അവന്റെ കണ്ണുകളിൽ എന്തോ തീക്ഷ്ണതയോടെ കത്തുന്നു! ഐഫോൺ 17 പ്രോ 3D ചിത്രങ്ങൾ പുറത്ത്
ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം ഐഫോണിനോട് വല്ലാത്ത ഒരു ആരാധനയുണ്ട്. കഴിഞ്ഞ വർഷത്തെ ഐഫോണിൽ എത്ര പോരായ്മകൾ ഉണ്ടായാലും ശരി, പുതിയ ഐഫോണിൽ പ്രതീക്ഷവച്ച് ആരാധകർ കാത്തിരിക്കും. ആപ്പിൾ തങ്ങൾക്കായി പുതിയ എന്തെങ്കിലും വരാൻ പോകുന്ന ഐഫോൺ സീരീസിൽ അവതരിപ്പിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. എത് എന്താണ് എന്നറിയാൻ അവർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അങ്ങനെ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് അടുത്ത് വരാൻ പോകുന്ന ഐഫോൺ 17 സീരീസിലെ പ്രോ മോഡലിന്റെ ചില വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഫ്രണ്ട് പേജ് ടെക് (FrontPageTech) ചാനൽ.
ഐഫോൺ 17 സീരീസിന്റെ ക്യാമറ യൂണിറ്റിലും ഡിസൈനിലും അടക്കം വൻ മാറ്റങ്ങൾ ഉണ്ടാകും എന്ന് കുറച്ചുനാൾ മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. അന്ന് പുറത്തുവന്നതിൽ ഏറ്റവും ശ്രദ്ധേയമായ വിവരം ഐഫോൺ 17 പ്രോയിലെ ക്യാമറകൾ പിക്സൽ 9 പ്രോയുടെ ക്യാമറ ബമ്പ് പോലെയുള്ളത് ആയിരിക്കും എന്നായിരുന്നു.

അതായത്, റിയർ പാനലിൽ നിന്ന് അൽപ്പം ഉയർന്ന് Rectangular ആകൃതിയിൽ നിൽക്കുന്ന വിധത്തിലുള്ളതാണ് പിക്സൽ 9 പ്രോയുടെ ക്യാമറ ബമ്പ്. പുതിയ ഐഫോൺ 17 പ്രോയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും മാത്രമല്ല, ക്യാമറ ബമ്പിനുള്ളിൽ ഓരോ ലെൻസും പ്രത്യേകം പ്രത്യേകം എടുത്തുനിൽക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഫ്രണ്ട് പേജ് ടെക് (FPT) ഇപ്പോൾ പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങളും സാധ്യതാ 3D ചിത്രങ്ങളും ഇതിൽനിന്ന് വ്യത്യസ്തമാണ്.
ഇപ്പോൾ എഫ്പിടിയിലെ ജോൺ പ്രോസ്സർ പങ്കുവച്ചിരിക്കുന്ന 3D ചിത്രങ്ങൾ പുതിയ ഐഫോണുകളുടെ അന്തിമ രൂപം എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്നു. ഇത് പ്രകാരം, മുൻപ് കണ്ടതുപോലെ നിരനിരയായല്ല, മറിച്ച് മൂന്ന് ലെൻസുകൾ ഇപ്പോഴും പഴയത് പോലെ ഇടതുവശത്താണ് കാണുന്നത്. എന്നാൽ ക്യാമറ യൂണിറ്റിന്റെ ഡിസൈനിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ചതുരാകൃതിയിലുള്ള ഒരു ബമ്പിന് പകരം, ഐഫോൺ 17 പ്രോയ്ക്ക് പിന്നിൽ ഒരു വിശാലമായ "ക്യാമറ ബാർ" ഉണ്ടായിരിക്കും എന്ന് എഫ്പിടി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന 3D ചിത്രങ്ങൾ സൂചിപ്പിക്കുന്നു. LED ഫ്ലാഷ്, മൈക്രോഫോൺ, LiDAR സെൻസർ എന്നിവ ഇപ്പോൾ വലതുവശത്താണ് കാണുന്നത്. റെൻഡറുകളിൽ കാണിച്ചിരിക്കുന്ന ബാർ മുൻ റെൻഡറുകളിൽ നമ്മൾ കണ്ടതിനേക്കാൾ വളരെ ഉയരമുള്ളതാണ്.
ഐഫോൺ 17 പ്രോ നിലവിലെ മോഡലുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്നാണ് തനിക്ക് വിശ്വസനീയ ഉറവിടങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത് എന്നും എഫ്പിടിയിലെ ജോൺ പ്രോസ്സർ പറയുന്നുണ്ട്. എന്നാൽ ആപ്പിൾ ഇതുവരെ ഇക്കാര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തുകയോ സൂചന നൽകുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഈ വിവരങ്ങളെയെല്ലാം പൂർണ്ണമായി വിശ്വസിക്കാനാകില്ല. ലോഞ്ച് സമയത്ത് ചിലപ്പോൾ കാണുക അതുവരെ കേട്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഐഫോൺ സീരീസിനെയാകാനും സാധ്യതയുണ്ട്.
വരാൻ പോകുന്ന ഐഫോണിന്റെ റിയർ പാനൽ ഡിസൈനിൽ കാര്യമായി മാറ്റങ്ങൾ വരുത്താൻ ആപ്പിൾ ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തമാണ്. എന്നാൽ ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ ഉറപ്പിക്കണമെങ്കിൽ ഐഫോൺ 17 പ്രോയ്ക്കായി നിർമിച്ച ആദ്യഘട്ട കെയ്സുകൾ പോലുള്ള എന്തെങ്കിലും എത്തേണ്ടിയിരിക്കുന്നു. അതുവരെ ഇവ പൂർണ്ണവിശ്വാസത്തിലെടുക്കാനാകില്ല.

ഈ വർഷം രണ്ടാം പകുതിയോടെ, അതായത് സെപ്റ്റംബറോടെ ഐഫോൺ 17 സീരീസ് ലോഞ്ച് പ്രതീക്ഷിക്കാം. ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ കൂടുതലും അഭ്യൂഹങ്ങളായി മാത്രമേ പരിഗണിക്കാനാകൂ. വരാൻ പോകുന്ന ഐഫോണിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്ന ആരാധകരെ തൃപ്തിപ്പെടുത്താൻ ഈ വിവരങ്ങൾക്ക് കഴിയുന്നു. പിഴയ്ക്കാത്ത ചുവടുകളുമായി... ക്യാമറക്കണ്ണിൽ കത്തുന്ന തീക്ഷ്ണതയോടെ ഒരു കിടിലൻ ഐഫോൺ 17 പ്രോ ഇത്തവണയെത്തുമെന്ന് പ്രതീക്ഷിക്കാം.
Image credit: @FrontPageTech Video


Click it and Unblock the Notifications








