ഐഫോൺ 17 മോഡലുകളിൽ സിം ട്രേ ഒഴിവാക്കും? ഇന്ത്യയിൽ ഈ ഒരു മോഡലിൽ മാത്രം സിം ട്രേ ഉണ്ടായേക്കില്ല
ആപ്പിൾ തങ്ങളുടെ അടുത്ത ഐഫോൺ സീരീസ് ലോഞ്ച് ചെയ്യുന്നതിന്റെ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. 'Awe Dropping' എന്ന് പേരിട്ടിരിക്കുന്ന ഇക്കൊല്ലത്തെ ആപ്പിൾ ഇവന്റ് സെപ്റ്റംബർ 9ന് രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30) കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്ക് കാമ്പസിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ആണ് നടക്കുക. ലോഞ്ച് തിയതി പ്രഖ്യാപിച്ചതോടെ ആരാധകരുടെ ആവേശം വർധിച്ചിരിക്കുകയാണ്. ഇതിനിടയിൽ വരാൻ പോകുന്ന ഐഫോൺ 17 സീരീസുകളെപ്പറ്റി പല വിവരങ്ങളും ലീക്ക് റിപ്പോർട്ടുകളായി പുറത്തുവരുന്നുമുണ്ട്. അതിൽ ഇപ്പോൾ ഏറ്റവും സജീവമായി ചർച്ചയാകുന്നത് അവയിലെ സിം ട്രേയെപ്പറ്റിയാണ്.
സിം ട്രേകളോട് ആപ്പിൾ വിട പറയുന്നുവോ
ഐഫോണിലെ സിം ട്രേകളോട് വിട പറയാൻ ആപ്പിൾ തയാറെടുത്തിരിക്കുന്നുവെന്ന് പുതിയ ചില ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അതായത് പുതിയ ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളിൽ നിന്നും ആപ്പിൾ സിം ട്രേ നീക്കിയിരിക്കുന്നത്രേ. എന്നാൽ പ്രധാനമായും യൂറോപ്യൻ വിപണിക്കായുള്ള ഐഫോണുകളിലാണ് ഈ മാറ്റം നടപ്പാക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മാക്‌റൂമേഴ്സിന്റെ പുതിയ റിപ്പോർട്ട് പറയുന്നത് യൂറോപ്യൻ യൂണിയനിൽ (ഇയു) വിൽപ്പനയ്ക്ക് എത്തിക്കുന്ന എല്ലാ ഐഫോൺ 17 മോഡലുകളിൽ നിന്നും സിം കാർഡ് ട്രേ നീക്കം ചെയ്യാൻ ആപ്പിൾ പദ്ധതിയിടുന്നു എന്നാണ്. ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നിവയുൾപ്പെടെ 27 വ്യത്യസ്ത രാജ്യങ്ങൾ യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുന്നു.
ഈ യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തവണ വിൽപ്പനയ്ക്കായി എത്തിക്കുന്ന ഐഫോൺ 17 സീരീസ് മോഡലുകളിൽ ഇ-സിം മാത്രമേ ഉപയോഗിക്കാനാകൂ എന്നാണ് മാക് റൂമേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ റീട്ടെയിലർമാരോട് ഇസിം പിന്തുണയെക്കുറിച്ചുള്ള പരിശീലന കോഴ്‌സ് പൂർത്തിയാക്കാൻ ആപ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. എന്നാലിത് ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ലോഞ്ച് ഇവന്റിന് ശേഷമേ ഇക്കാര്യത്തിൽ ഒരു വ്യക്തമായ ചിത്രം പുറത്തുവരൂ.
ഇ-സിമ്മിലേക്ക് മാറാൻ ഇന്ത്യയിൽ കടുംപിടുത്തമില്ല
ഇന്ത്യയിൽ എല്ലാ മോഡലുകളിലും ഇ-സിം പിന്തുണ മാത്രമായി അവതരിപ്പിക്കാൻ ആപ്പിൾ ഉദ്ദേശിക്കുന്നില്ല. ഇന്ത്യയിൽ വിൽക്കുന്ന ഐഫോണുകൾ ഇതിനകം തന്നെ ഇ-സിം കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, സിം കാർഡ് സൗകര്യത്തിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി ആപ്പിൾ ഫിസിക്കൽ സ്ലോട്ട് നൽകുന്നത് പുതിയ മോഡലുകളിലും തുടരും.
ഒരു മോഡൽ മാത്രം ചിലപ്പോൾ വേറിട്ട് നിൽക്കും
ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഐഫോൺ മോഡലുകളിൽ സിം-ട്രേ നിലനിർത്താൻ ആപ്പിൾ തയാറാകുമെങ്കിലും ഒരു മോഡൽ ചിലപ്പോൾ സിം ട്രേ ഇല്ലാതെ വന്നേക്കാം എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഐഫോൺ 17 എയർ ആയിരിക്കും അത്. കാരണം, ഇതുവരെുയുള്ളതിൽ ഏറ്റവും സ്ലിം ഐഫോൺ മോഡൽ എന്ന നിലയിലാണ് ഐഫോൺ 17 എയർ ആപ്പിൾ അവതരിപ്പിക്കുക.
അതിനാൽ സ്ലിം ഡിസൈൻ നിലനിർത്തുന്നതിന്റെ ഭാഗമായി സിം ട്രേ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ ഐഫോൺ മോഡൽ ഒരുപക്ഷേ ഐഫോൺ 17 എയർ ആയിരിക്കാം. ഇസിം പിന്തുണയെക്കുറിച്ചുള്ള ആപ്പിളിന്റെ പരിശീലന കോഴ്‌സ് ആപ്പിളിന്റെ സീഡ് ആപ്പിൽ ലഭ്യമാണ്, ആപ്പിൾ സ്റ്റോർ ജീവനക്കാരും റീട്ടെയിലർമാരും ആഗോളതലത്തിൽ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
മാക് റൂമേഴ്സ് പുറത്തുവിട്ട ലീക്ക് റിപ്പോർട്ടിനപ്പുറം, സിം ട്രേ ഒഴിവാക്കുന്നതിനെപ്പറ്റി ആപ്പിൾ നിലവിൽ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. രാജ്യങ്ങൾ അനുസരിച്ച് മോഡലുകളിൽ ചില മാറ്റങ്ങൾ വന്നേക്കാം എന്നതിനാൽ ചിലപ്പോൾ മാക് റൂമേഴ്സ് റിപ്പോർട്ട് സത്യമാകാൻ സാധ്യതയുണ്ട്. മുൻ മോഡലുകളെക്കാൾ 50 ഡോളർ കൂടുതൽ വിലയിലാകും ഇത്തവണത്തെ ഐഫോണുകൾ എത്തതാണ് മറ്റൊരു ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുള്ളത്.


Click it and Unblock the Notifications








