ഐഫോൺ 17ന് ഐഫോൺ 16നെക്കാൾ വില കൂടുമെന്ന് റിപ്പോർട്ട്; ഇന്ത്യ, ദുബായ്, യുഎസ്, യുകെ വിലകൾ
ലോകം മുഴുവൻ പുതിയ ഐഫോൺ 17 സീരീസിന്റെ വരവുമായി ബന്ധപ്പെട്ട ആവേശം നിറഞ്ഞിരിക്കുകയാണ്. അതിനാൽത്തന്നെ വരാൻപോകുന്ന ഐഫോണുകളെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങളും ലീക്ക് റിപ്പോർട്ടുകളുമൊക്കെ നിറയെ വന്നുകൊണ്ടിരിക്കുന്നു. ആപ്പിളിനെ സംബന്ധിച്ചിടത്തോളം ലോഞ്ച് ഇവന്റ് തിയതി മാത്രം മുൻകൂർ പ്രഖ്യാപിക്കും. ബാക്കിയെല്ലാം ആപ്പിൾ ഇവന്റിൽ ആണ് വെളിപ്പെടുത്തുക. ഇത്തവണത്തെ ആപ്പിൾ ഇവന്റ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറർ 9ന് ഉണ്ടാകും എന്ന ലീക്ക് റിപ്പോർട്ടുകളെ വിശ്വസിച്ച് ആരാധകർ കാത്തിരിക്കുകയാണ്. ഇതിനിടയിൽ വരാൻ പോകുന്ന മോഡലുകളുടെ വില സംബന്ധിച്ച ചില അഭ്യൂഹങ്ങൾ സജീവമായിട്ടുണ്ട്. ഈ അഭ്യൂഹങ്ങൾ പറയുന്നത് ഐഫോൺ 17ന് ഐഫോൺ 16നെക്കാൾ വില കൂടുമെന്നാണ്.
ആപ്പിൾ ഈ വർഷത്തെ തങ്ങളുടെ ഏറ്റവും വലിയ ഇവന്റിനായാണ് തയാറെടുത്തുകൊണ്ടിരിക്കുന്നത്. വരാൻ പോകുന്ന ഐഫോൺ 17 സീരീസിൽ (iPhone 17 series) സ്റ്റാൻഡേർഡ് ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, എന്നിവയ്ക്ക് പുറമേ ഐഫോൺ പ്ലസ് മോഡലിന് പകരമായി ഏറ്റവും സ്ലിം ഐഫോൺ എന്ന വിശേഷണവുമായി പുതിയ ഐഫോൺ 17 എയർ മോഡലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോൾ ഈ പറഞ്ഞ മോഡലുകളുടെ ഫീച്ചറുകൾ സംബന്ധിച്ച പല അഭ്യൂഹങ്ങളും ലീക്ക് റിപ്പോർട്ടുകളായി വരുന്നുണ്ട്. ഇതേപോലെ ഇവയുടെ വില സംബന്ധിച്ച ചില സൂചനകളും പുറത്തുവരുന്നുണ്ട്. ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഐഫോൺ 17 സീരീസുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിലകൾ എത്രയാണ് എന്ന് ഇവിടെ പരിചയപ്പെടാം.
നവീകരണത്തിന്റെ ഫലമായി വില ഉയരുന്നതിന് പുറമേ ട്രംപിന്റെ താരിഫ് നയം ഐഫോണുകളുടെ വിലയെ ബാധിക്കുമോ എന്ന ആശങ്ക ഉപയോക്താക്കൾക്കുണ്ട്. ഐഫോൺ 17 സീരീസിലെ സ്റ്റാന്റേർഡ് മോഡലിന് മുൻഗാമിയായ ഐഫോൺ 16 മോഡലിനെക്കാൾ വില കൂടും എന്ന് വിവിധ ഓൺലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജിഎഫ് സെക്യൂരിറ്റീസിന്റെ അനലിസ്റ്റ് ജെഫ് പു പറയുന്നത് മുൻ മോഡലുകളെക്കാൾ ഉയർന്ന വിലയിലാകും 17 സീരീസ് എത്തുകയെന്നാണ്.
ചൈനീസ് ടിപ്‌സ്റ്റർ ഇൻസ്റ്റന്റ് ഡിജിറ്റൽ പറയുന്നത് ഏകദേശം 50 ഡോളർ വരെ വില വർധന ഐഫോൺ 17 സീരീസിൽ ഉണ്ടാകും എന്നാണ്. പുറത്തുവന്ന വിവിധ ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യയിൽ സ്റ്റാന്റേർഡ് ഐഫോൺ 17യുടെ വില ഏകദേശം 89,900 രൂപ ആയിരിക്കും. യുഎസിൽ 849 ഡോളറും. ഇത് മുൻ മോഡലിനെ അപേക്ഷിച്ച് 10000 രൂപ കൂടുതലാണ്.
ഇതുവരെയുള്ളതിൽ ഏറ്റവും സ്ലിം മോഡൽ എന്ന വിശേഷണത്തോടെ എത്തുന്ന ഐഫോൺ 17 എയറിന് യുഎസിൽ 949 ഡോളർ (ഇന്ത്യയിൽ ഏകദേശം 99,900 രൂപ) വില പ്രതീക്ഷിക്കുന്നു. ഐഫോൺ 17 പ്രോയ്ക്ക് 1,199 ഡോളറും (ഏകദേശം 1,45,900 രൂപ), ഐഫോൺ 17 പ്രോ മാക്സിന് 1,249 ഡോളറും (ഏകദേശം 1,64,900) വിലവരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.
ഐഫോൺ 17ന് ദുബായിൽ AED 3300, യുകെയിൽ 669 പൗണ്ട് വിലയും, 17 എയറിന് ദുബായിൽ 3699 ദിർഹവും, യുകെയിൽ 739 പൗണ്ടും വിലവരും. ഐഫോൺ 17 പ്രോയെ സംബന്ധിച്ചിടത്തോളം ദുബായിൽ 4700 ദിർഹവും, യുകെയിൽ 966 പൗണ്ടും ആണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 17 പ്രോ മാക്‌സിന് ദുബായിൽ 6599 ദിർഹവും, യുകെയിൽ 1338 പൗണ്ടും വില നൽകേണ്ടിവരുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.
ക്യാമറ, ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളിൽ മുൻ മോഡലുകളെക്കാൾ ഏറെ നവീകരണവുമായാണ് പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾ എത്തുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുള്ളത്. അതിൽത്തന്നെ പ്രോ മോഡലുകൾ ഇതുവരെ ലഭ്യമായതിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ക്യാമറ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യും എന്നാണ് പറയപ്പെടുന്നത്. ലോഞ്ചിന് ശേഷം ഇതേപ്പറ്റി വിശദമായി അറിയാം.


Click it and Unblock the Notifications








