കാരണം ആപ്പിളിനോടുള്ള വിശ്വാസമായിരുന്നു. ആപ്പിൾ പ്രോഡക്ടുകളുടെ നിലയും വിലയുമൊക്കെ കാത്തുസൂക്ഷിക്കാൻ ആപ്പിൾ ഏതറ്റം വരെയും പോകും എന്നുള്ള വിശ്വാസം. ഗുണമേന്മയിലൂന്നിയുള്ള വിശ്വാസത്തിലൂടെ നേടിയ സൽപ്പേരാണ് ആപ്പിളിന്റെ ഏറ്റവും വലിയ സമ്പത്ത്. അത് കളങ്കമില്ലാതെ കാക്കാൻ ആപ്പിൾ പരിശ്രമിച്ച് പോരുന്നു.
എന്നാലിപ്പോൾ ആപ്പിളിന്റെ അഭിമാനമായ ഐഫോണുകൾക്കെതിരേ ചില ഉപയോക്താക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു എന്ന് ദ വെർജ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പിൾ 2022-ൽ പുറത്തിറക്കിയ ഐഫോൺ 14 സീരീസിലെ ഐഫോൺ 14, ഐഫോൺ 14 പ്രോ എന്നീ മോഡലുകൾ വാങ്ങിയ ചില ഉപയോക്താക്കളാണ് ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഈ ഐഫോണുകളുടെ ബാറ്ററി ആരോഗ്യം 90 ശതമാനമോ 80 ശതമാനമോ ആയി കുറഞ്ഞുവെന്ന് ഉപയോക്താക്കൾ പറയുന്നു. ആപ്പിൾ ട്രാക്കിലെ സാം കോൾ, വാൾ സ്ട്രീറ്റ് ജേർണൽ സീനിയർ ടെക് കോളമിസ്റ്റ് ജോവാന സ്റ്റേൺ എന്നിവരുൾപ്പെടെയുള്ള ടെക്നോളജി മേഖലയിലെ പ്രമുഖരായ വ്യക്തികളും സമാനമായ അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ബാറ്ററി സംബന്ധിച്ച പരാതികൾ സ്മാർട്ട്ഫോണുകളുമായി ബന്ധപ്പെട്ട് ഉയരുന്നത് പുതുമയൊന്നുമല്ലെങ്കിലും ഐഫോൺ ഉടമകൾ ഉയർത്തിയ ഈ പരാതി ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. അതേസമയം, പുതിയ ഐഫോൺ സീരീസിലെ രണ്ട് മോഡലുകളിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഈ ബാറ്ററി പ്രശ്നത്തിന്റെ യഥാർഥ വ്യാപ്തി ഇതുവരെ വ്യക്തമല്ല.
ഐഫോൺ പുറത്തിറങ്ങിയിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. ഒരു ട്വിറ്റർ പോസ്റ്റിൽ (ഇപ്പോൾ എക്സ്) തന്റെ ഐഫോൺ 14 പ്രോയുടെ ബാറ്ററി ആരോഗ്യം ഒരു വർഷത്തിനുള്ളിൽ 88 ശതമാനമായി കുറഞ്ഞു എന്ന് വാൾ സ്ട്രീറ്റ് ജേർണൽ സീനിയർ ടെക് കോളമിസ്റ്റ് ജോവാന സ്റ്റേൺ അവകാശപ്പെട്ടു. ഇത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളും ജോവാന ഉയർത്തിയിട്ടുണ്ട്.
"ഞാൻ എന്റെ ഫോൺ വളരെയധികം ഉപയോഗിക്കുന്നതിനാലും ഇതിനകം 450 ചാർജ് സൈക്കിളുകൾ അടിച്ചതിനാലും ആണോ?! (അതാണ് ആപ്പിൾ സ്റ്റോർ പറയുന്നത്.) ഈ പ്രശ്നം, അതോ, ഫാസ്റ്റ് ചാർജിംഗിൽ നിന്നുള്ള ചൂടിൽ നിന്നാണോ? ബാറ്ററിക്ക് എന്തെങ്കിലും തകരാറുണ്ടോ?" എന്നും ജോവാന ചോദിക്കുന്നു. നോർമൽ ബാറ്ററിയെക്കുറിച്ചുള്ള ആപ്പിളിന്റെ പരാമർശങ്ങളും അവർ ഉദ്ധരിച്ചു.
സാധാരണ അവസ്ഥയിൽ പ്രവർത്തിക്കുമ്പോൾ 500 പൂർണ്ണ ചാർജ് സൈക്കിളുകളിൽ അതിന്റെ യഥാർത്ഥ ശേഷിയുടെ 80 ശതമാനം വരെ നിലനിർത്തുന്ന വിധത്തിലാണ് "നോർമൽ ബാറ്ററി" രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് വാറന്റി "തകരാറിലായ ബാറ്ററിക്ക് " പരിരക്ഷ നൽകുമെന്നും ആപ്പിൾ കുറിക്കുന്നു.

എക്സിലെ മറ്റൊരു ഉപയോക്താവ്, മൈൽസ്ബോവ്ടെക്, തന്റെ ഐഫോൺ 14 പ്രോ മാക്സ് ബാറ്ററിയുടെ ആരോഗ്യം 11 മാസത്തിനുള്ളിൽ 86 ശതമാനമായി കുറഞ്ഞതായി കുറിച്ചു. മീഷേലിനി എന്ന ഉപയോക്താവും ഐഫോൺ 14 മോഡലിൽ സമാനമായ പ്രശ്‌നം നേരിടുന്നതായി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഫോൺ ബാറ്ററി ആരോഗ്യം 89 ശതമാനമായി കുറഞ്ഞു.
ഇത്തരത്തിൽ ചില ആക്ഷേപങ്ങൾ ഉയർന്നെങ്കിലും വ്യാപകമായ രീതിയിൽ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മറുവശത്ത് ഐഫോൺ 14 പ്ലസ് 100% ബാറ്ററി കാണിക്കുന്നുണ്ട്. അതേപോലെ ഇപ്പോഴും 99 ശതമാനം ബാറ്ററി ഹെൽത്ത് കാണിക്കുന്ന ഐഫോൺ 14 മോഡലും ഉണ്ട്. ആവർത്തിച്ചുള്ള ചാർജിങ്ങിന് ശേഷം ബാറ്ററിയുടെ അവസ്ഥ പരിശോധിക്കാൻ ഉപയോക്താക്കൾക്കായി ആപ്പിൾ ബാറ്ററി ഹെൽത്ത് സെക്ഷൻ അവതരിപ്പിച്ചു.
ഐഫോൺ ബാറ്ററി ഹെൽത്ത് എങ്ങനെ പരിശോധിക്കാം: ബാറ്ററി ഹെൽത്ത് പരിശോധിക്കാനായി സെറ്റിങ്സ്> ബാറ്ററി> ബാറ്ററി ഹെൽത്ത് എന്നതിൽ ടാപ്പ് ചെയ്താൽ മതി. ഐഒഎസ് 16.1 അല്ലെങ്കിൽ അതിന് ശേഷമുള്ളവയിൽ, സെറ്റിങ്സ്> ബാറ്ററി> ബാറ്ററി ഹെൽത്ത് ആൻഡ് ചാർജിങ് എന്ന ഘട്ടങ്ങൾ പിന്തുടർന്നാൽ മതിയാകും. അതേസമയം ഇപ്പോഴുയർന്ന ബാറ്ററി ഹെൽത്ത് ഡ്രെയിനിംഗ് പരാതിയെപ്പറ്റി ആപ്പിളിതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications








