ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യുന്ന തിയതി ലീക്കായി; വെളിപ്പെടുത്തിയത് ജർമ്മൻ മാധ്യമം
ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ ആരാധകർ, പ്രത്യേകിച്ച് ഐഫോൺ ഫാൻസ് കാത്തിരിക്കുന്നത് ആപ്പിളിന്റെ വരാനിരിക്കുന്ന ഏറ്റവും വലിയ ലോഞ്ച് ഇവന്റിൽ ഐഫോൺ 17 സീരീസ് ഫോണുകൾ എത്തുന്നതിനായാണ്. ഈ ഫോണുകൾ ലോകത്തിന് മുന്നി അവതരിപ്പിക്കുന്ന ആപ്പിൾ ഇവന്റിന്റെ തിയതി ഇതുവരെ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആരാധകർ അറിയാൻ ആകാംക്ഷാ പൂർവം കാത്തിരിക്കുന്നതിനാൽ ഇക്കാര്യം കണ്ടെത്താനും അറിയിക്കാനും വിവിധ മാധ്യമങ്ങളും ടിപ്സ്റ്റർമാരുമൊക്കെ ശ്രമിക്കുന്നുണ്ട്. അത്തരം നീക്കങ്ങളുടെ ഭാഗമായി പലരും ഐഫോൺ ലോഞ്ച് തിയതി അറിയാം എന്ന നിലയിൽ പല റിപ്പോർട്ടുകളും പുറത്തുവിട്ടിട്ടുമുണ്ട്. എന്നാൽ ഇതൊന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഐഫോൺ ലോഞ്ച് ഇവന്റ് തിയതി എന്ന പേരിൽ ആരൊക്കെ ഏതൊക്കെ തിയതികൾ പറഞ്ഞാലും ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ വിശ്വസിക്കാൻ നിർവാഹമില്ല. എങ്കിലും ചില വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടാറുണ്ട് എന്നുമാത്രം. അത്തരത്തിൽ ഇപ്പോൾ ആപ്പിൾ ഐഫോൺ 17 സീരീസ് ലോഞ്ച് തിയതി ലീക്കായി (iPhone 17 series launch date leaked) എന്ന് ഒരു വാർത്ത ശ്രദ്ധ നേടുന്നുണ്ട്.

2025 സെപ്റ്റംബർ 9 ന് ഐഫോൺ 17 സീരീസ് പുറത്തിറക്കാൻ ആപ്പിൾ തയാറെടുക്കുന്നു എന്ന തരത്തിൽ ജർമ്മൻ വാർത്താ വെബ്‌സൈറ്റായ ഐഫോൺ-ടിക്കറാണ് (iPhone-Ticker) വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തൽ വന്ന മാധ്യമം ഒരു പ്രാദേശിക മാധ്യമമാണ് എന്ന് കണക്കാക്കിയാലും അതിൽ അവർ അവകാശപ്പെടുന്നത്, പ്രാദേശിക കാരിയറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ തിയതി റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നാണ്.
സാധാരണയായി ഐഫോൺ ലോഞ്ചിന് വളരെ മുൻപ് തന്നെ തയാറെടുപ്പുകൾ ആരംഭിക്കാറുണ്ട്. ആപ്പിൾ, ഗൂഗിൾ, സാംസങ് എന്നീ കമ്പനികൾ തങ്ങളുടെ അടുത്ത ഫോൺ എപ്പോൾ പുറത്തിറക്കും എന്ന വിവരങ്ങൾ ചുരുക്കം ചില കാരിയർമാർക്ക് ലഭ്യമാകുമെന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ ഒരു സ്രോതസിൽ നിന്നാണ് ഈ തിയതി ലഭ്യമായിരിക്കുന്നത് എന്നാണ് ജർമ്മൻ മാധ്യമം പറയുന്നത്.
ഇപ്പോൾ ലീക്ക് ആയ സെപ്റ്റംബർ 9 എന്ന തിയതി ആപ്പിൾ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യില്ല. സമയമാകുമ്പോൾ ആപ്പിൾ തിയതി ഔദ്യോഗകിമായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുക. അതുവരെ വരുന്നതെല്ലാം അഭ്യൂഹങ്ങളായേ കണക്കാക്കപ്പെടൂ. എന്നാൽ സ്ഥിരീകരിക്കുന്നില്ലെങ്കിലും ലീക്കായ ഈ തിയതി ഒരുപക്ഷേ ശരിയായിരിക്കാൻ സാധ്യതയുണ്ട് എന്ന് ചിലർ നിരീക്ഷിക്കുന്നുണ്ട്.
കാരണം ഇപ്പോൾ കുറച്ച് വർഷങ്ങളായി സെപ്റ്റംബർ മാസത്തിൽ ആണ് ആപ്പിൾ ഇവന്റ് നടക്കാറുള്ളത്. സാധാരണയായി നടന്നുവരുന്ന ഒരു രീതി അനുസരിച്ചാണെങ്കിൽ, സെപ്റ്റംബർ 9 ശരിയായ തിയതി ആയിരിക്കാം. കഴിഞ്ഞ വർഷം അതേ തിയതിയിലാണ് ലോഞ്ച് നടന്നത്. സ്ഥിരം രീതി ആപ്പിൾ പിന്തുടർന്നാൽ സെപ്റ്റംബർ 12 മുതൽ പ്രീ-ഓർഡറുകൾ ആരംഭിച്ച് സെപ്റ്റംബർ 19 മുതൽ ഷിപ്പിംഗ് പ്രതീക്ഷിക്കാം.
ഇത്തവണ ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ 17 എയർ എന്നിങ്ങനെ നാല് മോഡലുകൾ പ്രതീക്ഷിക്കപ്പെടുന്നു. അതിൽ ഇത്തവണ ഏറ്റവും ശ്രദ്ധ കിട്ടുക ഏറ്റവും സ്ലിം ഐഫോൺ എന്ന വിശേഷണവുമായി എത്തുമെന്ന് പറപ്പെടുന്ന ഐഫോൺ 17 എയർ മോഡലിനാകും.
ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ് ഈ വർഷം തങ്ങളുടെ എസ്25 സീരീസിൽ എസ്25 എഡ്ജ് എന്ന സ്ലിം മോഡൽ അവതരിപ്പിച്ചിരുന്നു. ഇതിനുള്ള ആപ്പിളിന്റെ മറുപടിയാണ് ഐഫോൺ 17 എയർ എന്ന് കരുതപ്പെടുന്നു. ഈ ഫോണിന്റെ കൂടുതൽ ഡീറ്റയിൽസ് നിലവിൽ ആപ്പിൾ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ എത്താൻ ഇനി മൂന്ന്- നാല് ആഴ്ച മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ലോഞ്ചിനോട് അടുത്ത് വരുംദിവസങ്ങളിൽ കൂടുതൽ ഡീറ്റെയിൽസ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








