കഥ കഴിഞ്ഞു എന്ന് കരുതിയിടത്തുനിന്നുള്ള തിരിച്ചുവരവാ! ആപ്പിളിനെ എഴുതിത്തള്ളല്ലേ, ഐഫോൺ എയർ 2 വരുന്നു
ഒറ്റ മോഡലോടെ തന്നെ കഥ കഴിഞ്ഞു എന്ന് കരുതിയ ആപ്പിളിന്റെ ഐഫോൺ എയർ മോഡൽ തിരിച്ചുവരുന്നു.
പ്രോ മോഡലുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ഐഫോൺ ലോഞ്ചിലെ മുഖ്യ ശ്രദ്ധാകേന്ദ്രം എയർ മോഡൽ ആയിരുന്നു. 5.6 മില്ലീമീറ്റർ വലിപ്പം മാത്രമുള്ള ഐഫോൺ എയർ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള ഐഫോൺ എന്ന നിലയിൽ വലിയ ചർച്ചയായി. എന്നാൽ ലോഞ്ച് ചെയ്ത് വില പുറത്തുവന്നപ്പോൾ തന്നെ ആരാധകർ ഒന്ന് ഞെട്ടി, പ്രോ മോഡലിനോട് അടുത്ത് നിൽക്കുന്ന വിലയാണ് ഈ സ്ലിം മോഡലിന് ആപ്പിൾ ഇട്ടത്. എന്നാൽ അതിനുതക്ക ഫീച്ചറുകൾ ഇതിൽ ഉണ്ടോ അതുമില്ല.
കുറച്ച് കട്ടികുറഞ്ഞ ഒരു ഫോൺ കൊണ്ടുനടക്കാൻ ഒരുലക്ഷത്തിന് മുകളിൽ വിലകൊടുക്കണം എന്ന നില അംഗീകരിക്കാൻ ആപ്പിൾ ആരാധകർ പോലും തയാറായില്ല, അതിന്റെ ഫലമോ? വിൽപ്പന ആരംഭിച്ച് അധികം കഴിയും മുമ്പേ ഐഫോൺ എയർ മോഡൽ പ്രൊഡക്ഷൻ കുറയ്ക്കാൻ ആപ്പിൾ തീരുമാനിച്ചു എന്ന റിപ്പോർട്ടുകൾ വന്നു.

അതായത് വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ഐഫോൺ 17 സീരീസിലെ എയർ മോഡലിന് സാധിച്ചില്ല. അതോടെ ഐഫോൺ എയർ മോഡൽ ഉപേക്ഷിക്കുമെന്നും വരാൻ പോകുന്ന 18 സീരീസിൽ എയർ മോഡലിന് പകരം പ്ലസ് മോഡൽ തിരിച്ചെത്തും എന്നും വാർത്തകൾ വന്നു. എന്നാൽ പിന്നീട് വന്ന വാർത്തകൾ പറഞ്ഞത് ഐഫോൺ എയർ എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ ആപ്പിൾ ഉദ്ദേശിക്കുന്നില്ല എന്നാണ്.
ആദ്യ ഐഫോൺ എയർ മോഡലിൽ ഉണ്ടായ പാളിച്ചകൾ പരിഹരിച്ചുകൊണ്ട് 2027ൽ ഐഫോൺ എയർ 2 ആപ്പിൾ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അതായത് പോരായ്മകൾ ആപ്പിൾ സമയമെടുത്ത് പരിഹരിച്ച് പൂർവാധികം ശക്തിയോടെ എയർ മോഡലിനെ തിരിച്ചുകൊണ്ടുവരും. ഈ തിരിച്ചുവരവിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ പ്രതീക്ഷിക്കാം.

ഐഫോൺ എയർ 2027ൽ എയർ 2 മോഡലായി വരുമ്പോൾ സംഭവിക്കുന്ന രണ്ട് കാര്യങ്ങളിൽ ആദ്യത്തേത് വില കുറഞ്ഞേക്കും എന്നതാണ്. രണ്ടാമത്തെ കാര്യം റിയർ ക്യാമറ സജ്ജീകരണം ഒന്നിൽ നിന്ന് രണ്ടായി ഉയരും എന്നതും. ഐഫോൺ എയർ മോഡലിന്റെ പരാജയത്തിന്റെ രണ്ട് പ്രധാന കാരണങ്ങൾ വിലയും ക്യാമറയും ആയിരുന്നു.
സ്ലിം ബോഡി സജ്ജീകരിക്കാൻ ആപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ വിട്ടുവീഴ്ച ചെയ്യുകയും ഒറ്റ ക്യാമറയിൽ ഒതുക്കുകയും ചെയ്തു. എന്നാൽ വിലയൊട്ട് കുറച്ചോ അതുമില്ല. ഇന്ത്യയിൽ 1,19,900 രൂപയായിരുന്നു ഐഫോൺ എയർ മോഡലിന്റെ വില. ഇത്ര ഉയർന്ന വിലയിൽ ഒരു റിയർ ക്യാമറ മാത്രമുള്ള ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നത് നഷ്ടമാണ് എന്ന് ഉപയോക്താക്കൾ വിലയിരുത്തിയത് ഈ മോഡലിന് തിരിച്ചടിയായി.
എന്തായാലും വിലയിലും ഫീച്ചറിലും മാറ്റങ്ങളോടെ 2027ൽ ഐഫോൺ എയർ 2 എത്തുമെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. ദി ഇൻഫർമേഷന്റെ റിപ്പോർട്ട് അനുസരിച്ച്, V62 എന്ന കോഡ് നാമത്തിലുള്ള ഐഫോൺ എയർ 2 ന്റെ നിർമ്മാണത്തിലാണ് ആപ്പിൾ. ഇതിന്റെ ലോഞ്ച് 2027 ന്റെ തുടക്കത്തിൽ കാണും.

എയർ 2 മോഡലിൽ ഒരു എക്സ്ട്രാ ക്യാമറ ഉൾപ്പെടുത്താൻ ആപ്പിൾ ശ്രമിക്കുന്നതിന്റെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഡിജിറ്റൽ ക്രോപ്പിംഗ് വഴി ഐഫോൺ എയറിന് 2x ടെലിഫോട്ടോ മോഡ് നൽകാൻ കഴിയുമെന്ന് ആപ്പിൾ അവകാശപ്പെടുന്നതിനാൽ ഇത് ഒരു അൾട്രാവൈഡ് ലെൻസായിരിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. റീ ഡിസൈൻ ചെയ്ത ഐഫോൺ എയർ 2 ന്റെ പരീക്ഷണ പ്രൊഡക്ഷൻ ചൈനയിലെ ലക്സ്ഷെയറിന്റെ കുൻഷാൻ ഫാക്ടറിയിൽ നടക്കുന്നുവെന്നും 2026 മാർച്ചിൽ ഉൽപാദനം പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.


Click it and Unblock the Notifications








