ആപ്പിൾ ആരാധകരേ... ഐഫോൺ 15 ന്റെ വർത്താനങ്ങൾ അറിഞ്ഞോ!
ഐഫോൺ 15 സീരിസ് ലോഞ്ചിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങുന്ന പുതിയ സീരിസിൽ എന്തെല്ലാം സവിശേഷതകൾ ഉണ്ടായിരിക്കും എന്ന് കാത്തിരിക്കുകയാണ് ഐഫോൺ ആരാധകർ. 15 സീരിസിൽ നാല് പുതിയ മോഡലുകളാണ് ഉണ്ടാകുക. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് ഈ മോഡലുകൾ.
6.1 ഇഞ്ച്, 6.7 ഇഞ്ച് എന്നിങ്ങനെയായിരിക്കും ഫോണുകളുടെ ഡിസ്പ്ലേ വലുപ്പം. ഐഫോൺ 15നും 15 പ്ലസിനും 6.1 ഇഞ്ച് വലുപ്പം ആയിരിക്കും ഉണ്ടാകുക. 15 പ്രോയുടെയും പ്രോ മാക്സിന്റെയും ഡിസ്പ്ലേയുടെ വലുപ്പം 6.7 ഇഞ്ച് ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൾ വാച്ച് അൾട്രയുടെ ഡിസൈനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 15 പ്രോ ഒരുങ്ങുകയെന്നും റിപ്പോർട്ടുണ്ട്.

15 പ്രോയുടെ ഡിസൈൻ സുതാര്യമാക്കുന്നതിനായി ആപ്പിൾ വാച്ച് അൾട്രാ എസ്ക്യൂവിന്റെ ടൈറ്റാനിയം ഫ്രെയിമിൽ ആയിരിക്കും ഫോൺ ഒരുങ്ങുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടൈറ്റാനിയത്തിന് സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം എന്നിവയേക്കാൾ ഭാരം കുറവാണ് എന്നതും മോടി കൂടുതൽ ഉണ്ട് എന്നതും ആണ് ഇത്തരം ഒരു ഡിസൈനിലേക്ക് കടക്കാൻ ആപ്പിളിനെ പ്രചോദിപ്പിക്കുന്നത്.
ഐഫോൺ 14മായി ധാരാളം സാമ്യതകൾ പുതിയ മോഡലിനും അവകാശപ്പെടാനുണ്ട്. 14 പ്രോയിൽ ആപ്പിൾ ഉപയോഗിച്ചിരുന്ന ഡൈനാമിക് ഐലൻഡ് ഷേപ്പ് ഷിഫ്റ്റിംഗ് കട്ട്ഔട്ട് 15 സീരിസിലെ എല്ലാ മോഡലുകളിലും ഉണ്ടാകും. ഐഫോൺ 15ന്റെ ബേസ് മോഡലും ടോപ് എൻഡ് മോഡലും തമ്മിൽ വലിയ വില വിത്യാസം ഉണ്ടാകും എന്നും പ്രതീക്ഷിക്കാം.
15 പ്രോ മാക്സിന്റെ മെയിൻ ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്ന സൂം ലെൻസാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത. പെരിസ്കോപ്പ് ശൈലിയിലുള്ള ടെലിഫോട്ടോ ലെൻസായിരിക്കും 15 പ്രോ മാക്സിൽ ഉണ്ടാകുക. ഇതിലൂടെ 6x ഒപ്റ്റിക്കൽ സൂം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 പ്രോ മാക്സിന്റെ സൂം ലെവൽ 3x മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ആപ്പിളിന് പുറമെ ചില സാംസങ്ങ് ഫോണിലും ബിൽറ്റ്-ഇൻ പെരിസ്കോപ്പ് ലെൻസുകൾ ഉപയോഗിച്ച് വരുന്നുണ്ട്.
എ 17 ബയോണിക് പ്രോസസർ ആയിരിക്കും 15 പ്രോയിലും പ്രോ മാക്സിലും ആപ്പിൾ അവതരിപ്പിക്കുക. ടിഎസ്എംസിയുടെ 3 എൻഎം പ്രോസസ്സ് ആണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ആപ്പിളിന്റെ മുൻതലമുറ ഫോണുകളിൽ ഉണ്ടായിരുന്ന U1 ചിപ്പിന് പകരം കൂടുതൽ മെച്ചപ്പെട്ട അൾട്രാ-വൈഡ്ബാൻഡ് (U2) ചിപ്പും ഇവയിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷ. അതേ സമയം 14 പ്രോയിൽ അവതരിപ്പിച്ചിരുന്ന എ 16 ബയോണിക്ക് പ്രോസസർ ആയിരിക്കും ഐ ഫോൺ 15ലും 15 പ്ലസിലും ആപ്പിൾ ഉപയോഗിക്കുക.
വയർലെസ് ഡാറ്റാ ട്രാൻസ്ഫർ വേഗത്തിലാക്കാൻ ഒരു പുതിയ 5G മോഡവും നാല് പുതിയ മോഡലുകളിൽ ഉപയോഗിക്കും. ചാർജിംഗ് പോർട്ട് ആണ് പുതിയ സീരിസുകളുടെ മറ്റൊരു പ്രധാന സവിശേഷത. യുഎസ്ബി ടൈപ്പ്-സി പോർട്ട് ആയിരിക്കും ചാർജിംഗിനായി പുതിയ മോഡലുകളിൽ ഉണ്ടാകുക ഫാസ്റ്റ് ചാർജിംഗ് കൂടുതൽ സുഗമമാക്കുന്നതിനായി ആപ്പിൾ-സർട്ടിഫൈഡ് കേബിൾ ഉപയോഗിക്കണമെന്നാണ് കമ്പനി ഉപഭോക്താക്കളോട് പറയുന്നത്.
അതേസമയം പുതിയ മോഡലുകൾക്ക് പഴയ മോഡലുകളെ അപേക്ഷിച്ച് വില വർദ്ധിക്കാൻ സാധ്യത ഉണ്ടെന്നും നിഗമനം ഉണ്ട്. നേരത്തെ യുഎസ് ഒഴികെയുള്ള അന്താരാഷ്ട്ര വിപണികളിൽ ഐഫോൺ 14 ന് വില വർധിച്ചിരുന്നു. പുതിയ മോഡൽ വിപണിയിൽ ഇറങ്ങുമ്പോൾ 200 ഡോളർ വരെ വില വ്യത്യാസം ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








