ഐഫോണിൽ വല്ല മാറ്റവും ഉണ്ടോന്ന് ചോദിച്ചില്ലേ, ഉണ്ട്! റിയർഗ്ലാസ് റീപ്ലേസ്മെന്റ് ചെലവിൽ ഒരു ഫോൺകൂടി വാങ്ങാം
ഐഫോൺ 15 സീരീസ് അവതരിപ്പിക്കപ്പെട്ടതു മുതൽ ആപ്പിളിനെയും പുതിയ ഐഫോൺ മോഡലുകളെയും പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഐഫോൺ 14 മോഡലുകളെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളൊന്നും 15 സീരീസ് മോഡലുകൾക്ക് പറയാനില്ലെന്നും പ്രതീക്ഷയ്ക്കൊത്ത ഒരു മികവ് ആപ്പിളിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നുമാണ് പലരും പറയുന്നത്.
പുതിയ ചിപ് പോലുള്ള ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ മുൻ പ്രോ മോഡലുകളെ അപേക്ഷിച്ച് എന്ത് മാറ്റമാണ് പുതിയ ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് മോഡലുകളിൽ ഉള്ളത് എന്നും ആൻഡ്രോയിഡ് പ്രേമികൾ ഐഫോൺ ആരാധകരെ കളിയാക്കിക്കൊണ്ട് ചോദിക്കുന്നു.

പ്രോ മോഡലുകൾ ഉൾപ്പെടെയുള്ള പുതിയ ഐഫോൺ 15 സീരീസിലെ ഫോണുകളുടെ പ്രത്യേകതകൾ ഇതിനകം പലതവണ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ഉപയോക്താക്കൾക്ക് വൻ ലാഭം നൽകുന്ന ഒരു മാറ്റം പുതിയ ഐഫോൺ പ്രോ മോഡലുകളിൽ ഉണ്ടായിട്ടുണ്ട് എന്നാണ് ആപ്പിളിൽ നിന്നും അറിയാൻ കഴിയുന്നത്.
ഐഫോൺ 15 പ്രോ മോഡലുകളുടെ റിയർ ഗ്ലാസ് റീപ്ലേസ്മെന്റ് നിരക്ക് ഐഫോൺ 14 പ്രോ മോഡലുകളെ അപേക്ഷിച്ച് ഇപ്പോൾ 60 ശതമാനം കുറഞ്ഞു എന്നാണ് ആപ്പിൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആപ്പിളിന്റെ ഐഫോണുകൾ വാങ്ങാൻ മാത്രമല്ല, റിപ്പയറിങ്ങിനും വൻ തുക വേണ്ടിവരാറുണ്ട്. പാർട്സുകൾക്ക് ഉൾപ്പെടെ ഉയർന്ന വിലയാണ് ആപ്പിൾ ഈടാക്കിയിരുന്നത്.
എന്നാൽ അതിൽ വലിയൊരു മാറ്റം ഇത്തവണ ഉണ്ടായിട്ടുണ്ട്. പുതിയ ഹൈ-എൻഡ് ഓഫറുകളായ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയുടെ ഇന്ത്യയിലെ ചെലവ് കുറഞ്ഞ അറ്റകുറ്റപ്പണികൾക്കായി ആപ്പിൾ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു എന്നാണ് റിപ്പോർട്ട്. ഇതിൻ പ്രകാരം ഐഫോൺ 15 പ്രോ മോഡലുകളുടെ റിയർഗ്ലാസ് റീപ്ലേസ്മെന്റ് ചെലവ് വൻതോതിൽ കുറയും.
ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ റിയർഗ്ലാസ് റീപ്ലേസ്മെന്റിന് യഥാക്രമം 52,900 രൂപയും 59,900 രൂപയും ആയിരുന്നു നിരക്ക്. അതായത് ഒരു പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വാങ്ങുന്ന തുക വേണ്ടിവരുമായിരുന്നു ഇവയുടെ റിയർ ഗ്ലാസ് റീപ്ലേസ്മെന്റിന്. എന്നാൽ ഇപ്പോൾ ആ രീതിയിൽ വൻ മാറ്റം ഉണ്ടായിട്ടുണ്ട്.
ഐഫോൺ 15 പ്രോ റിയർ ഗ്ലാസ് മാറ്റിസ്ഥാപിക്കുന്നതിന് ഇപ്പോൾ വെറും 14,900 രൂപ മാത്രമേ ചിലവാകൂ. അതേസമയം, കുറച്ചുകൂടി വലിയ ഐഫോൺ 15 പ്രോ മാക്‌സ് റിയർ ഗ്ലാസ് മാറ്റിസ്ഥാപിക്കുന്നതിന് 16,900 രൂപ നൽകേണ്ടിവരുമെന്ന് ആപ്പിളിന്റെ ഔദ്യോഗിക സപ്പോർട്ടിങ് വെബ്‌സൈറ്റ് വെളിപ്പെടുത്തി.
ആപ്പിൾ കെയർ പ്ലസ് കവറേജ് ഉള്ളവർക്ക്, മോഡൽ പരിഗണിക്കാതെ, നാമമാത്രമായ 2,500 രൂപയാണ് റിപ്പയർ ഫീസ്. മുൻ മോഡലുകളെ അപേക്ഷിച്ച് ആപ്പിൾ റിപ്പയർ ചെലവിൽ ഏതാണ്ട് 60 ശതമാനം കുറവാണ് ഇപ്പോൾ ആപ്പിൾ വരുത്തിയിരിക്കുന്നത്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു മാറ്റമാണ്.
മുൻപ് റിയർ പാനൽ മാറ്റാൻ ചെലവായിരുന്ന തുകയ്ക്ക് ഇന്ന് വേണമെങ്കിൽ ഒരു ആൻഡ്രോയിഡ് ഫോൺതന്നെ വാങ്ങാം. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയുടെ നിർമ്മാണത്തിൽ ആപ്പിൾ കൊണ്ടുവന്ന പുതിയ മാറ്റമാണ് ഈ റിപ്പയൻ നിരക്ക് കുറവിന് കാരണമായിരിക്കുന്നത്.
ഉയർന്ന റിപ്പയർ ചെലവ് മൂലം പ്രോ മോഡലുകൾ എടുക്കാൻ മടിച്ചിരുന്നവർക്ക്, ആ പേടി കൂടാതെ ഐഫോൺ 15 പ്രോ മോഡലുകൾ വാങ്ങാം. റിപ്പയർ ചെലവ് കുറയ്ക്കാനുള്ള നടപടികൾ മുൻപേ ആപ്പിൾ ആരംഭിച്ചിരുന്നു. 2022 സെപ്റ്റംബറിൽ 'ഫാർ ഔട്ട്' ഇവന്റിൽ അവതരിപ്പിച്ച ഐഫോൺ 14, 14 പ്ലസ് മോഡലുകൾ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാവുന്ന ഗ്ലാസ് പാനലുകളോടെയാണ് എത്തിയത്.

ഈ വർഷം ഡിസൈൻ നവീകരണം പുതിയ പ്രോ മോഡലുകളിലേക്കും കൊണ്ടുവന്ന് ആപ്പിൾ റിപ്പയർ ചെലവ് കുറയ്ക്കുന്നതിൽ നിർണായക ചുവടുവച്ചു. ഐഫോൺ 14 പ്രോ മോഡലുകളിൽനിന്ന് ഇത്തവണ അവതരിപ്പിക്കപ്പെട്ട ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയിലെത്തുമ്പോൾ സംഭവിച്ച പ്രധാന മാറ്റങ്ങളിലൊന്ന് സ്റ്റെയിൻലെസ് സ്റ്റീൽ മെറ്റീരിയലിന് പകരം ടൈറ്റാനിയം ചേസിസ് നൽകിയെന്നതാണ്.
ടൈറ്റാനിയത്തിലേക്കുള്ള ഈ മാറ്റം റിപ്പയർ ചെലവുകൾ കുറയ്ക്കുക മാത്രമല്ല, ഈ മോഡലുകളുടെ ഈടും ബിൽഡ് ക്വാളിറ്റിയും വർദ്ധിപ്പിക്കുന്നു. റിപ്പയർ നിരക്ക് കുറച്ച ആപ്പിളിന്റെ ഈ നീക്കം വലിയൊരു മാറ്റം തന്നെയാണ്. സാമ്പത്തികഭാരം കുറയ്ക്കുന്നതിനൊപ്പം ഇ-മാലിന്യങ്ങൾ കുറയ്ക്കാനും ഉപകരണം ദീർഘനാൾ ഉപയോഗിക്കാനും ഈ നീക്കം സഹായിക്കുന്നു.


Click it and Unblock the Notifications








