ഒരു വെറൈറ്റിക്ക് മഞ്ഞ പിടിച്ചാലോ! ഐഫോൺ 14 യെല്ലോ ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കുറവ്
ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട് ആപ്പിൾ അടുത്തിടെ തങ്ങളുടെ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നീ മോഡലുകൾ മഞ്ഞക്കളറിൽ വീണ്ടും പുറത്തിറക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മഞ്ഞ നിറത്തിലുള്ള ഐഫോണുകൾക്ക് വൻ ഡിസ്കൗണ്ടും ഓഫറുകളും പ്രഖ്യാപിച്ച് കച്ചവടം പൊടിപൊടിക്കുകയാണ് ഫ്ലിപ്പ്കാർട്ട്.
മഞ്ഞ നിറത്തോട് താൽപര്യമുള്ള ഐഫോൺ ആരാധകർക്കും നിറമേതായാലും ഫോൺ ഐഫോൺ 14 ആയാൽ മതി എന്ന് ആഗ്രഹിക്കുന്നവർക്കും 12000 രൂപയുടെ ഇളവുകളോടെ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഐഫോൺ 14 സ്വന്തമാക്കാൻ സാധിക്കും. 79,900 രൂപ വിലയിലാണ് ഇന്ത്യയിൽ ഐഫോൺ 14 എത്തിയത്.

എന്നാലിപ്പോൾ ഐഫോൺ 14 യെല്ലോ 7,901 രൂപ ഡിസ്കൗണ്ടോടെ 71,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ (ക്രെഡിറ്റ് നോൺ-ഇഎംഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ) ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപയുടെ ക്യാഷ്ബാക്കാണ് ഫ്ലിപ്പ്കാർട്ട് അധികമായി നൽകുന്നത്.
ഈ ക്യാഷ്ബാക്ക് കൂടി പ്രയോജനപ്പെടുത്തുമ്പോൾ ആകെ 11,901 രൂപ ലാഭിക്കാനും 67,999 രൂപ വിലയിൽ ഐഫോൺ സ്വന്തമാക്കാനും സാധിക്കും. ഐഫോൺ 14 യെല്ലോ വേരിയന്റ പുറത്തിറങ്ങിയശേഷം ഇതാദ്യമായാണ് ഐഫോൺ ഇത്രയും വിലക്കുറവിൽ ലഭ്യമായിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഈ വിലയിൽ ഐഫോൺ 14 യെല്ലോ ലഭ്യമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഐഫോൺ 14 പ്ലസ് മോഡലിനും ഫ്ലിപ്പ്കാർട്ടിൽ വിലക്കുറവ് ദൃശ്യമാണ്. 89,900 രൂപ വിലയുള്ള ഐഫോൺ 14 പ്ലസ് ഫ്ലിപ്പ് കാർട്ടിൽ ഇപ്പോൾ 79,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ മോഡൽ നിലവിൽ സ്റ്റോക്കില്ല എന്ന കാര്യവും ഇതോടൊപ്പം ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഐഫോൺ 14 സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നവർക്ക് സുവർണാവസരമാണ് ഈ ഫ്ലിപ്പ്കാർട്ട് ഓഫർ.
2022ൽ ലോഞ്ച് ചെയ്തപ്പോൾ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നീ മോഡലുകൾ മിഡ്‌നൈറ്റ് ( കറുപ്പ് ), സ്റ്റാർലൈറ്റ് (വെളുപ്പ്), ചുവപ്പ്, നീല, പർപ്പിൾ നിറങ്ങളിൽ ആണ് എത്തിയത്. 2023 മാർച്ചിലാണ് ആപ്പിൾ ഈ രണ്ട് മോഡലുകളും യെല്ലോ നിറത്തിൽ വീണ്ടും അവതരിപ്പിച്ചത്.
2022 ൽ എത്തിയ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയും 2023 ൽ ഇറങ്ങിയ മോഡലുകളും തമ്മിൽ നിറത്തിന്റെ കാര്യത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്. മറ്റ് ഫീച്ചറുകൾ എല്ലാം ഒരുപോലെ തന്നെയാണ്. പുതിയ നിറത്തിൽ വിപണിയിലെത്തിക്കുമ്പോൾ ഉണ്ടാകുന്ന തരംഗത്തിലൂടെ വിൽപ്പന വർധിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിട്ടത്.

ആപ്പിൾ ഇതിനു മുമ്പും തങ്ങളുടെ ചില ഐഫോൺ മോഡലുകൾ ഇത്തരത്തിൽ നിറം മാറ്റം വരുത്തി അവതരിപ്പിച്ചിട്ടുണ്ട്. ഐഫോൺ 12 സീരീസിനൊപ്പം, 2021 മാർച്ചോടെ ആപ്പിൾ ഒരു പുതിയ പർപ്പിൾ നിറമുള്ള ഐഫോൺ അവതരിപ്പിച്ചു. ഐഫോൺ 13 സീരീസിലും നിറം മാറ്റം ഉണ്ടായി. പച്ച നിറത്തിലേക്കായിരുന്നു ഐഫോൺ 13 ന്റെ മാറ്റം.
2019-ൽ ഐഫോൺ 11-ലും 2018-ൽ ഐഫോൺ എക്സ്ആറിലും ആപ്പിൾ മഞ്ഞ നിറം കൊണ്ടുവന്നിട്ടുണ്ട്. ഐഫോണുകളുടെ വിപണനത്തിനും വിൽപ്പന വർധിപ്പിക്കുന്നതിനും പുതിയ കളർ ഓപ്ഷനുകൾ സഹായിക്കാറുണ്ട്. അതിനാലാണ് പഴയപാത പിന്തുടർന്ന് ഈ വർഷം ഐഫോൺ 14 ലും ആപ്പിൾ യെല്ലോ പരീക്ഷണം നടത്തിയിരിക്കുന്നത്.


Click it and Unblock the Notifications