ഐഫോൺ 15 കൂടുതൽ രാജ്യങ്ങളിലേക്കും എത്തുക സിം കാർഡ് ട്രേ ഇല്ലാതെ, ഇന്ത്യയുടെ കാര്യം കണ്ടറിയണം!
സ്മാർട്ട്ഫോണുകളുടെ ലോകത്തെ രാജാക്കന്മാരാണ് ഐഫോണുകൾ. ഐഫോൺ പരമ്പരയിൽ പുറത്തിറങ്ങുന്ന ഓരോ സ്മാർട്ട്ഫോണും ലോകമാകെ വൻ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോകാറുള്ളത്. ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ഐഫോൺ 14 സൃഷ്ടിച്ച ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാൽ ഐഫോണിലെ പുത്തൻ തലമുറയായ ഐഫോൺ 15 സീരീസ് പുറത്തിറങ്ങും.
എന്നാൽ ഐഫോൺ 15ന്റെ ലോഞ്ചിന് മാസങ്ങൾ ശേഷിക്കെ, വരാനിരിക്കുന്ന ഫോണിന്റെ ഫീച്ചറുകളും വിശേങ്ങളും മാറ്റങ്ങളും സംബന്ധിച്ച ചർച്ചകളെല്ലാം ചൂടുപിടിച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾക്ക് എണ്ണപകർന്ന് ഐഫോൺ 15 നെ സംബന്ധിക്കുന്ന വിവരങ്ങൾ ഇടയ്ക്കിടെ ചോരാറുമുണ്ട്. മുൻഗാമികളിൽനിന്ന് നിരവധി മാറ്റങ്ങളുമായാണ് ഐഫോൺ 15 എത്തുക എന്നാണ് വിലയിരുത്തൽ.

വരാനിരിക്കുന്ന ഐഫോൺ 15 സീരീസിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളുടെ ഒരു നീണ്ട നിരതന്നെ ഇതിനോടകം അഭ്യൂഹങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സ്ഥിരീകരിക്കപ്പെടാത്ത ഐഫോൺ 15 ഫീച്ചറുകളുടെ നിരയിലേക്ക് ഒരു പുതിയ വാർത്തകൂടി എത്തിയിരിക്കുകയാണ്. ഐഫോൺ 15 സീരീസ് സിം കാർഡ് ട്രേകൾ ഉപേക്ഷിച്ചാകും കൂടുതൽ രാജ്യങ്ങളിലേക്കും എത്തുക എന്നതാണ് പുതിയ വാർത്ത.
ഇ-സിം കണക്ടിവിറ്റി മാത്രമുള്ള ഐഫോണുകൾ അമേരിക്കയ്ക്ക് പുറത്തേക്കും ഇത്തവണ എത്തുമെന്നും ഐഫോൺ 15 സീരീസിൽ നിന്ന് സിം കാർഡ് ട്രേകൾ പൂർണ്ണമായും ഉപേക്ഷിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായും മാക്‌റൂമേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അമേരിക്കയിൽ മാത്രമാണ് ഇ- സിം മാത്രമുള്ള ഐഫോണുകൾ ഉപയോഗത്തിലുള്ളത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 സീരീസ് മുതലാണ് ഫിസിക്കൽ സിം സ്ലോട്ട് ഒഴിവാക്കി, ഇ-സിം കണക്റ്റിവിറ്റി മാത്രമുള്ള ഐഫോണുകൾ അമേരിക്കയിൽ ഉപയോഗിച്ച് തുടങ്ങിയത്. ഈ രീതി ഇപ്പോൾ അമേരിക്കയ്ക്ക് പുറത്തേക്കും അവതരിപ്പിക്കാനാണ് ആപ്പിൾ തയാറെടുക്കുന്നത്. ഇ-സിം സൗകര്യം മാത്രമുള്ള ഐഫോൺ 15 സീരീസാകും ഇത്തവണ ഫ്രാൻസിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും എത്തുകയെന്നാണ് റിപ്പോർട്ട്.

ഫിസിക്കൽ കാർഡുകളേക്കാൾ ഇ-സിമ്മുകൾ ആണ് കൂടുതൽ സുരക്ഷിതം എന്നാണ് ആപ്പിൾ പറയുന്നത്. നിങ്ങളുടെ ഐഫോൺ മോഷ്ടിക്കപ്പെട്ടാലും സ്മാർട്ട്‌ഫോണിൽ നിന്ന് ഇ-സിം കാർഡുകൾ നീക്കംചെയ്യാൻ ആർക്കും കഴിയില്ലെന്ന് ആപ്പിൾ ഐഫോൺ 14 സീരീസ് പുറത്തിറക്കിയപ്പോൾ കമ്പനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ സിം കാർഡ് ട്രേയില്ലാത്ത ഐഫോൺ 14 സീരീസ് ആണ് എത്തിയത്.
എന്നാൽ അമേരിക്ക ഒഴികെയുള്ള മറ്റ് രാജ്യങ്ങളിലെ വിപണികളിൽ ഐഫോൺ 14 സീരീസിലെ ഫിസിക്കൽ സിം കാർഡ് സ്ലോട്ട് ആപ്പിൾ നിലനിർത്തി. ഇത്തവണ ഇ-സിം കണക്ടിവിറ്റി മാത്രമുള്ള ഐഫോൺ 15 സീരീസ് കൂടുതൽ രാജ്യങ്ങളിലേക്ക് അവതരിപ്പിക്കാനാണ് ആപ്പിൾ നീക്കം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫ്രാൻസിൽ വിൽക്കുന്ന ഐഫോൺ 15 സീരീസിൽ ഇ-സിം ഓപ്ഷൻ മാത്രമാണ് ഉണ്ടാകുകയെന്ന് ഫ്രഞ്ച് വെബ്‌സൈറ്റ് ഐജനറേഷൻ ( iGeneration) റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഫ്രാൻസ് മാത്രമായിരിക്കില്ല, കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഇത്തവണ ഐഫോണിലെ ഫിസിക്കൽ സിം കാർഡ് സ്ലോട്ടിനോട് വിടപറയും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഐഫോൺ 14-ൽ, ഉപഭോക്താക്കൾക്ക് എട്ട് ഇ-സിം പ്രൊഫൈലുകൾ വരെ കോൺഫിഗർ ചെയ്യാൻ കഴിയുമെന്ന് ആപ്പിൾ പറയുന്നു. ഇ-സിം എത്തുന്നതോടെ ധാരാളം വിദേശരാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നവർ നിരന്തരം കണക്ഷനുകൾ സ്വാപ്പ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ആപ്പിൾ വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളിലെ വിപണികളിലെത്തുന്ന ഐഫോണുകളിൽ മാത്രമാകും ഇ-സിം മാത്രമുള്ള ഐഫോൺ 15 എത്തുക എന്നും സൂചനയുണ്ട്.
അവികസിത രാജ്യങ്ങളിൽ ഇ-സിമ്മുകൾക്ക് അധികം പ്രചാരം ലഭിച്ചിട്ടില്ല. മാത്രമല്ല, കൂടുതൽ പേരും ഇപ്പോഴും ഫിസിക്കൽ കാർഡുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. അതിനാൽത്തന്നെ ഓരോ രാജ്യങ്ങളിലും ഏത് സൗകര്യമുള്ള ഐഫോൺ 15 ആണ് എത്തുകയെന്ന് വ്യക്തതയില്ല. ഇന്ത്യൻ മോഡലുകളിൽ നിന്ന് ഈ വർഷം ആപ്പിൾ സിം കാർഡ് ട്രേകൾ പൂർണ്ണമായും നീക്കം ചെയ്തേക്കില്ല എന്നാണ് വിലയിരുത്തൽ.
ഐഫോൺ 15 മോഡലുകളിൽ എത്താൻ പോകുന്ന മാറ്റങ്ങളെപ്പറ്റി വൻ ചർച്ചകളും അഭ്യഹങ്ങളുമാണ് പ്രചരിക്കുന്നത്. ഐഫോൺ 15 സീരീസ് യുഎസ്ബി ടൈപ്പ് സി പോർട്ടും പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനുമായി വരുമെന്ന് പറയപ്പെടുന്നു. കൂടാതെ ലൈനപ്പിലെ എല്ലാ മോഡലുകളും ഡൈനാമിക് ഐലൻഡ് ഫീച്ചർ അവതരിപ്പിക്കുമെന്നും പഴയ ഡിസ്‌പ്ലേ വലുപ്പം നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നു.
ക്യാമറ ഇരിക്കുന്ന ഭാഗം കൂടുതൽ പുറത്തേക്കു തള്ളി നിൽക്കും, ബെസൽ വീണ്ടും കുറയും, ലൈറ്റ്‌നിങ് പോർട്ടിനു പകരം യുഎസ്ബി-സി, ഫിസിക്കൽ ബട്ടണുകൾ ഉണ്ടാവില്ല എന്നിവയൊക്കെയാണ് ഐഫോൺ 15ൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളായി പറയപ്പെടുന്നത്. ഈ വർഷം സെപ്റ്റംബറിൽ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








