ഇതിപ്പൊ ലാഭമായല്ലോ! ഐഫോൺ 16e ബാറ്ററി സ്റ്റാന്റേർഡ്, പ്രോ മോഡലുകളെക്കാൾ മികച്ചത്
ഐഫോൺ 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ മോഡൽ എന്ന നിലയിൽ കഴിഞ്ഞ ആഴ്ച ആഗോള തലത്തിൽ ലോഞ്ച് ചെയ്ത ആപ്പിൾ സ്മാർട്ട്ഫോൺ ആണ് ഐഫോൺ 16e. ഐഫോൺ 16 സീരീസിലെ ഏറ്റവും വിലക്കുറവിൽ വാങ്ങാവുന്ന സ്മാർട്ട്ഫോൺ ആണ് ഇത്. ഇന്ത്യയിൽ ഐഫോൺ 16eയുടെ 128GB വേരിയന്റ് 59,900 രൂപ പ്രാരംഭ വിലയിൽ എത്തുന്നു. ഇതിന്റെ 256GB വേരിയന്റിന് 69,900 രൂപയും 512GB വേരിയന്റിന് 89,900 രൂപയുമാണ് വില. ഇത്ര കുറഞ്ഞ വിലയിൽ എത്തുമ്പോൾപോലും ബാറ്ററിയുടെ കാര്യത്തിൽ അടക്കം ഈ ഫോൺ ഏറെ മുന്നിലാണ് എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
ഐഫോണുകളുടെ ബാറ്ററി ശേഷി സംബന്ധിച്ച് കഴിഞ്ഞ കുറച്ചുനാളുകളായി ഉപയോക്താക്കൾ പരാതി പറയുന്നുണ്ട്, അവയ്ക്ക് ബാറ്ററി ശേഷി പൊതുവിൽ കുറവാണ് എന്ന്. എന്നാൽ ഇപ്പോൾ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്ന ഐഫോൺ 16e മോഡലിൽ അതിന്റെ 16 സീരീസിലെ പ്രോ മോഡലിനെക്കാളും സ്റ്റാന്റേർഡ് മോഡലിനെക്കാളും ബാറ്ററി ശേഷി ഉണ്ടെന്ന് വിവിധ അവലോകനങ്ങൾ പുറത്തുവന്നിരിക്കുന്നു.

സാധാരണയായി ആപ്പിൾ ഡിവൈസുകളുടെ കൃത്യമായ ബാറ്ററി ശേഷി കമ്പനി വെളിപ്പെടുത്താറില്ല. എന്നാൽ ഐഫോൺ 16e മോഡലിൽ ഉള്ളത് 3,961 mAh ബാറ്ററിയാണ് എന്ന് റിവ്യൂവർമാർ വെളിപ്പെടുത്തുന്നു. സ്റ്റാൻഡേർഡ് ഐഫോൺ 16 ന്റെ 3,561mAh ബാറ്ററിയെ അപേക്ഷിച്ച് ഈ വില കുറഞ്ഞ മോഡലിൽ ഏതാണ്ട് 10 ശതമാനത്തിലധികം ബാറ്ററി ശേഷി കൂടുതലാണ്.
കുറഞ്ഞ വിലയിൽ ആണ് എത്തുന്നത് എങ്കിലും ഐഫോൺ 16e ഫീച്ചറുകളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഐഫോൺ 16ന് സമാനമായി, ഐഫോൺ 16e യും A18 ചിപ്‌സെറ്റ് കരുത്തിലാണ് എത്തുന്നത്. കൂടാതെ 8GB റാം ഇതിൽ ഉണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിൾ ഇന്റലിജൻസ് പിന്തുണയും ഇതിലുണ്ട്.

പുതിയ ഫോൺ എത്തിയതിന് പിന്നാലെ റിവ്യൂവർമാർ ഇതിനെ വിലയിരുത്താൻ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. ഡേവ് ലീ എന്ന യൂട്യൂബർ നടത്തിയ ബാറ്ററി പരീക്ഷണത്തിനിടെ 12 മണിക്കൂറും 54 മിനിറ്റും ഐഫോൺ 16e ഉപയോഗിക്കാനായി. ഇത് സാധാരണ ഐഫോൺ 16 നെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഒരേ പരീക്ഷണത്തിൽ 11 മണിക്കൂറും 17 മിനിറ്റും മാത്രം ചാർജ് ചെയ്ത ഐഫോൺ 16 നെ ഇത് മറികടന്നു.
സിഎൻഇടിയിലെ പാട്രിക് ഹോളണ്ടും ഐഫോൺ 16e എക്സ്പീരിയൻസ് പങ്കുവെച്ചു. ആറ് ദിവസത്തെ ഉപയോഗത്തിൽ മൂന്ന് തവണയേ ഇത് ചാർജ് ചെയ്യേണ്ടിവന്നുള്ളൂ എന്ന് പാട്രിക് പറയുന്നു. 30W ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 16e പൂജ്യത്തിൽനിന്ന് 59 ശതമാനം വരെ ചാർജ്ജ് ചെയ്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റ ചാർജിൽ ഉപകരണം ഒരു ദിവസം മുഴുവൻ എളുപ്പത്തിൽ നിലനിൽക്കുമെന്നും ലൈറ്റ് ഉപയോഗത്തിൽ, അത് ഒന്നര ദിവസം വരെ നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഐഫോൺ 16e യുടെ പുതിയ ഇന്റേണൽ ഡിസൈനിന്റെയും ആപ്പിളിന്റെ പവർ-എഫിഷ്യന്റ് C1 മോഡത്തിന്റെയും കാര്യക്ഷമത പുതിയ പരീക്ഷണ ഫലങ്ങൾ എടുത്തുകാണിക്കുന്നു, ഇത് അതിന്റെ സോളിഡ് ബാറ്ററി ലൈഫിന് കാരണമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ പരീക്ഷണങ്ങളുടെയെല്ലാം റിസൾട്ട് പറയുന്നത് ആപ്പിളിന്റ മറ്റ് ഐഫോൺ മോഡലുകളെക്കാൾ മെച്ചപ്പെട്ട ബാറ്ററി ശേഷി കുറഞ്ഞ വിലയിൽ എത്തുന്ന ഐഫോൺ 16e യ്ക്ക് ഉണ്ടെന്നാണ്. നാളെ മുതൽ ഇതിന്റെ വിൽപ്പനയാരംഭിക്കും.

48MP വൈഡ്-ആംഗിൾ (f/1.6) ക്യാമറ, വീഡിയോയ്ക്കുള്ള ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 2x ടെലിഫോട്ടോ, ഫോട്ടോണിക് എഞ്ചിൻ, ട്രൂ ടോൺ ഫ്ലാഷ്, 4K 60 fps-ൽ ഡോൾബി വിഷനോടുകൂടിയ HDR വീഡിയോ റെക്കോർഡിംഗ്, 240fps-ൽ സ്ലോ-മോ 1080p, 30 fps-ൽ 4K HDR വരെ സിനിമാറ്റിക് മോഡ്, 12MP ട്രൂഡെപ്ത് (ƒ/1.9) ഫ്രണ്ട് ക്യാമറ എന്നിവ സഹിതമാണ് ഈ ഫോൺ എത്തുന്നത്.


Click it and Unblock the Notifications








