തനി ചൈനാ ഫോൺ എന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കുമോ! ഐഫോൺ 17 പ്രോ ഡിസൈൻ വെളിപ്പെടുത്തി കവർ
ആപ്പിൾ ആരാധകരുടെ ശ്രദ്ധ മുഴുവൻ ഇപ്പോൾ അടുത്തതായി ഇറങ്ങാൻ പോകുന്ന ഐഫോൺ 17 സീരീസിലേക്ക് ആണ്. ഇത്തവണത്തെ ഐഫോൺ 17 സീരീസിൽ ഐഫോൺ 17 എയർ എന്ന ഒരു മോഡൽ ഉണ്ടാകും എന്ന് ഏറെ നാളായി വാർത്തകളുണ്ട്. ഇത് കൂടാതെ ഐഫോൺ 17 സീരീസ് മോഡലുകൾ പുത്തൻ ലുക്കിൽ ആകും എത്തുക എന്ന വിവരവും പ്രചരിക്കുന്നുണ്ട്. പ്രധാനമായും ക്യാമറ യൂണിറ്റിനാണ് മാറ്റം പ്രതീക്ഷിക്കുന്നത്. ഈ പ്രചാരണങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് ഇപ്പോൾ ഐഫോൺ 17 പ്രോ മോഡലിന്റെ ഡിസൈൻ ഡീറ്റെയിൽസ് വെളിപ്പെടും വിധത്തിൽ ചില ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു.
ഐഫോൺ 17 പ്രോയുടെ കവറിന്റെ (iPhone 16 Pro Cases) ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രമുഖ ടിപ്സ്റ്ററായ മജിൻബു (Majin Bu @MajinBuOfficial) ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. മജിൻ ബു പുറത്തിറക്കിയ പുതിയ ഫോൺ കെയ്‌സുകളുടെ ചോർന്ന ഫോട്ടോഗ്രാഫുകൾ വരാൻ പോകുന്ന ഐഫോൺ 17 പ്രോയുടെ ക്യാമറ മൊഡ്യൂൾങ്ങനെയായിരിക്കും എന്നതിന്റെ സൂചനകൾ നൽകുന്നുണ്ട്.

നിലവിലുള്ള പ്രോ മോഡലിനെക്കാൾ വലിപ്പം കൂടിയ ക്യാമറ മൊഡ്യൂൾ ആണ് ഐഫോൺ 17 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നത് എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. അതിന്റെ അർഥം ആപ്പിൾ ഐഫോൺ 17 സീരീസിൽ ക്യാമറകൾ പുനർരൂപകൽപ്പ ചെയ്തിരിക്കുന്നു എന്ന് തന്നെയാണ്. ക്യാമറ മൊഡ്യൂളിന്റെ വലിപ്പം വർധിച്ചു എങ്കിലും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പ്രോ മോഡലിലുള്ളത് എന്നാണ് കേയ്സുകളുടെ ചിത്രങ്ങളിൽ നിന്ന് കാണാൻ കഴിയുന്നത്.
ഐഫോൺ 17 സീരീസിനായി ആപ്പിൾ അതിന്റെ സ്ഥിരം മിനിമലിസ്റ്റ് ഡിസൈൻ രീതിയിൽ നിന്ന് വ്യതിചലിക്കുകയാണെന്ന് പുതിയ കവർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഐഫോൺ 17 സീരീസിലെ എല്ലാ ക്യാമറകൾക്കും ഡിസൈൻ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കേണ്ട. സ്റ്റാന്റേർഡ് മോഡലിൽ നിലവിലെ ഐഫോൺ 16യുടെ സമാനമായ ക്യാമറ മൊഡ്യൂൾ സഹിതമാകും എത്തുക.

വലിയ ക്യാമറ മൊഡ്യൂൾ ഡിസൈൻ ഐഫോൺ 17 പ്രോ മോഡലിൽ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ട്. അതേസമയം ആപ്പിൾ ആരാധകർ ഈ മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കും എന്ന ചർച്ചകളും സജീവമാണ്. നേരത്തെ ഐഫോൺ മോഡലുളെ അനുകരിച്ച് ചില ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുക എത്തിയിരുന്നു.
അതിനാൽത്തന്നെ ഐഫോൺ കണ്ടാൽ ഇപ്പോൾ തനി ചൈനാ ഫോൺ എന്ന് ആളുകൾ പറഞ്ഞാലും തെറ്റുപറയാനാകില്ല! എന്നാൽ തങ്ങളുടെ ഫോണുകൾ എപ്പോഴും മറ്റ് കമ്പനികളുടെ മോഡലിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന് ആപ്പിൾ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായിക്കൂടിയാണ് ഐഫോൺ 17 പ്രോ മോഡലിലെ ക്യാമറ മൊഡ്യൂളിന് ആപ്പിൾ അൽപ്പം വലിപ്പം കൂടുതൽ നൽകിയിരിക്കുന്നത്.
പുതിയ ഡിസൈൻ മാറ്റത്തോട് ആപ്പിൾ ആരാധകർ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. ചിലർ പുതിയ രൂപം ഇഷ്ടപ്പെട്ടേക്കാം. എന്നാൽ മറ്റ് ചിലർക്ക് ആപ്പിളിന്റെ പരമ്പരാഗതവും ലളിതവുമായ ഡിസൈനാകും ഇഷ്ടപ്പെടുക. അതിനാൽ പുതിയ ആപ്പിൾ ഡിസൈൻ വിജയമാകുമോ പരാജയമാകുമോ എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്.

ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഐഫോൺ 17 സീരീസിൽ ആപ്പിൾ അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് സ്ഥിരമായി കാണാറുള്ള ഐഫോൺ പ്ലസ് മോഡൽ ഉണ്ടാകില്ല. അതിന് പകരമായാകും ഐഫോൺ 17 എയർ അവതരിപ്പിക്കുക.
Source: Majin Bu


Click it and Unblock the Notifications