ഐഫോൺ 17 സീരീസിൽ ഒരു മോഡലിന് മാത്രമേ വില കൂടുകയുള്ളോ? പുതിയ ലീക്ക് റിപ്പോർട്ട് പുറത്ത്
ഐഫോൺ 17 സീരീസ് ലോഞ്ചിന് ഇനി ഒരാഴ്ച മാത്രം ശേഷിക്കെ വരാൻ പോകുന്ന മോഡലുകളുടെ വില എന്താകും എന്ന ആകാംക്ഷ കൂടുതൽ സജീവമാണ്. മുൻ ലീക്ക് റിപ്പോർട്ടുകൾ പറഞ്ഞത് ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകൾക്കും വില കൂടും എന്നാണ്. എന്നാൽ ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുറത്തുവന്ന ഒരു പുതിയ ലീക്ക് റിപ്പോർട്ട് മുൻപ് വന്നതിൽ നിന്ന് വ്യത്യസ്തമായ വാദങ്ങൾ ആണ് മുന്നോട്ട് വച്ചിരിക്കുന്നത്. അതായത് മുൻപ് വന്ന റിപ്പോർട്ടുകൾ പറഞ്ഞത് ഐഫോൺ 17ന് ഐഫോൺ 16നെക്കാൾ വില കൂടുമെന്നാണ്. അതേപോലെ മറ്റ് മോഡലുകൾക്കും വില മുൻ മോഡലുകളെക്കാൾ കൂടുമെന്ന്.
ഏറ്റവും പുതിയ റിപ്പോർട്ടിലെ വില
ഐഫോൺ 17 സീരീസ് വില സംബന്ധിച്ച് മുൻപ് വന്ന ലീക്ക് റിപ്പോർട്ടുകളെ ഭാഗികമായി തള്ളുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതായത് പുതിയ സീരീസിലെ മിക്ക മോഡലുകൾക്കും കഴിഞ്ഞ വർഷത്തെ അതേ വിലകൾ തന്നെ ഉണ്ടായിരിക്കാമെന്നും ഒരു വേരിയന്റിന് മാത്രമേ വില കൂടാൻ സാധ്യതയുള്ളൂ എന്നുമാണ് പുതിയ ഒരു ലീക്ക് റിപ്പോർട്ട് പറയുന്നത്.

ജെപി മോർഗൻ ആണ് അവരുടെ ഏറ്റവും പുതിയ ഗവേഷണ കുറിപ്പിൽ ഐഫോൺ 17 സീരീസിന്റെ വില എങ്ങനെ വർദ്ധിക്കുമെന്നതിനെക്കുറിച്ചുള്ള കണക്കുകൾ പങ്കുവച്ച് പുതിയതായി രംഗത്തെത്തിയിരിക്കുന്നത്. മുൻപ് ചൈനീസ് ടിപ്‌സ്റ്റർ ഇൻസ്റ്റന്റ് ഡിജിറ്റൽ പറഞ്ഞത് ഏകദേശം 50 ഡോളർ വരെ വില വർധന ഐഫോൺ 17 സീരീസിൽ ഉണ്ടാകും എന്നാണ്. എന്നാൽ ആ വാദത്തെ ജെപിമോർഗൻ തള്ളുന്നു.
സ്റ്റാന്റേർഡ് മോഡലായ ഐഫോൺ 17 ഇത്തവണയും മുൻ മോഡലായ ഐഫോൺ 16യുടെ അതേ പ്രാരംഭ വിലയായ 799 ഡോളറിൽ തന്നെ എത്തുമെന്ന് മോർഗന്റെ ഗവേഷണ റിപ്പോർട്ട് പറയുന്നു. ഇത്തവണ വില വർധിക്കാൻ സാധ്യതയുള്ള ഏക മോഡൽ പുതിയതായി അവതരിപ്പിക്കുന്ന ഐഫോൺ 17 പ്രോ ആയിരിക്കുമെന്നാണ് ഇവരുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഐഫോൺ 17 സീരീസിൽ ഐഫോൺ 17 പ്ലസ് മോഡൽ ഉണ്ടാകില്ല. അതിന് പകരമായി ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള ഐഫോൺ എന്ന പ്രത്യേകതയുമായി ഐഫോൺ 17 എയർ ഇടംപിടിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ മോഡലിന് 899 ഡോളറിനും 949 ഡോളറിനും ഇടയിലായിരിക്കും വില എന്ന് ജെപി മോർഗൻ റിപ്പോർട്ട് പറയുന്നു. ഐഫോൺ 16 പ്ലസ് 899 ഡോളറിനാണ് ലോഞ്ച് ചെയ്തത്.
ചൈനയിൽ നിന്ന് മുൻപ് വന്ന ചില ലീക്ക് റിപ്പോർട്ടുകൾ പറഞ്ഞത്, ഐഫോൺ 17 എയർ യുഎസിൽ 949 ഡോളർ (ഇന്ത്യയിൽ ഏകദേശം 99,900 രൂപ) വിലയിൽ എത്തിയേക്കും എന്നാണ്. അതേസമയം, പ്രോ മോഡലിന് വില കൂടാൻ സാധ്യതയുണ്ട് എന്ന് പുതിയ റിപ്പോർട്ടിൽ സൂചനയുണ്ട്. അതിന് കാരണം ഐഫോൺ 17 പ്രോയുടെ സ്റ്റോറേജ് ശേഷിയിൽ മാറ്റം വരുന്നു എന്നതിനാലാണ്.
ഐഫോൺ 16 പ്രോ പ്രാരംഭ മോഡൽ 128ജിബി സ്റ്റോറേജ് സഹിതം എത്തിയിരുന്നു. എന്നാൽ ഇത്തവണ 17പ്രോയ്ക്ക് 128ജിബി ബേസ് മോഡൽ ഉണ്ടാകില്ല. പകരം 256ജിബി സ്റ്റോറേജ് പ്രാരംഭ മോഡൽ ആകും ഉണ്ടാകുക. ഐഫോൺ 16 പ്രോയുടെ 128ജിബി വേരിയന്റിന് 999 ഡോളറും 256ജിബി മോഡലിന് 1,099 ഡോളറുമായിരുന്നു വില. ഈ വർഷം 17 പ്രോയ്ക്ക് 999 ഡോളറിൽക്കൂടുതൽ വില നൽകേണ്ടിവരും, എന്നാൽ ഉയർന്ന സ്റ്റോറേജ് ശേഷി ലഭിക്കുമെന്ന നേട്ടമുണ്ട്.

ഐഫോൺ 17 പ്രോ മാക്സ് മോഡലും ഐഫോൺ 16 പ്രോ മാക്സിന്റെ അതേ വിലയിൽ തന്നെ എത്തിയേക്കാം എന്നാണ് ജെപി മോർഗൻ ഗവേഷണ റിപ്പോർട്ട് പറയുന്നത്. എന്തായാലും യഥാർഥത്തിൽ ഈ ഫോണുകൾ എന്ത് വിലയിൽ അവതരിപ്പിക്കപ്പെടും എന്നത് സെപ്റ്റംബർ 9ന് നിശ്ചയിച്ചിരിക്കുന്ന ലോഞ്ച് ഇവന്റിൽ മാത്രമേ സ്ഥിരീകരിക്കപ്പെടൂ.


Click it and Unblock the Notifications








