ദുബായിലുള്ള അളിയനോട് ഐഫോൺ 15 പ്രോ മാക്സ് കൊണ്ടുവരാൻ പറയണോ? അതോ ഹോങ്കോങ്ങിൽ പോയി വാങ്ങണോ! ലാഭ 'വഴി'
പുതിയ ഐഫോൺ സീരീസ് പുറത്തിറങ്ങുമ്പോഴെല്ലാം നിരവധി മലയാളികൾ ആലോചിക്കുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയിൽ ഐഫോണുകൾക്ക് വില വളരെ കൂടുതലാണ്. അടുത്തുള്ള മറ്റ് ഏതെങ്കിലും രാജ്യത്തുനിന്ന് വാങ്ങിയാൽ നല്ല ലാഭത്തിൽ വാങ്ങാൻ കഴിയില്ലേ എന്നാണ് അത്. ഇപ്പോൾ ഐഫോൺ 15 ലോഞ്ച് ആയിരിക്കുകയാണ്.
പുതിയ ഐഫോൺ സീരീസ് എവിടെ നിന്നാണ് ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുക എന്ന ചോദ്യം പലരും ആരംഭിച്ചുകഴിഞ്ഞു. മലയാളികൾ ഏറെയുള്ള നാടാണ് ദുബായ്. ഇന്ത്യയിലെക്കാൾ വൻ വിലക്കുറവിൽ ദുബായിൽനിന്ന് ഐഫോൺ വാങ്ങാം എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. അതല്ല, ഹോങ്കോങ്ങിൽ നേരിട്ട് പോയി വാങ്ങുന്നതാണ് ലാഭമെന്ന് മറ്റുചിലർ.

ഇന്ത്യയിലെ നിരക്കും ഈ രാജ്യങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്താൽ ഇത് ശരിയാണെന്ന് ആർക്കും തോന്നും. ഇന്ത്യൻ രൂപയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിൽ ഈ രാജ്യങ്ങളിൽ ഐഫോൺ ലഭ്യമാകും. എല്ലാത്തവണയും ഇന്ത്യയിലെ വിലയും മറ്റ് രാജ്യങ്ങളിലെ വിലയും താരതമ്യം ചെയ്ത് മനക്കണക്കുകൾ കൂട്ടി സ്വപ്നം കാണുന്ന ആളുകൾ ഉണ്ടാകാറുണ്ട്, ഇത്തവണയുമുണ്ട്.
മറ്റുരാജ്യങ്ങളിലെ വിലയുമായി ഇന്ത്യൻ വിലയെ താരതമ്യം ചെയ്യുന്നത് സാങ്കൽപ്പികമാണ്. എന്നാൽ ഇത്തരമൊരു കണക്കുകൂട്ടൽ ഏറെ രസകരമാണ് താനും. ഇന്ത്യയിൽ നിന്ന് ഹോങ്കോങ്കിൽ പോയി ഐഫോൺ 15 പ്രോ മാക്സ് വാങ്ങുന്നതിന്റെ സാധ്യതകൾ എങ്ങനെയാണ് എന്ന് ഒരു കൗതുകത്തിനായി നോക്കാം. ഇന്ത്യയിൽ വളരെ ചെലവേറിയ ഐഫോൺ 15 പ്രോ മാക്‌സിന്റെ തന്നെ കാര്യമെടുക്കാം.
ഇന്ത്യക്കാർക്ക് ഹോങ്കോങ്ങിലേക്കോ ദുബായിലേക്കോ പറക്കാനും അവിടെ കുറച്ച് സമയം ചിലവഴിക്കാനും തുടർന്ന് വാങ്ങി മടങ്ങാനും ഏറ്റവും അനുയോജ്യം വിലക്കൂടിയ ഐഫോൺ 15 പ്രോ മാക്സ് ആണ്. അതിന്റെ സാങ്കൽപ്പിക കണക്കുകൂട്ടൽ എങ്ങനെയുണ്ടെന്ന് നോക്കാം. വേറൊരു രീതിയിൽ പറഞ്ഞാൽ, ഐഫോൺ 15 പ്രോ മാക്‌സ് ഏറ്റവും ലാഭത്തിൽ വാങ്ങാനുള്ള വഴി എന്താണ് എന്ന് നോക്കാം.
ആദ്യം ഐഫോൺ 15 പ്രോ മാക്സിന്റെ ഇന്ത്യയിലെയും ഹോങ്കോങ്ങിലെയും വില നോക്കാം. ആപ്പിൾ വെബ്‌സൈറ്റ് വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ ഐഫോൺ 15 പ്രോ മാക്‌സിന്റെ അടിസ്ഥാന വേരിയന്റായ 256 ജിബി സ്റ്റോറേജിന് 1,59,900 രൂപയാണ് വില. പ്രോ മാക്‌സ് 512 ജിബിക്ക് 1,79,900 രൂപയും 1 ടിബി വേരിയന്റിന് 1,99,900 രൂപയും ഇന്ത്യയിൽ വിലവരും.
അതേസമയം, ഇതേ ഫോണിന്റെ ഏറ്റവും കുറഞ്ഞ വേരിയന്റിന്, അതായത് ഐഫോൺ 15 പ്രോ മാക്സ് 256 ജിബി സ്റ്റോറേജ് മോഡലിന് ഹോങ്കോങ്ങിലെ വില 10199 ഹോങ്കോങ് ഡോളർ ആണ്. ഇന്ത്യൻ രൂപയിലേക്ക് മാറുമ്പോൾ ഇത് ഏകദേശം 1,08,058 രൂപ വരും. അതായത് ഇന്ത്യൻ വിലയെക്കാൾ 50000 രൂപയോളം കുറവ്.
ഇനി ഈ 50000 രൂപ ലാഭം വച്ചുകൊണ്ട് സാങ്കൽപ്പിക കണക്കുകൂട്ടൽ തുടരാം. ഹോങ്കോങ്ങിന് പോണമെങ്കിൽ തീർച്ചയായും ഫ്ളൈറ്റ് ബുക്ക് ചെയ്യണം. അതിന് ചെലവുണ്ട്. സെപ്‌റ്റംബർ 29-ന് ഡൽഹിയിൽ നിന്ന് ഹോങ്കോങ്ങിലേക്കുള്ള വില പരിശോധിച്ചപ്പോൾ എയർ ഇന്ത്യ ഫ്ലൈറ്റിന് 28,138 രൂപ ചെലവ് വരുമെന്ന് കണ്ടു. മറ്റ് ഫ്ലൈറ്റ് സർവീസുകളും ഉണ്ടെങ്കിലും എയർഇന്ത്യയാണ് ലാഭം.
ടിക്കറ്റ് ചെലവ് കഴിഞ്ഞാൽ അടുത്തുവരുന്ന ചെലവ് താമസ സൗകര്യമാണ്. ട്രാവൽ വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ, ഹോങ്കോങ്ങിൽ ഒരു രാത്രിക്ക് ഏകദേശം 3000 രൂപ മുതൽ 5000 രൂപ വരെ നിരക്കിൽ 3-സ്റ്റാർ താമസസൗകര്യം എളുപ്പത്തിൽ ലഭ്യമാകുമെന്ന് കാണാൻ സാധിക്കും. രണ്ട് ദിവസത്തെ താമസത്തിനായി 8000 മുതൽ 10000 രൂപ വരെ ചെലവഴിക്കാം.
മറ്റ് ചിലവുകൾക്കായി അപ്പോഴും 10,000- 12,000 രൂപ നമ്മുടെ കൈയിൽ ബാക്കിയുണ്ടാകും. ചുരുങ്ങിയ ചിലവിൽ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റാനും അത്യാവശ്യം മറ്റ് ചിലവുകൾക്കും അത് ധാരാളമാണ്. വാങ്ങിയ ഐഫോൺ 15 പ്രോ മാക്സിൽ കിടിലൻ പടങ്ങളുമെടുത്ത് ഒരു ട്രിപ്പ് ആഘോഷിച്ച സന്തോഷത്തിൽ തിരിച്ചെത്താം.
ഹോങ്കോങ്ങിലെപ്പോലെ ദുബായി പോയി ഐഫോൺ 15 പ്രോ മാക്സ് വാങ്ങിയാലും ലാഭമാണ്. എന്നാൽ, ഹോങ്കോങ്ങിനെ അപേക്ഷിച്ച് ദുബായിൽ വില അൽപ്പം കൂടുതലാണ്. ( ഏകദേശം 1.15 ലക്ഷം രൂപ ). ഐഫോണുകളുടെ വാറന്റി ആഗോള ലെവലിലുള്ളതാണ്. ലോകത്തെവിടെ നിന്ന് വാങ്ങിയാലും ആപ്പിൾ വാറന്റി നൽകും.
ഐഫോൺ 15 പ്രോ മാക്സ് വാങ്ങാൻ രാജ്യത്തിന് പുറത്തുപോണം എന്നല്ല ഈ പറഞ്ഞുവരുന്നത്. ഇത് വെറുതേ ഒരു കണക്കുകൂട്ടൽ മാത്രമാണ്. രാജ്യത്തിന് പുറത്തുപോയി പുതിയ ഐഫോൺ വാങ്ങാൻ നോക്കിയാൽ വിസ, എൻട്രി ഫീ തുടങ്ങി മറ്റ് പല ചെലവുകളും അതോടൊപ്പം കണക്കാക്കേണ്ടിവരും.

ഐഫോൺ 15 പ്രോ മാക്സിന് മറ്റ് പല രാജ്യങ്ങളിലും ഉള്ളതിനെക്കാൾ വില കൂടുതലാണ് ഇന്ത്യയിൽ എന്നത് മാത്രമാണ് ഇവിടെ മനസിലാക്കാനുള്ളത്. എന്നാൽ അതേസമയം തന്നെ ഐഫോൺ 15 പ്രോ മാക്സിന് ഇന്ത്യയിലെക്കാൾ വിലയുള്ള രാജ്യങ്ങളും ഉണ്ട്. അതിന് ഒരു ഉദാഹരണമാണ് ബ്രസീൽ.
ഈ പറഞ്ഞ കണക്കുകൂട്ടലുകൾ സാങ്കൽപ്പികമാണ്, എങ്കിലും ഈ പറഞ്ഞതിൽ ഏതെങ്കിലും ഒരു രാജ്യത്തുനിന്ന് വാങ്ങുക എന്നത് ഐഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള എളുപ്പവഴികളിലൊന്നാണ്. എന്നാൽ അതിനായി പോയി വാങ്ങണമെന്നില്ല, സുഹൃത്തുക്കൾ വഴിയോ ബന്ധുക്കൾ വഴിയോ വാങ്ങുക എന്നതാണ് അത്. വിദേശത്തുനിന്ന് ഐഫോൺ വാങ്ങുമ്പോൾ മുൻപ് ഇ-സിം എന്നത് ഒരു വെല്ലുവിളയായിരുന്നു.
എന്നാൽ, ഇപ്പോൾ ജിയോ, എയർടെൽ, വിഐ എന്നിവയെല്ലാം ഇ-സിം സംവിധാനത്തെ പിന്തുണയ്ക്കുന്നുണ്ട്. അതിനാൽ ആ പേടിയും വേണ്ട. ആ സ്ഥിതിക്ക്, ചിന്തിച്ചിരിക്കാതെ, വിദേശത്തുള്ള ബന്ധുക്കളെ ഒക്കെ വിളിച്ച് ഒന്ന് സൗഹൃദം പുതുക്കി വയ്ക്കാം. എങ്ങാനും ഉപകാരപ്പെട്ടാലോ! പക്ഷേ, ഇതിന്റെ പേരിൽ വിദേശ സുഹൃത്തുക്കളെ ചൂഷണം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക ( ഫോണിന്റെ കാശ് കൊടുക്കണമെന്ന്).


Click it and Unblock the Notifications