നമുക്ക് വാങ്ങാൻ ഐഫോൺ 17 വേരിയന്റുകൾ! വിലയോ തുച്ഛം ഗുണമോ മെച്ചം
ആപ്പിൾ ഈ മാസത്തിന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്ത ഐഫോൺ 17 സീരീസ് ഇതിനകം പ്രീ ഓഫർ ചെയ്യാൻ ലഭ്യമാണ്. എന്നാൽ അതിനെക്കാൾ ഉപരിയായി ഐഫോൺ 17 സീരീസിന്റെ ഓപ്പൺ സെയിൽ സെപ്റ്റംബർ 19 മുതൽ ആരംഭിക്കുകയാണ്. ഇതിനകം നിരവധി പേർ പ്രീ ഓഡർ സൗകര്യം ഉപയോഗപ്പെടുത്തി ഐഫോൺ 17 സീരീസ് മോഡലുകൾ ഓഡർ ചെയ്തുകഴിഞ്ഞു. മറുവശത്ത് നിരവധിപേർ സെപ്റ്റംബർ 19ന് വിൽപ്പന ആരംഭിക്കുമ്പോൾ വാങ്ങാനായി തയാറെടുത്തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ നാല് ഐഫോൺ മോഡലുകളിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാകുന്ന ഐഫോൺ 17 മോഡലിന്റെ ഇന്ത്യയിലെ വിലയും ഫീച്ചറുകളും നോക്കാം.
വിലയോ തുച്ഛം ഗുണമോ മെച്ചം
വിലയോ തുച്ഛം ഗുണമോ മെച്ചം- ഐഫോൺ 17 സീരീസ് മോഡലുകളിൽ ഈ പ്രയോഗം ഏറ്റവും നന്നായി ചേരുക ഐഫോൺ 17 മോഡലിനാണ്. ഈ സീരീസിലെ നാല് മോഡലുകളിൽ (ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ്) ഏറ്റവും വില കുറഞ്ഞ മോഡൽ ഐഫോൺ 17 ആണ്.

ഐഫോൺ 17 ഇന്ത്യയിൽ സെപ്റ്റംബർ 19ന് വിൽപ്പന ആരംഭിക്കുമ്പോൾ അതിന്റെ 256GB വേരിയന്റിന് 82,900 രൂപയും 512GB വേരിയന്റിന് 1,02,900 രൂപയും ആണ് വില. മറ്റ് മോഡലുകളെ അപേക്ഷിച്ച് വില കുറവാണ് എങ്കിലും മുൻ ഐഫോൺ സീരീസുകളിൽ സ്റ്റാന്റേർഡ് മോഡലിന് ലഭിച്ചതിനെക്കാൾ പ്രാധാന്യവും പരിഗണനയും ഇത്തവണ ഐഫോൺ 17 സീരീസിൽ ഐഫോൺ 17 മോഡലിന് ലഭിച്ചിട്ടുണ്ട്.
ഇതാദ്യമായി ഐഫോൺ സീരീസിൽ ഒരു സ്റ്റാന്റേർഡ് മോഡലിന് 120Hz ഹെർട്സ് പ്രോമോഷൻ ഡിസ്‌പ്ലേ ലഭിച്ചിരിക്കുന്നത് ഐഫോൺ 17 മോഡലിന് ആണ്. ഇതുവരെ പ്രോ മോഡലുകളിൽ ആണ് ഈ ഫീച്ചർ നൽകിയിരുന്നത്. മുൻഗാമിയായ ഐഫോൺ 16 പരിശോധിച്ചാൽ അത് മനസിലാകും, ഐഫോൺ 16 ന് സ്റ്റാൻഡേർഡ് 60 ഹെർട്സ് ഡിസ്‌പ്ലേ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഐഫോൺ 17 ന്റെ ബെസലുകൾ പോലും ഐഫോൺ 16ന്റെ ബെസലുകളെക്കാൾ മെലിഞ്ഞതാണ്. കൂടാതെ ഈ സ്റ്റാന്റേഡ് മോഡലിലും ഓൾവെയ്സ് ഓൺ ഡിസ്പ്ലേ ലഭിക്കും. മറ്റൊന്ന് സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷൻ സഹിതമാണ് ഐഫോൺ 17 മോഡലിലെ 6.3-ഇഞ്ച് (2622×1206 പിക്സലുകൾ) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ എത്തുന്നത് എന്നതാണ്. ഇത് ഐഫോൺ 16 ലെ സെറാമിക് ഷീൽഡിനേക്കാൾ 3 മടങ്ങ് മികച്ച സ്ക്രാച്ച് പ്രതിരോധം നൽകുന്നു.
ആപ്പിളിന്റെ ലേറ്റെസ്റ്റ് ജനറേഷൻ സിലിക്കൺ, A19 ചിപ്‌സെറ്റാണ് ഐഫോൺ 17 ന് കരുത്ത് പകരുന്നത്. ഇത് മികച്ച പെർഫോമൻസ് തന്നെ വാഗ്ദാനം ചെയ്യും. കൂടാതെ ക്യാമറ മികവും മുൻ മോഡലിനെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. ഐഫോൺ 17-ൽ 48MP ഡ്യുവൽ റിയർ ക്യാമറകളുണ്ട്, അതിൽ 12MP ഒപ്റ്റിക്കൽ-ക്വാളിറ്റി 2x ടെലിഫോട്ടോയുള്ള 48MP ഫ്യൂഷൻ മെയിൻ ക്യാമറയും ഉൾപ്പെടുന്നു. പ്രോ മോഡലുകളെപ്പോലെ തന്നെയുള്ള 48 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ ശ്രദ്ധേയ നേട്ടമാണ്.
പ്രോ മോഡലുകളുടെയും എയറിന്റെയും ഫ്രണ്ടിൽ നൽകിയിരിക്കുന്ന അതേ 18MP ഫ്രണ്ട് ക്യാമറ തന്നെ സ്റ്റാന്റേർഡ് മോഡലിലും നൽകിക്കൊണ്ട് ഐഫോൺ 17യുടെ നിലവാരം ആപ്പിൾ ഉയർത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിലെ 18MP ക്യാമറയ്ക്ക് സെന്റർ സ്റ്റേജ് ലഭിക്കുന്നു, ഇത് ഫോൺ തിരിക്കാതെ തന്നെ ലാൻഡ്‌സ്‌കേപ്പ് സെൽഫികൾ എടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

25W വരെ MagSafe, Qi2 വയർലെസ് ചാർജിംഗ് ഉള്ള ബിൽറ്റ്-ഇൻ റീചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററിയാണ് ഇതിലുളളത്. 30 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഈ ഫോണിന് ലഭിക്കുമെന്ന് ആപ്പിൾ പറയുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് ചെറിയ വില വർധന ഉണ്ടായിട്ടുണ്ട്, എങ്കിലും അവിടെ സ്റ്റോറേജ് ശേഷി വർധിച്ചിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതിനാൽത്തന്നെ വിലകൂടിയെങ്കിലും അത് ലാഭകരമാണ്.
വില ലാഭം
ഐഫോൺ 16 മോഡലിന്റെ 256GB വേരിയന്റിന് 89,900 രൂപയായിരുന്നു വില. എന്നാൽ ഐഫോൺ 16നെക്കാൾ പല മടങ്ങ് കരുത്തും മികവും സ്റ്റോറേജ് ശേഷിയും വാഗ്ദാനം ചെയ്യുന്ന ഐഫോൺ 17യുടെ 256GB വേരിയന്റിന് 82,900 രൂപയേ വിലയുള്ളൂ എന്നത് സത്യത്തിൽ ഉപയോക്താവിന് തികച്ചും ലാഭകരമായ ഡീൽ തന്നെയാണ്. ഇങ്ങനെ പലവിധ കാരണങ്ങളാൽത്തന്നെ വിലയോ തുച്ഛം ഗുണമോ മെച്ചം എന്ന് ഉറപ്പിച്ച് പറയുകയും വാങ്ങുകയും ചെയ്യാവുന്ന മോഡലായി ഐഫോൺ 17 മാറുന്നു.
എങ്ങനെ വാങ്ങണം
ഐഫോൺ 17 വാങ്ങാൻ നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകൾ ഉണ്ട്. വേണമെങ്കിൽ നമ്മുടെ തൊട്ടടുത്ത് ബംഗളുരുവിൽ പുതിയതായി വന്നിരിക്കുന്ന ആപ്പിൾ ഹെബ്ബാൾ എന്ന ആപ്പിൾ റീട്ടെയിൽ സ്റ്റോറിൽ നേരിട്ടെത്തി കണ്ട്, ഇഷ്ടപ്പെട്ട് വാങ്ങാം. അതല്ലെങ്കിൽ ആപ്പിൾ വെബ്സൈറ്റ് വഴിയോ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴസ് സൈറ്റുകൾ വഴിയോ പുതിയ ഐഫോൺ സ്വന്തമാക്കാം.


Click it and Unblock the Notifications








