വിശ്രമിക്കാൻ സമയമില്ല! ആപ്പിൾ ഐഫോൺ 18 സീരീസിൽ വരുന്നത് 4 അല്ല 6 മോഡലുകൾ
ഐഫോൺ 17 സീരീസ് ലോഞ്ച് കഴിഞ്ഞ്, അവ ലോകമെമ്പാടുമുള്ള വിപണികളിൽ വിൽപ്പനയും ആരംഭിച്ചിരിക്കുന്നു. ഈ ഘട്ടത്തിൽ തന്നെ അടുത്ത ഐഫോൺ 18 സീരീസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ആരംഭിച്ചിട്ടുണ്ട്. അടുത്ത ഐഫോൺ 18 സീരീസ് ലോഞ്ചിന് ഇനിയും ഒരു വർഷത്തോളം സമയമുണ്ട്, എങ്കിലും ഇപ്പോൾ പുതിയ ഐഫോൺ 17 സീരീസിന്റെ വിൽപ്പന ആരംഭിച്ചതിന് പിന്നാലെ തന്നെ അടുത്ത ഐഫോണുകൾ എങ്ങനെയായിരിക്കും എത്തുക, ഏതൊക്കെ മോഡലുകൾ ഉണ്ടാകും, എപ്പോൾ ലോഞ്ച് ചെയ്യും എന്നിങ്ങനെയുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ ഉയർന്നുവരുന്ന ചർച്ചകളിലെ പ്രധാന സംഗതികളിലൊന്ന് അടുത്ത ഐഫോൺ നിരയിൽ 6 മോഡലുകൾ ഉണ്ടാകും എന്നതാണ്.
ഇത്തവണത്തെ ഐഫോൺ 17 സീരീസിൽ ഐഫോൺ 17, 17 എയർ, 17 പ്രോ, 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഒറ്റയടിക്ക് ലോഞ്ച് ചെയ്തത്. ഇനി ഈ സീരീസിലേക്ക് ഐഫോൺ 17e എന്ന മോഡൽ കൂടി ആപ്പിൾ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം അടുത്ത വർഷം ഇറങ്ങുന്ന ഐഫോൺ 18 സീരീസുമായി ബന്ധപ്പെട്ട് 6 മോഡലുകൾ വിപണിയിൽ എത്തും. എന്നാൽ ഇവയുടെ ലോഞ്ച് സമയക്രമങ്ങളിൽ മാറ്റം ഉണ്ടാകും. ആറ് മോഡലുകളും ഒന്നിച്ച് ആയിരിക്കില്ല എത്തുക. 2026 മുതൽ ആപ്പിൾ തങ്ങളുടെ ഐഫോൺ ലോഞ്ച് രീതി മാറ്റാൻ ആലോചിക്കുന്നതായി ഐഫോൺ 17 സീരീസ് ഇറങ്ങുന്നതിന് മുൻപ് തന്നെ ചില വാർത്തകൾ വന്നിരുന്നു.
ഐഫോൺ 18 സീരീസിൽ ആകെ 6 മോഡലുകൾ ഉണ്ടാകും എന്ന അഭ്യൂഹം ശക്തമാകാൻ കാരണം വരാൻ പോകുന്ന ഒരു പുതിയ ഐഫോൺ മോഡലിനെ കുറിച്ചുള്ള ലീക്ക് റിപ്പോർട്ടുകളാണ്. ഐഫോൺ 18, ഐഫോൺ 18 എയർ, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ പ്രധാന നാല് മോഡലുകൾക്ക് പുറമേ ഐഫോൺ 18e എന്ന ബജറ്റ് ഓപ്ഷനും കൂടി ചേരുമ്പോൾ 5 മോഡലുകളായി.
ഈ അഞ്ച് ഐഫോൺ മോഡലുകൾക്ക് പുറമേ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണും ഐഫോൺ 18 സീരീസിനോട് അനുബന്ധിച്ച് പുറത്തിറക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അങ്ങനെയാണ് ആകെ 6 മോഡലുകൾ ഐഫോൺ 18 സീരീസിൽ എത്തും എന്ന് പറയപ്പെടുന്നത്. അതിൽ പ്രധാന മോഡലുകൾ അടുത്ത വർഷം സെപ്റ്റംബറിൽ ആകും അവതരിപ്പിക്കപ്പെടുക.
അടുത്ത ഐഫോൺ 18 സീരീസിന്റെ ലോഞ്ച് സമയക്രമം സംബന്ധിച്ച് പ്രമുഖ അനലിസ്റ്റായ മിംഗ്-ചി കുവോ ചില നിരീക്ഷണങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന സെപ്റ്റംബറിലെ പ്രധാന ലോഞ്ചിൽ ഫോൾഡബിൾ ഐഫോൺ, ഐഫോൺ എയർ, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളാകും ഉണ്ടാകുക എന്നാണ് അദ്ദേഹം പറയുന്നത്.
പിന്നീട് സ്റ്റാന്റേർഡ് ഐഫോൺ 18 മോഡലും ബജറ്റ് ഫ്രണ്ട്‌ലി ഐഫോൺ 18e മോഡലും 2027 ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്തേക്കാം എന്ന് മിംഗ്-ചി കുവോ അഭിപ്രായപ്പെടുന്നു. ഇത്തവണത്തെ ഐഫോൺ 17 സീരീസ് ലോഞ്ചിലെ ആകാംക്ഷ കൂടുതലും ഏറ്റവും കനം കുറഞ്ഞ ഐഫോൺ 17 എയർ എന്ന മോഡലിനെ ചുറ്റിപ്പറ്റിയായിരുന്നു.
എന്നാൽ അടുത്ത ഐഫോൺ ലോഞ്ച് ഇവന്റിലെ മുഖ്യ ശ്രദ്ധാകേന്ദ്രം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ എന്ന പ്രത്യേകതയുമായി അവതരിപ്പിക്കപ്പെടുന്ന മോഡലിൽ ആയിരിക്കും. ഇത്തവണ ഐഫോൺ 17 സീരീസിൽ കണ്ടതുപോലെ ഒരു വില വർധന അടുത്ത വർഷം ഉണ്ടാകുമോ എന്നകാര്യം ഇപ്പോൾ പറയാറായിട്ടില്ല.


Click it and Unblock the Notifications








