ഒരു ക്യാമറ വേണോ, രണ്ട് ക്യാമറ വേണോ! ഐഫോൺ 17e വിലയിൽ ഐഫോൺ 16 കിട്ടും
ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്ഷനായി ഐഫോൺ 17e (iPhone 17e) കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്തു. ഇത് ഇന്ത്യയിൽ ഇതിനകം പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മാർച്ച് 11 മുതൽ ഓപ്പൺ സെയിൽ ആരംഭിക്കാൻ പോവുകയുമാണ്. കുറഞ്ഞ വിലയിൽ ഒരു പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരിഗണിക്കാവുന്ന ഒരു ഓപ്ഷനാണ് ഐഫോൺ 17e. എന്നാൽ ഇതോടൊപ്പം മറ്റൊരുകാര്യം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്, ഐഫോൺ 16 (iPhone 16) മോഡൽ ഇപ്പോൾ ഐഫോൺ 17e മോഡലിനെക്കാൾ വിലക്കുറവിൽ വാങ്ങാൻ ലഭ്യമാണ് എന്നതാണ് അത്.
ഇന്ത്യയിൽ ഐഫോൺ 17e യുടെ 256ജിബി അടിസ്ഥാന മോഡലിന് 64,900 രൂപയും 512ജിബി മോഡലിന് 84,900 രൂപയുമാണ് വില. 4000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടിന് ശേഷം ഇത് 60900 രൂപ വിലയിൽ വാങ്ങാനാകും എന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. അതേസമയം ആപ്പിൾ സ്റ്റോറിൽ ഇതിന് കാര്യമായ ഡിസ്കൗണ്ട് കാണുന്നില്ല.

അതേസമയം ഐഫോൺ 16 മോഡൽ ഫ്ലിപ്പ്കാർട്ടിൽ 64900 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ഐഫോൺ 17e വിലയിൽ തന്നെ ഐഫോൺ 16 മോഡലും വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 3245 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 61655 രൂപ വിലയിൽ ഐഫോൺ 16 അടിസ്ഥാന മോഡൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും.
ഈ രണ്ട് ഐഫോണുകൾക്കും ഒരേ വില വരുമ്പോൾ ഇതിൽ ഏത് തിരഞ്ഞടുക്കും എന്നൊരു ചോദ്യം നമുക്ക് മുന്നിലുയരുന്നുണ്ട്. എന്നാലിവിടെ ഉപയോക്താവിന്റെ താൽപര്യങ്ങൾക്കാണ് പ്രാധാന്യം. ക്യാമറയുടെ കാര്യമെടുത്താൽ മുൻതൂക്കം ഐഫോൺ 16 മോഡലിനാണ്. കാരണം ഐഫോൺ 17e മോഡലിൽ ഒരു റിയർ ക്യാമറ മാത്രമേയുള്ളൂ, അതേസമയം ഐഫോൺ 16 മോഡലിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്.

കുറച്ചുകൂടി വിശദമായി പറഞ്ഞാൽ ഐഫോൺ 17e-യിലും ഐഫോൺ 16-ലും 48-മെഗാപിക്സൽ മെയിൻ റിയർ ക്യാമറയുണ്ട്, എന്നാൽ ഐഫോൺ 16 മോഡലിൽ ഒരു 12MP അൾട്രാ-വൈഡ് ക്യാമറ കൂടി അധികമായി ലഭിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഈ രണ്ട് ഡിവൈസുകളിലും 12MP ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.
അതേസമയം പെർഫോമൻസിന്റെ കാര്യമെടുത്താൽ അൽപ്പം മുൻ തൂക്കം ഐഫോൺ 17e മോഡലിനാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ A19 സീരീസ് ചിപ്പിലാണ് ഐഫോൺ 17e പ്രവർത്തിക്കുന്നത്. അതേസമയം, ഐഫോൺ 16 ന് A18 ചിപ്പ് കരുത്ത് പകരുന്നു. മെച്ചപ്പെട്ട പെർഫോമൻസും ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണയും വാഗ്ദാനം ചെയ്യുന്ന ഐഫോൺ 17e ന് അതിനാൽത്തന്നെ അൽപ്പം മുൻ തൂക്കം കൂടുതലുണ്ട്.
പുതിയ ചിപ്‌സെറ്റ് ഉള്ളതിനാൽ മെച്ചപ്പെട്ട ഇമേജ് പ്രോസസ്സിങ്ങിന്റെ ഗുണം ഐഫോൺ 17e-ക്ക് ലഭിക്കുന്നു. എന്നാൽ, മുൻ മെയിൻ ഫ്ലാഗ്ഷിപ്പ് ആയിരുന്ന ഐഫോൺ 16, നന്നായി സന്തുലിതമായ HDR, സ്ഥിരതയുള്ള വീഡിയോ പെർഫോമൻസ് എന്നിവ ഇപ്പോഴും അതിന്റേതായ രീതിയിൽ നിലനിർത്തുന്നു. ഡിസ്പ്ലേയുടെ കാര്യമെടുത്താൽ, ഐഫോൺ 16, ഐഫോൺ 17e എന്നിവ 6.1 ഇഞ്ച് OLED ഡിസ്‌പ്ലേയോടെയാണ് എത്തുന്നത്.

രണ്ട് മോഡലുകളിലും റിഫ്രഷ് റേറ്റ് 60Hz തന്നെയാണ് എങ്കിലും ഐഫോൺ 16 മോഡലിന് അൽപ്പം ഉയർന്ന പീക്ക് ബ്രൈറ്റ്‌നസ് ഉണ്ട്. ആപ്പിളിന്റെ ഫ്ലാറ്റ്-എഡ്ജ് സൗന്ദര്യാത്മകതയും പ്രീമിയം ബിൽഡ് ക്വാളിറ്റിയും രണ്ടു മോഡലുകൾക്കും ഉണ്ട്. എന്നിരുന്നാലും ഡ്യുവൽ ക്യാമറ സജ്ജീകരണവും ഡൈനാമിക് ഐലൻഡും ഉള്ള ഐഫോൺ 16ക്ക് മുൻതൂക്കം കൂടുതൽ ലഭിക്കുന്നു.
ഐഫോൺ 17e മോഡലിന് മുൻതൂക്കം ലഭിക്കുന്ന ഒരു മേഖല സ്റ്റോറേജിന്റെ കാര്യത്തിലാണ്. ഐഫോണ 16 മോഡലിന്റെ അടിസ്ഥാന മോഡൽ 128ജിബി സ്റ്റോറേജ് മാത്രമാണ്, എന്നാൽ അതേ വിലയിൽ ഇപ്പോൾ വാങ്ങാനാകുന്ന ഐഫോൺ 17e മോഡലിൽ 256ജിബി അടിസ്ഥാന മോഡൽ കിട്ടും. അതായത് 128ജിബിയുടെ വിലയിൽ ഐഫോൺ 17eയിൽ 256ജിബി ലഭിക്കുന്നു.


Click it and Unblock the Notifications








