ഐഫോൺ 17 എയർ-ന് 17 പ്രോയെക്കാൾ വലിയ ഡിസ്പ്ലേ ഉണ്ടെന്ന് ലീക്ക് റിപ്പോർട്ട്; ഒന്നാമൻ പ്രോ മാക്സ്
ആപ്പിൾ ഔദ്യോഗകിമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ ഐഫോൺ സീരീസ് അടുത്ത മാസം 9ന് ലോഞ്ച് ചെയ്യും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. വിവിധ രഹസ്യ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളും ആപ്പിളിന്റെ പതിവ് ഐഫോൺ ലോഞ്ച് രീതികളും കണക്കിലെടുക്കുമ്പോൾ ഇത് സത്യമാകാനാണ് സാധ്യത. ഇത്തവണത്തെ ഐഫോൺ 17 സീരീസിൽ പ്ലസ് മോഡലിന് പകരമായി ആപ്പിൾ ഐഫോൺ 17 എയർ (iPhone 17 Air) എന്ന മോഡൽ അവതരിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. ഏറെനാളായി ഇക്കാര്യം പ്രചരിക്കുന്നുണ്ട്. ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള ഐഫോൺ ആയിരിക്കും എന്നതാണ് ഈ എയർ മോഡലിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പതിവ് ഐഫോൺ ലോഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു പുതിയ മോഡൽ അവതരിപ്പിക്കപ്പെടുന്നു എന്നതിനാൽ ആകാംക്ഷകൾ മുഴുവൻ പുതിയ എയർ മോഡലിനെ ചുറ്റിപ്പറ്റിയാണ്. വരാൻ പോകുന്ന ഈ മോഡലിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ആരാധകർ താൽപര്യപ്പെടുന്നു. ഇത് കണക്കിലെടുത്ത് വിവിധ അഭ്യൂഹങ്ങളും ലീക്ക് റിപ്പോർട്ടുകളും പരക്കുന്നുമുണ്ട്.

ഇപ്പോൾ പുറത്തുവന്ന ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ടുകളിലൊന്നിൽ പറയുന്നത് ഐഫോൺ 17 പ്രോയെക്കാൾ വലിയ ഡിസ്പ്ലേ ഐഫോൺ 17 എയർ മോഡലിൽ ഉണ്ടാകും എന്നാണ്. അതായത് ഏറ്റവും സ്ലിം സ്മാർട്ട്ഫോൺ ആയിരിക്കെ തന്നെ ഐഫോൺ 17 എയർ ഡിസ്പ്ലേ വലിപ്പത്തിൽ പ്രോ മോഡലിനെ മറികടന്ന്, സീരീസിലെ രണ്ടാമത്തെ വലിയ ഡിസ്പ്ലേയുള്ള മോഡൽ ആകുമെന്നാണ്.
പ്രമുഖ ടിപ്സ്റ്ററായ മജിൻ ബു തന്റെ ട്വിറ്ററിലെ (ഇപ്പോൾ X) ഏറ്റവും പുതിയ അപ്‌ഡേറ്റിൽ വെളിപ്പെടുത്തിയിരിക്കുന്നത് ഐഫോൺ 17 എയറിന്റെ ഡിസ്പ്ലേ വലുപ്പം ഐഫോൺ 17 പ്രോയ്ക്കും ഐഫോൺ 17 പ്രോ മാക്സിനും ഇടയിലാണ് എന്നാണ്. ഐഫോൺ 17 എയറിന്റെ ഡിസ്‌പ്ലേ 6.6 ഇഞ്ച് ആയിരിക്കുമെന്നാണ് സൂചന.

ഐഫോൺ 17 പ്രോയ്ക്ക് 6.3 ഇഞ്ച് ഡിസ്പ്ലേ ആണ് ഉണ്ടാകുകയെന്നും അതിനാൽ 17 എയർ മോഡൽ 17 പ്രോ മോഡലിനെ ഡിസ്പ്ലേ വലിപ്പത്തിൽ പിന്തള്ളുമെന്നു പ്രതീക്ഷിക്കുന്നു. പ്ലസ് മോഡലിന്റെ സ്ഥാനത്തേക്കാണ് ഐഫോൺ 17 എയർ എത്തുന്നത് എന്നതിനാൽ ഈ വലിയ ഡിസ്പ്ലേ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. ഐഫോൺ 14/15/16 പ്ലസ് മോഡലുകൾക്കെല്ലാം 6.7 ഇഞ്ച് സ്‌ക്രീനുകളുണ്ടായിരുന്നു.
ഇത്തവണത്തെ ഐഫോൺ നിരയിൽ ഏറ്റവും വലിയ ഡിസ്പ്ലേ ഉണ്ടാകുക ഐഫോൺ 17 പ്രോ മാക്സ് മോഡലിന് തന്നെ ആയിരിക്കും. പ്രോ മാക്സ് മോഡൽ 6.9 ഇഞ്ച് സ്‌ക്രീനുമായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാൽ വലിയ ഡിസ്പ്ലേ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെടുക പ്രോ മാക്സ് മോഡലാകും.
ഐഫോൺ 17 എയറിന്റെ ചിപ്സെറ്റിന്റെ കാര്യത്തിലും ആകാംക്ഷ നിലനിൽക്കുന്നു. ഇത് പ്രോ മോഡലുകളിലെ ചിപ്സെറ്റുമായി എത്തുമോ അതോ സ്റ്റാന്റേർഡ് മോഡലിലെ ചിപ്സെറ്റുമായി എത്തുമോ എന്നതാണ് ആകാംക്ഷ. എന്നാൽ ചൈനയിൽ നിന്നുള്ള ചില പുതിയ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്, ഐഫോൺ 17 പ്രോയിലും ഐഫോൺ 17 പ്രോ മാക്‌സിലും നൽകുന്ന A19 പ്രോ ചിപ്പിന്റെ ഒരു കോർ കുറഞ്ഞ ചിപ്പ് ആയിരിക്കും എയർ മോഡലിലുണ്ടാകുക എന്നാണ്.

അതായത്, ഐഫോൺ 17 പ്രോയും പ്രോ മാക്സും A19 പ്രോ 6 GPU കോറുകളുമായി വരുമ്പോൾ, ഐഫോൺ 17 എയറിന് 5 കോറുകൾ മാത്രമേ ഉണ്ടാകൂ എന്നാണ് പുതിയ ലീക്ക് റിപ്പോർട്ട് അവകാശപ്പെടുന്നത്. ഇത് ഇതിന് മുൻപ് വന്ന ലീക്ക് റിപ്പോർട്ടുകളുമായി പൊരുത്തപ്പെടുന്നില്ല. എന്തായാലും ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം നടത്താനാകുക ആപ്പിൾ ഇവന്റിൽ ഈ ഫോണുകൾ ലോഞ്ച് ചെയ്തശേഷം മാത്രമാകും. അതുവരെ ഇവയെല്ലാം അഭ്യൂഹങ്ങളായി മാത്രമേ കാണാനാകൂ.


Click it and Unblock the Notifications








