ഒറ്റ ക്യാമറയുള്ള ഐഫോൺ 17 എയർ, ട്രിപ്പിൾ റിയർ ക്യാമറയുള്ള 17 പ്രോ: എന്ത് കണ്ടിട്ട് ഇതിലൊന്ന് വാങ്ങും
ആപ്പിൾ ഈ മാസത്തിന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്ത ഐഫോൺ 17 സീരീസ് ഇതിനകം പ്രീ ഓഡർ ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബർ 19 മുതൽ ഓപ്പൺ സെയിൽ ആരംഭിക്കുന്നതോടെ ഈ പുതിയ ഐഫോണുകൾ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ പോവുകയാണ്. കുറഞ്ഞ വിലയിൽ പുതിയ ഐഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏത് മോഡൽ വാങ്ങണം എന്നതിൽ ഒരു സംശയവും ഉണ്ടാകില്ല, കാരണം വ്യക്തമായ മികവുമായി ഐഫോൺ 17 മോഡൽ മുന്നിലുണ്ട്. അതേസമയം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് മറ്റ് മൂന്ന് മോഡലുകളുടെയും പ്രാരംഭ വില. ഇതിൽ പ്രധാന മത്സരം നടക്കുക എയർ- പ്രോ മോഡലുകൾ തമ്മിലാണ്.
പുതിയ ഐഫോൺ സീരീസിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത് ഐഫോൺ 17 എയർ (iPhone 17 Air) മോഡൽ ആണോ ഐഫോൺ 17 പ്രോ (iPhone 17 Pro) മോഡൽ ആണോ വാങ്ങാൻ കൂടുതൽ അനുയോജ്യം എന്നത് സംബന്ധിച്ചാണ്. കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങുന്നവർക്ക് സ്റ്റാന്റേർഡ് മോഡലുണ്ട്. ഉയർന്ന വില നൽകാൻ തയാറുള്ളവർക്ക് പ്രോ മാക്സ് മോഡലുമുണ്ട്. എന്നാൽ ഇടയ്ക്കുള്ള മോഡലുകൾ ആർക്ക് വേണ്ടി എന്ന ചോദ്യം അവിടെ ചിലർക്കെങ്കിലും ഉണ്ട്. ഇതേപ്പറ്റി നമുക്കൊന്ന് പരിശോധിക്കാം.

സ്റ്റൈൽ VS ഫീച്ചർ പോരാട്ടം
ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും കരുത്തുള്ള ഐഫോണുകൾ എന്ന പ്രത്യേകതയുമായി എത്തിയ ഐഫോൺ 17 പ്രോ മോഡലുകൾ, ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും സ്ലിം മോഡൽ എന്ന പ്രത്യേകതയുമായി എത്തിയിട്ടുള്ള ഐഫോൺ 17 എയർ മോഡൽ- ഇങ്ങനെ ഫീച്ചറുകളും സ്റ്റൈലും തമ്മിലുള്ള ഒരു മത്സരമാണ് ഐഫോൺ പ്രോ, എയർമോഡലുകൾക്കിടയിൽ നിലനിൽക്കുന്നത് എന്ന് പറയാം.
വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 17 എയർ
കാഴ്ചയിൽ വളരെ സ്ലിം ആയിട്ടുള്ള ഒരു ഐഫോൺ മോഡൽ, ഭാരം വെറും 165ഗ്രാം മാത്രം. ടൈറ്റാനിയം ബോഡി, ഇതൊക്കെയുള്ള ഐഫോൺ 17 എയർ മോഡൽ സ്റ്റൈലിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു മോഡൽ ആണ്. കനം വളരെ കുറവാണ് എന്നതിനാൽത്തന്നെ അതിന്റേതായ പരിമിതികളും എയർ മോഡലിന് ഉണ്ട്.

ഒറ്റ ക്യാമറ VS ട്രിപ്പിൾ റിയർ ക്യാമറ
ഐഫോൺ 17 പ്രോയും ഐഫോൺ എയറും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ക്യാമറകളാണ്. മികച്ച ക്യാമറയുള്ള ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഐഫോൺ പ്രോയ്ക്ക് ആണ് മുൻ തൂക്കം നൽകുക. കാരണം ഐഫോൺ 17 പ്രോയിൽ 48 മെഗാപിക്സലുകളിൽ മൂന്ന് ഫ്യൂഷൻ ക്യാമറകളുണ്ട്.
ഐഫോൺ 17 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 48MP ഫ്യൂഷൻ, 48MP അൾട്ര വൈഡ്, 48MP ടെലിഫോട്ടോ (8x ഒപ്റ്റിക്കൽ സൂം), എന്നിവ അടങ്ങുന്നു. മറുവശത്ത് എയർ മോഡലിന്റെ റിയർ പാനലിൽ ഒരു 48MP ഫ്യൂഷൻ ക്യാമറ മാത്രമാണുള്ളത്. ഫ്രണ്ട് ക്യാമറയുടെ കാര്യത്തിൽ ഇരുമോഡലുകളും ഒരുപോലെ തന്നെ 18MP സെന്റർ സ്റ്റേജ് ക്യാമറയുമായി എത്തുന്നു.
ഡിസ്പ്ലേയുടെ കാര്യമെടുത്താൽ എയർ മോഡലിൽ 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്, പ്രോയിൽ 6.3 ഡിസ്പ്ലേയും. പ്രോസസറിന്റെ കാര്യത്തിലാണെങ്കിൽ രണ്ടിലും A19 പ്രോ ചിപ് തന്നെയാണ് ഉള്ളത് എങ്കിലും നേരിയ വ്യത്യാസം ഉണ്ട്. എയറിൽ 6-core CPU, 5-core GPU എന്നിവയാണ് ഉള്ളത്, പ്രോയിൽ 6-core CPU, 6-core GPU എന്നിവയും. സ്റ്റോറേജ് ഓപ്ഷനുകൾ ഇരുമോഡലുകളിലും ഏതാണ്ട് ഒരുപോലെ ലഭ്യമാകും.

ബാറ്ററിയുടെ കാര്യമെടുത്താൽ, എയർ മോഡൽ 27 മണിക്കൂർ വരെ വീഡിയോ പ്ലേ ബാക്ക് പിന്തണയ്ക്കുമ്പോൾ പ്രോ മോഡൽ 33 മണിക്കൂർ വരെ പ്ലേ ബാക്ക് പിന്തുണയ്ക്കുന്നു. മറ്റ് ഫീച്ചറുകളെല്ലാം ഇരുമോഡലുകളിലും ഏതാണ്ട് ഒരുപോലെ തന്നെയാണ്. സ്കൈ ബ്ലൂ, ലൈറ്റ് ഗോൾഡ്, ക്ലൗഡ് വൈറ്റ്, സ്പേസ് ബ്ലാക്ക് എന്നിവയാണ് എയർ മോഡലിന്റെ കളർ ഓപ്ഷനുകൾ. പ്രോ മോഡൽ കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.
വില വ്യത്യാസം
ഐഫോൺ 17 എയർ മോഡലിന്റെ 256GB വേരിയന്റിന് 119900 രൂപയും 512GB വേരിയന്റിന് 139900 രൂപയും 1TB വേരിയന്റിന് 159900 രൂപയും ആണ് വില. ഐഫോൺ 17 പ്രോയുടെ 256GB വേരിയന്റിന് 134900 രൂപയും 512GB വേരിയന്റിന് 154900 രൂപയും 1TB വേരിയന്റിന് 174900 രൂപയും വില നൽകണം.
ഏത് ഫോൺ വാങ്ങണം
സ്റ്റൈൽ, ഫീച്ചർ എന്നിവ തമ്മിലുള്ള ഈ പോരാട്ടത്തിൽ ഏത് ഫോൺ വാങ്ങണം എന്ന് ചോദിച്ചാൽ ഉപയോക്താവിന്റെ അഭിരുചിക്കാണ് അവിടെ പ്രാധാന്യം. രണ്ട് മോഡലുകൾക്കും ഒരുലക്ഷത്തിന് മുകളിൽ വില നൽകണം. അങ്ങനെയുള്ളപ്പോൾ മുടക്കുന്ന തുകയ്ക്ക് പരമാവധി മൂല്യം ലഭിക്കുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ പ്രോ മോഡൽ വാങ്ങുന്നതാണ് കൂടുതൽ മികച്ച തീരുമാനം എന്ന് ഞങ്ങൾ കരുതുന്നു. എന്നാൽ അൽപ്പം വെറൈറ്റി ആഗ്രഹിക്കുന്ന, ഭാരക്കുറവുള്ള ഫോൺ ഇഷ്ടപ്പെടുന്ന ആളുകൾക്ക് എയർ തെരഞ്ഞെടുക്കാം.


Click it and Unblock the Notifications








