ഐഫോൺ 15 രാജ്യത്ത് വിൽപനയ്ക്കെത്തി, സ്റ്റോറുകളിൽ വൻ തിരക്ക്; വിലക്കുറവിൽ വാങ്ങാൻ ഇക്കാര്യങ്ങൾ ചെയ്യുക
ആപ്പിളിന്റെ പുതിയ ഐഫോൺ സീരീസ് ഇന്ന് മുതൽ രാജ്യത്ത് ലഭ്യമാകും. ഫോൺ പ്രീ ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ ഫോൺ ലഭിക്കുന്നതാണ്. ഇതിന് പുറമെ ആപ്പിളിന്റെ സ്റ്റോറുകളിൽ നിന്നും ഇന്ന് മുതൽ ഫോണുകൾ സ്വന്തമാക്കാവുന്നതാണ്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് പുതിയ ഫോണുകൾ.
നിലവിൽ രാജ്യത്ത് ഡൽഹിയിലും മുംബൈയിലും മാത്രമാണ് ആപ്പിളിന് ഔദ്യോഗിക സ്റ്റോർ ഉള്ളത്. രാവിലെ 8 മണി മുതലാണ് ഇവിടെ വിൽപന ആരംഭിച്ചത്. ഫോൺ വാങ്ങാനായി ഉപഭോക്താക്കളുടെ വലിയ നിരയാണ് ഈ സ്റ്റോറുകൾക്ക് മുന്നിൽ കാണാൻ സാധിക്കുന്നത്. യുഎസ് മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ ഫോൺ വിൽപനയ്ക്കെത്തുന്ന ദിവസം തന്നെ ഇന്ത്യയിലും പുതിയ ഫോൺ വിൽപനയ്ക്കെത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

നേരത്തെ യൂറോപ്യൻ വിപണികളിൽ എത്തി ഏകദേശം ഒരു മാസത്തോളം കാത്തിരുന്നാൽ മാത്രമായിരുന്നു പുതിയ ഐഫോണുകൾ ഇന്ത്യയിൽ എത്തിയിരുന്നത്. എന്നാൽ ഇത്തവണ പുതിയ ഫോണുകൾ ഇന്ത്യയിൽ നിർമ്മിച്ചിരിക്കുന്നത് എന്നതും രാജ്യത്ത് ഐഫോൺ ആദ്യമെത്താൻ കാരണമായി. ഇന്ത്യയിൽ നിർമ്മിച്ച ഫോണുകൾ ഇവിടെ വിൽക്കുന്നതിന് ഒപ്പം കയറ്റി അയയ്ക്കാനും ഉപയോഗിക്കുന്നതാണ്. ഫാക്സോൺ എന്ന കമ്പനിയാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്. ചെന്നൈയിലാണ് ഇവരുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
അതേ സമയം പുതിയ ഐഫോണിനെ വരവേൽക്കാൻ ഡൽഹിയിലെ സ്റ്റോറിൽ വൻ ജനക്കൂട്ടമാണ് കാണാൻ സാധിച്ചത്. ഡൽഹിയുടെ സെലക്ട് സിറ്റി വാൽക്കിൽ ഉള്ള ആപ്പിൾ സ്റ്റോറിൽ ഫോൺ വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് കാണാൻ സാധിച്ചത്. പുലർച്ചെ നാല് മണി മുതൽ ഇവിടെ ആളുകൾ എത്തി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യം ഐഫോൺ 15 സ്വന്തമാക്കാൻ ആയി ജനം ഇരച്ച് എത്തുകയാണ് ഇവിടെ.

ഇന്ത്യൻ മാർക്കറ്റിൽ പുതിയ ഫോണുകളുടെ വിലകൾ എന്താണെന്ന് പരിശോധിക്കാം. ഐഫോൺ 15 സ്റ്റാന്റേർഡ് മോഡലിന്റെ 128 ജീബി സ്റ്റോറേജ് പതിപ്പിന് 79,900 രൂപയാണ് വില. 256 ജീബി, 512 ജീബി എന്നി പതിപ്പുകൾക്ക് യഥാക്രമം 89,900 രൂപ, 1,09,900 രൂപ എന്നിങ്ങനെയാണ് വില. 15 പ്ലസിന് ആകട്ടെ 89,900 രൂപ നൽകിയാൽ ഫോണിന്റെ 128 ജീബി സ്റ്റോറേജ് പതിപ്പ് സ്വന്തമാക്കാവുന്നതാണ്.
ഫോണിന്റെ 256 ജീബി, 512 ജീബി എന്നി പതിപ്പുകൾക്ക് യഥാക്രമം 99,900 രൂപ, 1,19,900 രൂപ എന്നിങ്ങനെയാണ് വില. ഇനി പ്രോ മോഡലുകളുടെ വിലകൾ പരിശോധിക്കാം. 1,34,900 രൂപയാണ് 15 പ്രോയുടെ 128 ജീബി വേരിയന്റിന്റെ വില. 256 ജീബി സ്റ്റോറേജ് ഫോൺ സ്വന്തമാക്കാൻ 1,44,900 രൂപ മുടക്കേണ്ടി വരും. 512 ജീബി, 1 ടീബി സ്റ്റോറേജ് എന്നിവയുടെ വില യഥാക്രമം 1,64,900 രൂപ, 1,84,900 രൂപ എന്നിങ്ങനെയാണ്.
പുതിയ സീരീസിലെ ഏറ്റവും ടോപ് എൻഡ് മോഡലായ ഐഫോൺ 15 പ്രോ മാക്സിന്റെ വില പരിശോധിക്കുമ്പോൾ 1,59,900 രൂപയാണ് ഫോണിന്റെ 256 ജീബി സ്റ്റോറേജ് പതിപ്പിന് മുടക്കേണ്ടി വരുന്നത്. 512 ജീബി പതിപ്പിന് 1,79,900 രൂപയും 1 ടീബി പതിപ്പിന് 1,99,900 രൂപയുമാണ് വില വരുന്നത്. എന്നാൽ പുതിയ ഫോണിനായി നിരവധി ഓഫറുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
പുതിയ ഫോൺ പ്രോ മോഡലുകൾ വാങ്ങാനായി എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 6,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുമെന്ന് ആപ്പിൾ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. നോൺ-പ്രോ മോഡലുകൾക്ക് 5000 രൂപയുടെ കിഴിവ് ആയിരിക്കും ഇത്തരത്തിൽ ലഭിക്കുക. ഈ ഓഫർ ഐഫോണിന്റെ 14 സീരീസ് ഫോണുകൾക്കും ലഭിക്കുന്നതാണ്. ഇതിന് പുറമെ മികച്ച എക്സ്ചേഞ്ച് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഐഫോൺ 14 പ്രോ മാക്സ് എക്സ്ചേഞ്ച് ചെയ്താൽ ഐഫോൺ 15 സീരീസ് ഫോണിന് 67,800 രൂപ വരെ കിഴിവ് ലഭിക്കുന്നതായിരിക്കും. 14 പ്രോയ്ക്ക് 64,500 രൂപ 14 പ്ലസിന് 42,500 രൂപ 14 സ്റ്റാന്റേർഡ് മോഡലിന് 40,000 രൂപ എന്നിങ്ങനേയും പരമാവധി കിഴിവ് ലഭിക്കും. ഐഫോൺ 13, 12 സീരീസ് ഫോണുകൾക്കും ഇത്തരത്തിൽ കിഴിവ് ലഭിക്കുന്നതാണ്. ഇതിന് പുറമെ ചില ആൻഡ്രോയിഡ് ഫോണുകൾക്കും ഈ എക്ചേഞ്ച് കിഴിവ് ലഭിക്കുന്നതായിരിക്കും.


Click it and Unblock the Notifications