അവന്മാർക്ക് ചേഞ്ച് വേണമത്രേ, ഇത്രേം മതിയോ! വിമർശകരെ ഞെട്ടിച്ച് ഐഫോൺ 16ന്റെ ആദ്യ ചിത്രം ലീക്കായി
കഴിഞ്ഞ വർഷം ആപ്പിൾ തങ്ങളുടെ ഐഫോൺ 15 സീരീസ് പുറത്തിറക്കിയപ്പോൾ ഐഫോൺ 14ൽ നിന്ന് എന്ത് മാറ്റമാണ് ഐഫോൺ 15ൽ കൊണ്ടുവന്നത് എന്ന ചോദ്യം നിരവധി പേർ ഉയർത്തിയിരുന്നു. യുഎസ്ബി-സി പോർട്ട് മുതൽ ഡൈനാമിക് ഐലൻഡ് വരെ നിരവധി മാറ്റങ്ങൾ ഐഫോൺ 15ൽ ഉണ്ടായിരുന്നു. സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾക്ക് ഹാർഡ്‌വെയറിൻ്റെ കാര്യത്തിലും വൻ മാറ്റങ്ങൾ ഉണ്ടായി. എങ്കിലും ഡ്യുവൽ റിയർ ക്യാമറയോടുകൂടിയ അതേ ബോക്‌സി ഡിസൈൻ അപ്പോഴും നിലനിർത്തി. എന്നാൽ ഇത്തവണ ആപ്പിളിന്റെ സ്റ്റാന്റേർഡ് മോഡലുകളുടെ അടക്കം ക്യാമറ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.
പുതിയ ഐഫോൺ 16 സീരീസിലെ ഐഫോൺ 16ന്റെ ഔദ്യോഗിക ചിത്രങ്ങൾ ഇപ്പോൾ ആദ്യമായി ലീക്കായിരിക്കുന്നു. ഇത് ഫോണിന്റെ ഡിസൈനെപ്പറ്റി സൂചനകൾ നൽകുന്നുണ്ട്. അടുത്തമാസം ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ ചിത്രങ്ങൾ പുറത്തുവന്നതോടെ ഐഫോൺ 16 നെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കൂടുതൽ സജീവമായിട്ടുണ്ട്.

Kaxeno (u/kaxeno5) എന്ന പേരിലുള്ള ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഐഫോൺ 16ന്റെ ചിത്രം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ഈ ലീക്ക് ചിത്രം ഒരു ഡമ്മി യൂണിറ്റിൻ്റേതാണെന്നാണ് കരുതപ്പെടുന്നത്. ഐഫോൺ 16ന്റെ പിൻ പാനലിൻ്റെ രൂപകൽപ്പന ചില മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നതായി ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
റിയർ പാനലിന്റെ ശ്രദ്ധാകേന്ദ്രമായ ക്യാമറ യൂണിറ്റിലാണ് മാറ്റം കാണുന്നത്. ഡയഗണൽ ക്യാമറ സജ്ജീകരണമുള്ള ഐഫോൺ 15 ൽ നിന്ന് വ്യത്യസ്തമായി, ഐഫോൺ 16 ൽ നീളത്തിലുള്ള ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് കാണപ്പെടുന്നത്. ക്യാപ്സ്യൂൾ ആകൃതിയിലുള്ള ഐഫോൺ 16ലെ പുതിയ ക്യാമറ മൊഡ്യൂൾ iPhone X-നെ അനുസ്മരിപ്പിക്കുന്നതാണ്.

ഡിസൈനിന്റെ കാര്യത്തിൽ മാത്രമല്ല, ക്യാമറകളുടെ മെച്ചപ്പെടുത്തലിലും ആപ്പിൾ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പുതിയ ഐഫോൺ 16 സ്പേഷ്യൽ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫീച്ചർ നിലവിൽ ഐഫോൺ 15 സീരീസിൻ്റെ പ്രോ മോഡലുകളിൽ മാത്രമേ ലഭ്യമാകുമായിരുന്നുള്ളൂ, ഇത് കൂടാതെ മറ്റ് ചില ഫീച്ചറുകളും ആപ്പിൾ സ്റ്റാൻഡേർഡ് മോഡലുകളിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന.
ക്യാമറകളുടെ സ്ഥാനമാറ്റത്തിനൊപ്പം ഫ്ലാഷിന്റെ സ്ഥാനമാറ്റവും ശ്രദ്ധേയമാണ്. പ്രധാന ക്യാമറ ഐലൻഡിൽ നിന്ന് റിയർ പാനലിന്റെ വലതുവശത്തേക്ക് മാറ്റിയാണ് ഫ്ലാഷ് നൽകിയിരിക്കുനത്. ഡിസൈനിലെ ഈ മാറ്റം സൂചിപ്പിക്കുന്നത് ഐഫോൺ 16 കാഴ്ചയിൽ ആകർഷകമാക്കാൻ ആപ്പിൾ ശ്രമിച്ചിരിക്കുന്നു എന്നാണ്. ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളിൽ ബ്ലാക്ക്, വൈറ്റ് കളറുകളിലുള്ള ഫോണുകളാണ് കാണുന്നത്.
നിലവിൽ പുറത്തുവന്ന ചിത്രങ്ങളിലുള്ള കളറുകൾ നീല, പച്ച, പിങ്ക് എന്നിവയുൾപ്പെടെയുള്ള മറ്റ് ഷേഡുകളിലും ഐഫോൺ 16 ലഭ്യമാകുമെന്ന് സൂചനയുണ്ട്. ആരാധകരെ കൂടുതലായി ആകർഷിക്കാനായി നിരവധി നിറങ്ങളിൽ ആപ്പിൾ ഈ വർഷം ഐഫോൺ 16 ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മറ്റ് ഫീച്ചറുകളുടെ കാര്യമെടുത്താൽ ഐഫോൺ 16 6.1 ഇഞ്ച് OLED ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആക്ഷൻ ബട്ടൺ ഐഫോൺ 16 മോഡലിലേക്ക് എത്തും എന്നതാണ് സംഭവിക്കാൻ പോകുന്ന മറ്റൊരു മാറ്റം. ഈ ബട്ടൺ ഉപയോക്താക്കൾക്ക് വിവിധ ഫംഗ്‌ഷനുകളിലേക്ക് പെട്ടെന്നുള്ള ആക്‌സസ് നൽകുകയും മൊത്തത്തിലുള്ള യൂസർ എക്സ്പീരിയൻസ് വർദ്ധിപ്പിക്കുകയും ചെയ്യും. നിലവിൽ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയ്‌ക്ക് മാത്രമേ ആക്ഷൻ ബട്ടൺ ഉള്ളൂ.
ഐഫോണുകളുടെ പ്രവർത്തനത്തിന്റെ ശക്തികേന്ദ്രമായ ചിപ്സെറ്റുകളുടെ കാര്യമെടുത്താൽ, ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളിൽ 3nm പ്രോസസ്സിൽ നിർമ്മിച്ച A18 ബയോണിക് ചിപ്പ് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 16 പ്രോയും പ്രോ മാക്സും കൂടുതൽ ശക്തമായ എ 18 പ്രോ ചിപ്പിൽ എത്തും.
Image Credit: Kaxeno (u/kaxeno5)


Click it and Unblock the Notifications








