കൂപ്പൺ, എക്സ്ചേഞ്ച്, ബാങ്ക് ഡിസ്കൗണ്ടുകൾ ഇല്ല, എന്നിട്ടും ഐഫോൺ 15 ഈ വിലയിൽ കിട്ടും
ഇപ്പോൾ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൊന്നും പ്രത്യേക ഓഫർ സെയിലുകൾ നടക്കുന്നില്ല. അതിനാൽത്തന്നെ വൻ ഡിമാൻഡുള്ള സ്മാർട്ട്ഫോണുകളൊക്കെ കാര്യമായ ഡിസ്കൗണ്ട് ഇല്ലാതെയാണ് ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. പുതിയതായി നിരവധി പ്രീമിയം സ്മാർട്ട്ഫോണുകൾ ഇറങ്ങുന്നുണ്ട്, അവയ്ക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി ചില ഡിസ്കൗണ്ടുകൾ ലഭ്യമാകുന്നുമുണ്ട്. എന്നാൽ ഏതൊക്കെ ഫോണുകൾ വന്നാലും ഐഫോൺ സ്വന്തമാക്കണമെന്ന മോഹവുമായി നടക്കുന്നവരെ തൃപ്തിപ്പെടുത്താൻ ഐഫോൺ തന്നെ വേണം. നിലവിൽ മികച്ച ഐഫോൺ ഡീൽ തേടുന്ന ഉപയോക്താക്കൾക്ക് പരിഗണിക്കാൻ പാകത്തിൽ ഐഫോൺ 15 ആമസോണിൽ വളരെ മികച്ച ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഐഫോൺ 15 മോഡലിന്റെ 128GB അടിസ്ഥാന വേരിയന്റിന് നിലവിലെ ഔദ്യോഗിക വില 599000 രൂപയാണ്. എന്നാൽ യാതൊരു ബാങ്ക്, കൂപ്പൺ, എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളുടെയും സഹായമില്ലാതെ തന്നെ ഏകദേശം 50000 രൂപയോട് അടുത്ത വിലയിൽ ഐഫോൺ 15 ഇപ്പോൾ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്.

ആപ്പിൾ ഐഫോൺ 15 128GB ഗ്രീൻ കളർ വേരിയന്റ് നിലവിൽ 50900 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് കളർ വേരിയന്റുകൾക്ക് 1000 രൂപ വില കൂടുതലുണ്ട്. ഇവിടെ യാതൊരു ബാങ്ക് കാർഡുകളുടെയും സഹായമില്ലാതെ തന്നെ ഉപയോക്താവിന് ഇപ്പോൾ ഏതാണ്ട് 8,910 രൂപ ലാഭത്തിൽ ഐഫോൺ 15 സ്വന്തമാക്കാനാകും.
ഇതിൽ കൂടുതൽ വിലക്കുറവ് വേണമെങ്കിൽ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ലഭ്യമായ ക്യാഷ്ബാക്ക് ഓഫർ, അല്ലെങ്കിൽ എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവ പരിഗണിക്കാവുന്നതാണ്. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലെക്കാൾ വളരെ ലാഭത്തിലാണ് ആമസോൺ ഐഫോൺ 15 ഡീൽ മുന്നോട്ട് വച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഐഫോൺ 17 മോഡലിനെ അപേക്ഷിച്ച് നോക്കുമ്പോൾ രണ്ട് വർഷം പഴയ മോഡലാണ് ഐഫോൺ 15.

നിലവിൽ ലഭ്യമായ വിലയിൽ ഐഫോൺ 15 വാങ്ങണോ എന്ന് ചിന്തിച്ചാൽ അനുകൂലവും പ്രതികൂലവുമായ കാരണങ്ങൾ കാണാനാകും. അനുകൂലമായ കാരണങ്ങൾ, ഐഫോൺ 14 മോഡലിനെക്കാൾ മികച്ച ഡിസൈൻ സഹിതമാണ് ഈ മോഡൽ എത്തുന്നത്, കൂടാതെ മികച്ച ഈട് ഐഫോൺ 15 വാഗ്ദാനം ചെയ്യുന്നുണ്ട്. 6 മീറ്റർ ആഴത്തിൽ വരെ വെള്ളത്തിൽ മുങ്ങിക്കിടന്നാലും അതിനെ അതിജീവിക്കാൻ കഴിയുന്ന റേറ്റിംഗ് ഇതിനുണ്ട്.
ഐഫോൺ 14 മോഡലിനെ അപേക്ഷിച്ച്, നവീകരിച്ച ഇന്റർഫേസുള്ള മികച്ച ഡിസ്പ്ലേയും ഐഫോൺ 15യ്ക്ക് ഉണ്ട്. കൂടാതെ ഡൈനാമിക് ഐലൻഡും ഉണ്ട്. ലൈറ്റ്നിങ് പോർട്ടിന് പകരം, USB-C എത്തുന്നു എന്നതും ഐഫോൺ 15 മോഡലിന്റെ നേട്ടമാണ്. A16 ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഐഫോൺ 15 മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യും.
ദിവസം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്ന അത്യാവശ്യം മികച്ച ബാറ്ററി ശേഷിയും ഐഫോൺ 15 വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ, ഇതിലെ 48MP മെയിൻ ക്യാമറ പകൽ വെളിച്ചത്തിൽ നല്ല ഡൈനാമിക് റേഞ്ചുള്ള ഷാർപ് ചിത്രങ്ങൾ നൽകും. വീഡിയോ നിലവാരവും മികച്ച രീതിയിൽ തുടരുന്നു. സിനിമാറ്റിക് മോഡ്, ആപ്പിളിന്റെ സ്റ്റെബിലൈസേഷൻ സാങ്കേതികവിദ്യ തുടങ്ങിയവയുടെ അകമ്പടി വീഡിയോകളുടെ മികവ് വർധിപ്പിക്കുന്നു.

ഇനി ഐഫോൺ 15 ഈ വിലയിൽ വാങ്ങുന്നതിന് പ്രതികൂലമായി എന്തെങ്കിലും കാരണങ്ങൾ അന്വേഷിച്ചാൽ, A18 ചിപ്പ്, 8GB റാം, പുതിയ C1 മോഡം എന്നിവ സഹിതം എത്തുന്ന ഐഫോൺ 16e കുറച്ചുകൂടി മികച്ച പെർഫോമൻസ് വാഗ്ദാനം നൽകും എന്നത് പരിഗണിക്കാം. കൂടാതെ ആപ്പിൾ ഇന്റലിജൻസ് എഐ ഫീച്ചറുകളുടെ പിന്തുണയും 16e മോഡലിനുണ്ട്.
ഐഫോൺ 15യിലെ 60Hz ഡിസ്‌പ്ലേയും സ്ലോ ചാർജിംഗും കാലഹരണപ്പെട്ടവയാണ് എന്നതാണ് മറ്റൊരു പ്രതികൂല കാരണം, ഐഫോൺ 15 ഒരു പ്രീമിയം മോഡലാണ് എങ്കിലും ഒരു ടെലിഫോട്ടോ ലെൻസിന്റെ അഭാവവും ഒരു ന്യൂനതയാണ്. മാത്രമല്ല ഇതിലെ അൾട്രാവൈഡ് ക്യാമറയിൽ ആപ്പിൾ ഓട്ടോഫോക്കസും ഒഴിവാക്കിയിട്ടുണ്ട് എന്നതും ഒരു നെഗറ്റീവാണ്. ഇതൊക്കെയാണെങ്കിലും താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാം.


Click it and Unblock the Notifications








