8x സൂം, ക്യാമറ ആപ്പ്, പുതിയ ക്യാമറ ബട്ടൺ: യൂട്യൂബർമാരുടെ ഇഷ്ട ആയുധമാകാനൊരുങ്ങി ഐഫോൺ 17 പ്രോ
പുതിയ ഐഫോൺ 17 സീരീസിനെ ചുറ്റിപ്പറ്റി ലീക്ക് റിപ്പോർട്ടുകൾ അനവധി എത്തുന്നുണ്ട്. ഇതിൽ മാക് റൂമേഴ്സ് പുറത്തുവിട്ട ഒരു പുതിയ റിപ്പോർട്ട് ഏറെ ശ്രദ്ധ നേടുന്നു. ഐഫോൺ 17 പ്രോയുടെ ക്യാമറ സജ്ജീകരണങ്ങൾ സംബന്ധിച്ച ഒരു ടിപ്സ്റ്ററുടെ വെളിപ്പെടുത്തലുകളാണ് മാക് റൂമേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. ഐഫോൺ 17 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 8x വരെ ഒപ്റ്റിക്കൽ സൂം ഉള്ള ടെലിഫോട്ടോ ലെൻസ് ഉണ്ടായിരിക്കാം എന്നാണ് ഈ ടിപ്സ്റ്റർ പറയുന്നത്. കൂടാതെ ക്യാമറകൾക്കായി ഒരു പ്രത്യേക ബട്ടണും ഒരു ക്യാമറ ആപ്പും ആപ്പിൾ അവതരിപ്പിക്കുമെന്നും ടിപ്സ്റ്ററെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് പറയുന്നുണ്ട്.
ടിപ്സ്റ്ററുടെ വെളിപ്പെടുത്തലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എങ്കിലും അതോടൊപ്പം മാക് റൂമേഴ്സ് മറ്റൊരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. ടിപ്സ്റ്റർ പറഞ്ഞ കാര്യങ്ങളാണ് ഇവയെന്നും സ്വന്തം നിലയ്ക്ക് തങ്ങൾ ഈ വിവരങ്ങൾ പരിശോധിച്ച് ഉറപ്പിച്ചിട്ടില്ല എന്നുമാണ് അത്. എന്തായാലും ഐഫോൺ 17 സീരീസിലെ ഏറെ പ്രധാനപ്പെട്ട മോഡലായ ഐഫോൺ 17 പ്രോയെപ്പറ്റി പുറത്തുവന്നിരിക്കുന്ന പുതിയ വിവരങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്, ഐഫോൺ 17 പ്രോ 8x വരെ ഒപ്റ്റിക്കൽ സൂം ഉള്ള മെച്ചപ്പെട്ട ടെലിഫോട്ടോ ലെൻസ് സഹിതം എത്തും എന്നതാണ്. നിലവിൽ, ഐഫോൺ 16 പ്രോ മോഡലുകളിൽ 5x സൂം ആണ് ഉള്ളത്. ഇതിൽനിന്ന് കാര്യമായ നവീകരണം പുതിയ മോഡലിൽ ഉണ്ടായിരിക്കുന്നു എന്നുവേണം കരുതാൻ.
ഈ പുതിയ ടെലിഫോട്ടോ ലെൻസിന് ചലിക്കാൻ കഴിയുമെന്നും, ഇത് വിവിധ ഫോക്കൽ ലെങ്തിൽ തുടർച്ചയായ ഒപ്റ്റിക്കൽ സൂം അനുവദിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോട്ടോ, വീഡിയോ എക്സ്പീരിയൻസ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ പ്രോ ക്യാമറ ആപ്പ് ആപ്പിൾ പുറത്തിറക്കുന്നുണ്ട് എന്നും ടിപ്സ്റ്റർ പറഞ്ഞിട്ടുണ്ട്. ഈ ആപ്പ് പ്രോ മോഡലുകൾക്കൊപ്പം മാത്രമാണോ അതോ മറ്റ് മോഡലുകൾക്കൊപ്പവും പ്രവർത്തിക്കുമോ എന്ന് വ്യക്തമല്ല.
ഹാലൈഡ്, ഫിലിമിക് പ്രോ പോലുള്ള തേർഡ്പാർട്ടി ആപ്പുകളുമായി മത്സരിക്കാൻ ശേഷിയോടെയാകും ഈ ആപ്പ് എത്തുക. ഫോട്ടോഗ്രാഫിയിലും വീഡിയോ ഷൂട്ടിംഗിലും ഉപയോക്താക്കൾക്ക് കൂടുതൽ കഴിവുകൾ നൽകുകയും ചിത്രീകരണം ആയാസ രഹിതമാക്കുകയും ചെയ്യുക എന്നതാണ് ഈ ആപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. മറ്റൊരു പ്രധാന വിവരം ഐഫോൺ 17 പ്രോയുടെ മുകൾ വശത്തായി ഒരു ക്യാമറ ബട്ടൺ കൂടി ഉണ്ടാകും എന്നതാണ്.
നിലവിൽ എല്ലാ ഐഫോൺ 16 മോഡലുകളുടെയും താഴെ-വലത് അറ്റത്തുള്ള ക്യാമറ കൺട്രോൾ ബട്ടണിന് പുറമേയാകും ഇത്. പുതിയ ബട്ടൺ ക്യാമറ ഇന്റർഫേസിലേക്ക് വേഗത്തിലുള്ള ആക്‌സസ് വാഗ്ദാനം ചെയ്യുകയും ലെൻസുകൾ മാറുകയോ ഷൂട്ടിംഗ് മോഡുകൾ മാറ്റുകയോ പോലുള്ള വിവിധ സെറ്റിങ്സുകളിലേക്ക് വേഗത്തിലുള്ള ആക്സസ് നൽകുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
മുൻവർഷങ്ങളിൽ ആപ്പിൾ ഐഫോണിലെ ചിത്രങ്ങൾ എടുക്കുന്ന ഫീച്ചറുകൾക്കാണ് പ്രാധാന്യം നൽകിയത് എന്നും എന്നാൽ ഇത്തവണ വീഡിയോ റെക്കോർഡിംഗിലെ മെച്ചപ്പെടുത്തലുകൾക്ക് പ്രാധാന്യം ലഭിച്ചിരിക്കുന്നത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ നിരവധിയാളുകൾ വ്ലോഗിങ്ങിലേക്ക് തിരിയുകയും യൂട്യൂബർമാരായി സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ആളുകളെ ക്യാമറ ഉപേക്ഷിച്ച് ഐഫോണിലേക്ക് മാറാൻ പ്രേരിപ്പിക്കും വിധത്തിൽ ശക്തമായ ഡിവൈസാക്കി ഐഫോണുകളെ മാറ്റാൻ ആപ്പിളിന് പദ്ധതിയുണ്ടെന്നാണ് പറയപ്പെടുന്നത്.
ഐഫോൺ 17 പ്രോ മോഡലുകളിലെ ക്യാമറ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഫ്രണ്ട്, റിയർ ക്യാമറകൾ ഉപയോഗിച്ച് ഒരേസമയം വീഡിയോ റെക്കോർഡുചെയ്യാൻ സാധിക്കുമെന്ന് ഫ്രണ്ട് പേജ് ടെക്‌നോളജിസ്റ്റായ ജോൺ പ്രോസർ അവകാശപ്പെട്ടു. എന്തായാലും വീഡിയോ റെക്കോഡിങ് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തപ്പെട്ടേക്കാം എന്നാണ് പൊതു വിലയിരുത്തൽ. ഇവയെല്ലാം ലീക്ക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വെളിയിൽ വന്നിട്ടുള്ള കാര്യങ്ങളാണ്. ലോഞ്ച് ഇവന്റിന് ശേഷമേ ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.


Click it and Unblock the Notifications








