ആരാണ് ആ പുതിയ അംഗം ! ടിം കുക്കിന് പറയാനുള്ള രഹസ്യം എന്ത്, എന്താണ് ആപ്പിൾ തരാൻ പോകുന്നത്...
ഒരുപാട് ആരാധകരുള്ള കമ്പനിയാണ് ആപ്പിൾ. ആപ്പിളിന്റെ ഓരോ പ്രൊഡക്ടിനും വേണ്ടി ആളുകൾ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇതിനാൽ തന്നെ ആപ്പിൾ കമ്പനിയെ കുറിച്ചും അവരുടെ പുതിയ പ്രൊഡക്ടുകളെ കുറിച്ചും നിരവധി അഭ്യൂഹങ്ങളും ഇടക്കിടക്ക് പുറത്തുവരാറുണ്ട്. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ വെറും അഭ്യൂഹങ്ങളല്ല. കഴിഞ്ഞ ദിവസം ആപ്പിളിന്റെ സിഇഒ സാക്ഷാൽ ടിം കുക്ക് ഒരു ഗംഭീര പ്രഖ്യാപനം എക്‌സിൽ നടത്തി. 'Get ready to meet the newest member of the family' എന്ന് കുറിച്ച ശേഷം വെള്ളി നിറത്തിലുള്ള ആപ്പിളിന്റെ ലോഗോയും ഉൾപ്പെടുത്തിയായിരുന്നു പോസ്റ്റ്. ആപ്പിൾ ലോഞ്ച് എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം നൽകിയതോടെ സംഭവം ഒരു മാസ്സ് എൻട്രിക്കുള്ള ഒരുക്കമാണെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം.
പേരോ പ്രൊഡക്ടോ വിശദീകരിക്കാതെ ചെറിയ കുറിപ്പിട്ട് പോയതിന് പിന്നാലെ ഇത് ശരിക്കും ഐഫോൺ എസ്ഇ 4 നെകുറിച്ച് തന്നെയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഫെബ്രുവരി 19, ബുധൻ എന്നുകൂടി ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ അന്നേ ദിവസം ഐഫോൺ എസ്ഇ 4 പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആപ്പിൾ ആരാധകർ.

ഇതിന് മുമ്പത്തെ പതിപ്പ് അതായത് ഐഫോൺ എസ്ഇ 3 പുറത്തിറങ്ങിയത് 2022ലാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം വരുന്ന എസ്ഇ സീരീസിലെ പുതിയ അംഗത്തതിന് പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും ആപ്പിൾ മടിക്കില്ല എന്ന കാര്യം ഉറപ്പാണ്. ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ വിലക്കുറവാണ് ഐഫോൺ എസ്ഇ സീരീസിന്റെ പ്രത്യേകത.
പുറത്തുവരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ 499 യുഎസ് ഡോളർ മുതൽ ഇതിന്റെ വില ആരംഭിക്കും. അതായത് 44,000 ഇന്ത്യൻ രൂപ ഈ ഫോണിന് വിലയാകും. നികുതി കൂടി ഉൾപ്പെടുന്നതോടെ വില ഇനിയും ഉയരാനാണ് സാധ്യത. ആപ്പിളിന്റെ മറ്റു ഐഫോണുകളെ താരതമ്യപ്പെടുത്തുകയാണെങ്കിൽ ഈ വില വളരെ കുറവാണ്.

ആപ്പിളിന്റെ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ എന്ന് വേണമെങ്കിൽ എസ്ഇ സീരീസിനെ വിളിക്കാം. ഇതിന് മുമ്പ് പുറത്തിറങ്ങിയ ഐഫോൺ എസ്ഇ 3 യുടെ ലോഞ്ചിങ് സമയത്ത് 43,900 രൂപയായിരുന്നു വില. പക്ഷെ നികുതി വർദ്ധനവ് കാരണം എസ്ഇ 3യുടെ വില പിന്നീട് 49,900 രൂപയായി ഉയർന്നിരുന്നു.
48 മെഗാപിക്‌സൽ ക്യാമറയാണ് ഐഫോൺ എസ്ഇ 4ന് നൽകിയിരിക്കുന്നത്. 24 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ടെന്നും പുതിയ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഐഫോൺ എസ്ഇ 3 യുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ 12 മെഗാപിക്‌സൽ ക്യാമറയായിരുന്നു നൽകിയിരുന്നത്. ഫ്രണ്ട് ക്യാമറക്ക് ഏഴ് മെഗാ പിക്‌സൽ നൽകിയിരുന്നു.

6.1 ഇഞ്ച് വരുന്ന OLED Super Retina XDR ഡിസ്‌പ്ലേയാണ് ഐഫോൺ എസ്ഇ 4ന് നൽകിയിരിക്കുന്നതെന്നും പുതിയ റിപ്പോർട്ടുകളിലുണ്ട്. ഹോം ബട്ടണോ ബെസ്സെൽസോ പുറത്തിറങ്ങുന്ന ഈ ഫോണിനുണ്ടാവില്ല. എസ്ഇ സീരീസിൽ ഫേസ് ഐഡി വരുന്നു എന്ന സവിശേഷതയും ഐഫോൺ എസ്ഇ 4ന്റെ പ്രത്യേകതയാണ്.
പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മികച്ച ഒരു ഐഫോൺ തന്നെയാവും എസ്ഇ സീരീസിന്റെ പുതിയ പതിപ്പെന്ന് നിസ്സംശയം പറയാം. കാത്തിരുന്ന് വരുന്ന ഈ ഫോൺ സ്വന്തമാക്കാൻ ആപ്പിൾ ആരാധകരും കാത്തിരിപ്പിലാണ്. കാത്തിരിപ്പ് ഫെബ്രുവരി 19ന് അവസാനിക്കുമെന്ന ആശ്വാസവും ആപ്പിൾ ആരാധകർക്കുണ്ട്. എതായാലും കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








