സാംസങ്ങിന്റെ അതേ ഗതികേട് ആപ്പിളിനും! ഐഫോൺ 17 എയർ പ്രൊഡക്ഷൻ കുറയ്ക്കുന്നു; കാരണം...
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ പ്രീമിയം സീരീസുകളിൽ അവതരിപ്പിച്ച സ്ലിം മോഡലുകളെ ജനം കൈയൊഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. സാംസങ് എസ്25 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ എസ്25 പ്ലസ് മോഡലിന് പകരമായി എത്താൻ പോകുന്ന എസ്25 എഡ്ജ് മോഡൽ ആയിരുന്നു പ്രധാന ചർച്ചാ വിഷയം. എന്നാലിപ്പോൾ സാംസങ് എസ്26 സീരീസ് ലോഞ്ചിന് ഒരുങ്ങുമ്പോൾ പുറത്തുവന്ന ചില റിപ്പോർട്ടുകൾ പറഞ്ഞത് എഡ്ജ് മോഡൽ ഒഴിവാക്കി പകരം എസ്26 പ്ലസ് മോഡലിലൂടെ പ്ലസ് മോഡൽ വീണ്ടും ഗാലക്സി എസ് സീരീസിലേക്ക് മടങ്ങിവരും എന്നാണ്.
ഏറ്റവും പുതിയതായി പുറത്തുവന്ന ചില റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളു തങ്ങളുടെ ഐഫോൺ നിരയിൽ നിന്ന് എയർ മോഡലുകളെ ഭാവിയിൽ ചിലപ്പോൾ ഒഴിവാക്കിയേക്കും. ഇതുവരെ ലഭ്യമായതിൽ ഏറ്റവും സ്ലിം ഐഫോൺ മോഡൽ എന്ന പ്രത്യേകതയുമായാണ് ഐഫോൺ എയർ എത്തിയത്. വെറും 5.6 മില്ലീമീറ്റർ കനം മാത്രമുള്ള ഒരു സ്മാർട്ട്ഫോൺ ആയിരുന്നു ഇത്.

എന്നാൽ വൻ പ്രതീക്ഷയോടെ എത്തിയ ഐഫോൺ 17 എയറിന് വിപണിയിൽ പ്രതീക്ഷിച്ചത്ര സ്വീകരണം ലഭിച്ചിട്ടില്ല എന്നുവേണം കരുതാൻ. ഐഫോൺ 17 എയറിന്റെ ഉത്പാദനം കുറയ്ക്കാൻ ആപ്പിൾ പദ്ധതിയിടുന്നു എന്ന് അനലിറ്റിക്സ് വിദഗ്ദ്ധനായ മിംഗ്-ചി കുവോ പറയുന്നു. ആപ്പിളിന്റെ പല വിതരണക്കാരും 2026 ലെ ആദ്യ പാദത്തിൽ ഈ മോഡലിന്റെ കയറ്റുമതിയും ഉൽപാദനവും 80 ശതമാനം വരെ കുറയ്ക്കും എന്ന് കുവോ പറയുന്നുണ്ട്.
സ്ലിം ഫോണുകൾ ഉപയോഗിക്കാൻ ആളുകൾക്ക് താൽപര്യമുണ്ടെങ്കിലും ഐഫോൺ അല്ലെങ്കിൽ സാംസങ് ഗാലക്സി എസ് സീരീസ് പോലെ ഉയർന്ന വിലയുള്ള മോഡലുകളായി ഇവ എത്തുമ്പോൾ ഫീച്ചറുകൾ പലതും കുറയ്ക്കപ്പെടുന്നുണ്ട്. അതായത് വലിപ്പം കുറയ്ക്കാൻ നടത്തുന്ന വിട്ടുവീഴ്ചകൾ ഈ മോഡലുകൾക്ക് തിരിച്ചടിയാകുന്നു എന്നുവേണം കരുതാൻ.
ഉദാഹരണത്തിന് ഐഫോൺ 17 എയറിന് ഒരു റിയർ ക്യാമറയാണ് ഉള്ളത്. ഇതിന്റെ വിലയാകട്ടെ ഇന്ത്യയിൽ 1,19,900 രൂപ മുതലും. ഇത്രയും വിലകൂടിയ ഫോണിൽ ഒരു ക്യാമറ മാത്രമേയുള്ളൂ എന്നത് പലർക്കും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നുവേണം കരുതാൻ. ഇപ്പോൾ പ്രൊഡക്ഷൻ കുറച്ചേക്കും എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകൾ അത്തരമൊരു നിഗമനത്തിലേക്കാണ് എത്തിക്കുന്നത്.
ഐഫോൺ 17 മോഡലും ഐഫോൺ 17 പ്രോ മോഡലുകളും ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു എങ്കിലും എയർ മോഡലിനെ അത്ര പിടിച്ചിട്ടില്ല എന്നത് സ്ലിം മോഡലുകളുടെ ഭാവിയെക്കുറിച്ചും സംശയങ്ങൾ ഉയർത്തുന്നുണ്ട്. സാംസങ് തങ്ങളുടെ സ്ലിം മോഡൽ എസ്25 എഡ്ജ് എന്ന ഒറ്റ മോഡൽ കൊണ്ട് തന്നെ അവസാനിപ്പിക്കും എന്നാണ് കഴിഞ്ഞ ആഴ്ച വന്ന ചില റിപ്പോർട്ടുകൾ പറഞ്ഞത്.
എസ്26 സീരീസിൽ എസ്26 എഡ്ജിന്റെ സ്ഥാനത്ത് പഴയ പ്ലസ് മോഡലിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തിക്കൊണ്ട് എസ്26 പ്ലസ് മോഡൽ എത്തുമെന്ന് ദക്ഷിണ കൊറിയൻ സൈറ്റ് ന്യൂസ്പിമിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ട് സൂചന നൽകുന്നു. എസ്25 എഡ്ജിന്റെ പ്രൊഡക്ഷൻ ഇടിഞ്ഞുവെന്നും വിൽപ്പന കുറഞ്ഞുമെന്നും അതിനാലാണ് സ്റ്റോക്ക് തീർന്നുകഴിഞ്ഞാൽ എസ്25 മോഡലോടുകൂടി എഡ്ജ് ലൈനപ്പ് കമ്പനി നിർത്തലാക്കാൻ സാംസങ് ആലോചിക്കുന്നത് എന്നുമാണ് ന്യൂസ്പിമിന്റെ റിപ്പോർട്ടിലുള്ളത്.
അതേസമയം ഇപ്പോൾ എയർ മോഡലിന്റെ പ്രൊഡക്ഷൻ കുറയ്ക്കാൻ തീരുമാനമെടുത്തിട്ടുണ്ട് എങ്കിൽപ്പോലും (ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല) അടുത്ത ഐഫോൺ 18 സീരീസിൽ നിന്ന് എയർ മോഡൽ ഒഴിവാക്കും എന്ന് ഉറപ്പിച്ച് പറയാറായിട്ടില്ല, ഒഴിവാക്കാൻ സാധ്യതകൾ കൂടുതലാണ് എന്നുമാത്രം. അതല്ലെങ്കിൽ ഉയർന്ന വിലയ്ക്കൊത്ത വിധം മികച്ച ഫീച്ചറുകൾ സ്ലിം മോഡലുകളിലും ഉൾപ്പെടുത്താൻ കഴിയുന്ന തരത്തിലേക്ക് സ്ലിം മോഡലുകൾ പുനർരൂപകൽപ്പന നടത്തേണ്ടിവരും.


Click it and Unblock the Notifications








