ഐഫോൺ ഉടമയാകാൻ റെഡിയല്ലേ; ഇന്നുതന്നെ പുത്തൻ ഐഫോൺ വാങ്ങാൻ വഴി തുറന്ന് ആമസോണും ഫ്ലിപ്പ്കാർട്ടും
സ്മാർട്ട്ഫോണുകളുടെ ലോകത്തെ പുതിയ രാജാവായി ഐഫോൺ 16 സീരീസിന്റെ പട്ടാഭിഷേകം ഇന്ന് വൈകിട്ട് (സെപ്റ്റംബർ 9ന്) ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കും. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് പുത്തൻ ഐഫോണുകൾ ഇന്ന് നടക്കുന്ന ഇറ്റ്സ് ഗ്ലോടൈം ഇവന്റിൽ അവതരിപ്പിക്കപ്പെടും. പുതിയ ആപ്പിൾ സ്മാർട്ട്ഫോണുകൾ കളത്തിലേക്ക് എത്തുന്നതിൽ ആരാധകർക്ക് രണ്ടുണ്ട് നേട്ടം. ഒന്ന് ഏറ്റവും പുതിയ ഫീച്ചറുകളും ടെക്നോളജി പിന്തുണകളുമുള്ള ഐഫോണുകൾ വിപണിയിൽ എത്തും എന്നത്. രണ്ടാമത്തേത് മുൻ ഐഫോൺ മോഡലുകൾക്ക് വില കുറയും എന്നത്.
ഐഫോൺ 16 സീരീസ് ലോഞ്ച് നടക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ തന്നെ മുൻഗാമികളായ ഐഫോൺ 15, ഐഫോൺ 14 സീരീസ് ഫോണുകളുടെ വില കുറഞ്ഞിരിക്കുന്നു. അതായത് പുതിയ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യന്ന ഇന്ന് തന്നെ വേണമെങ്കിൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട ഐഫോൺ 15 അല്ലെങ്കിൽ ഐഫോൺ 14 പുതിയതായി വൻ വിലക്കുറവിൽ വാങ്ങാം.

ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ഐഫോൺ 15, ഐഫോൺ 14 എന്നിവ ഇപ്പോൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ 15, ഐഫോൺ 14 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 79,900 രൂപ പ്രാരംഭ വിലയിലാണ്.
കഴിഞ്ഞ വർഷം ഐഫോൺ 15 എത്തിയപ്പോൾ 79,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 14ന്റെ വില 69,900 രൂപയായി കുറഞ്ഞു. അതേപോലെയാണ് ഇത്തവണ പുതിയ ഐഫോൺ 16 എത്തും മുൻപ് നിലവിലുള്ള ഐഫോൺ 15 മോഡലിന്റെ വില 79,900 രൂപയിൽ നിന്ന് ഇപ്പോൾ 69,900 ആയിരിക്കുന്നത്.

ഐഫോൺ 15 മോഡലിന്റെ വില കുറഞ്ഞതിന് ആനുപാതികമായി ഐഫോൺ 14 മോഡലിന്റെ വിലയും കുറഞ്ഞു. അതായത് കഴിഞ്ഞ വർഷത്തെ പുതിയ മോഡലുകൾ വന്ന ശേഷം 69,900 രൂപ വിലയിലേക്ക് എത്തിയ ഐഫോൺ 14 വില ഇപ്പോൾ ആമസോണിൽ 60,900 രൂപയിലേക്കും ഫ്ലിപ്പ്കാർട്ടിൽ പ്രത്യേക ഡിസ്കൗണ്ട് സഹിതം 57,999 രൂപയിലേക്കും എത്തിയിരിക്കുന്നു.
ഐഫോൺ 15, ഐഫോൺ 14 എന്നിവ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതിന് പുറമേ വില വീണ്ടും കുറയ്ക്കാൻ സഹായിക്കുന്ന ബാങ്ക് ഓഫറുകളും ആമസോണും ഫ്ലിപ്പ്കാർട്ടും നൽകുന്നുണ്ട്. ആമസോണിൽ നിലവിൽ ഐഫോൺ 15, 14 മോഡലുകൾക്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ഉള്ളത്.
ഫ്ലിപ്പ്കാർട്ടും നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയ്ക്ക് പുറമേ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഐഫോൺ 15, 14 മോഡലുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ ഓഫറുകൾ പ്രയോജനപ്പെടുത്തി ഇന്നുതന്നെ വേണമെങ്കിൽ പുതിയ ഐഫോൺ 15 അല്ലെങ്കിൽ ഐഫോൺ 14 സ്വന്തമാക്കാൻ അവസരമുണ്ട്. എന്നാൽ അൽപ്പം കൂടി കാത്തിരുന്നാൽ കുറച്ചുകൂടി വിലക്കുറവ് ഈ മോഡലുകൾക്ക് ലഭ്യമാകാൻ സാധ്യതയുണ്ട്.

പുതിയ ഐഫോണുകൾ ഒട്ടേറെ പുത്തൻ ഫീച്ചറുകളുമായി മുൻ മോഡലുകളെക്കാൾ ഏറെ നവീകരണത്തോടെയാണ് എത്തുന്നത്. അവയുടെ ലോഞ്ചിന് ശേഷം അതിലെ ഫീച്ചറുകൾ വിലയിരുത്തിയ ശേഷം ഏത് ഐഫോൺ മോഡൽ വാങ്ങണം എന്ന് തീരുമാനിക്കുന്നതും ഉചിതമായിരിക്കും. കാര്യമായ മാറ്റങ്ങൾ പുതിയ മോഡലിൽ ഇല്ലെങ്കൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മുൻ മോഡലുകൾ വാങ്ങുന്നതാകും ലാഭം. അതേസമയം ഫീച്ചറുകൾ മികച്ചതാണെങ്കിൽ അൽപ്പം വില കൂടുതൽ നൽകിയായാലും പുതിയ മോഡൽ സ്വന്തമാക്കുന്നതിൽ തെറ്റില്ല.


Click it and Unblock the Notifications