ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ! മാസ് എൻട്രിക്ക് ഐഫോൺ എസ്ഇ 4 റെഡി; ഇന്ത്യൻ വിലയും ഫീച്ചറുകളും
ടെക് ലോകത്തെ തലതൊട്ടപ്പനായ ആപ്പിൾ കമ്പനിക്ക് ഒരുപാട് ആരാധകരുണ്ട്. ഓരോ പുതിയ പ്രൊഡക്ടും ലോഞ്ച് ചെയ്യുന്നത് മുതൽ കൈയിലെത്തും വരെ ഈ ആരാധകർ അക്ഷമരായി കാത്തിരിക്കും. ക്ഷമ നശിച്ചുകൊണ്ടിരിക്കുന്ന ഐഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഐഫോൺ ഉപയോക്താക്കൾ കാത്തിരുന്ന ഐഫോൺ എസ്ഇ 4 (Iphone SE4 ) അടുത്ത ആഴ്ച വിപണിയിലെത്തുമെന്ന് പുതിയ റിപ്പോർട്ടുകൾ. ആപ്പിളിന്റെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളാണ് എസ്ഇ സീരീസ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഐഫോൺ എസ്ഇ സീരീസിന്റെ പുതിയ തലമുറ പുറത്തിറങ്ങുന്നത്. കൃത്യമായി പറയുകയാണെങ്കിൽ രണ്ട് വർഷത്തിന് ശേഷമാണ് ആപ്പിൾ എസ്ഇ സീരീസിൽ ഫോണുകൾ പുറത്തിറക്കുന്നത്.
2022 ലാണ് ആപ്പിൾ ഐഫോൺ എസ്ഇ 3 അവതരിപ്പിച്ചത്. മൂന്നാമത്തെ വർഷം വരുന്ന പുതിയ ഫോൺ ആരാധകരെ നിരാശരാക്കാനിടയില്ല. നീണ്ട കാത്തിരിപ്പിന് ശേഷമുള്ള മാസ്സ് എൻട്രിയിൽ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആപ്പിളിന്റെ ഫ്ളാഗ്ഷിപ്പ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ വിലക്കുറവാണ് ഐഫോൺ എസ്ഇ സീരീസിന്റെ പ്രത്യേകത. ഇതുതന്നെയാണ് ആപ്പിൾ ആരാധകർ കാത്തിരുന്നതും

വില നിർണ്ണയം പരസ്യമാക്കിയിട്ടില്ലെങ്കിലും പോക്കറ്റ് കാലിയാകാതെ ഈ ഫോൺ സ്വന്തമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം 499 യുഎസ് ഡോളർ മുതൽ ഇതിന്റെ വില ആരംഭിക്കും. അതായത് 44,000 ഇന്ത്യൻ രൂപയാകും. ഐഫോൺ എസ്ഇ 3 യുടെ ലോഞ്ചിങ് സമയത്ത് 43,900 രൂപയായിരുന്നു വില. വിലമാറ്റമില്ലെന്ന് സാരം. പക്ഷെ നികുതി വർദ്ധനവ് കാരണം എസ്ഇ 3യുടെ വില പിന്നീട് 49,900 രൂപയായി ഉയർന്നിരുന്നു.
48 മെഗാപിക്സൽ ക്യാമറയാണ് ഇതിന് നൽകിയിരിക്കുന്നത്. ഐഫോൺ എസ്ഇ 3 യുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ 12 മെഗാപിക്സൽ ക്യാമറയായിരുന്നു നൽകിയിരുന്നത്. ഐഫോൺ എസ്ഇ 4ന് 24 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. ഐഫോൺ എസ്ഇ 3ക്ക് 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയായിരുന്നു ആപ്പിൾ നൽകിയിരുന്നത്.

ഡിസൈനിൽ ഒരു പൊളിപൊളിക്കാനും ആപ്പിളിന് നീക്കമുണ്ട്. ഐഫോൺ 14ന്റെ അതേ മാതൃകയിൽ തന്നെയാകും എസ്ഇ 4 പുറത്തിറക്കുക എന്നാണ് പുതിയ റിപ്പോർട്ടിലുള്ള സൂചന. 6.1 ഇഞ്ച് വരുന്ന ഫുൾ-സ്‌ക്രീൻ ഡിസ്‌പ്ലെയാണ് ഫോണിന് നൽകിയിരിക്കുന്നത്. ഹോം ബട്ടണോ ബെസ്സെൽസോ ഫോണിലുണ്ടാവില്ല. എസ്ഇ സീരീസിൽ ഫേസ് ഐഡി വരുന്നു എന്ന സവിശേഷതയും ഐഫോൺ എസ്ഇ 4ന്റെ പ്രത്യേകതയാണ്.
ക്യാമറ, ചിപ്പ് എന്നിവയ്ക്ക് പുറമെ ബാറ്ററിയിലും ഐഫോൺ എസ്ഇ 4 വമ്പൻ അപ്‌ഡേറ്റ് കൊണ്ടുവരും എന്നാണ് പ്രതീക്ഷ. ഐഫോൺ എസ്ഇ 3യിലെ എൽസിഡി സ്‌ക്രീനിൽ നിന്ന് മെച്ചപ്പെട്ട ഐഫോൺ എസ്ഇ 4ൽ ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ സ്‌ക്രീൻ സൈസും വലുതാകും.
ഐഫോൺ എസ്ഇ 3ന് 4.7 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിരുന്നതെങ്കിൽ ഐഫോൺ എസ്ഇ 4ന് 6.1 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഇതിന് 60Hz റിഫ്രഷ് റേറ്റ് പിന്തുണയുമുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ആപ്പിളിന്റെ കരുത്തുറ്റ എഐ18 ചിപ്പിൽ വരുന്ന ഐഫോൺ എസ്ഇ 4 -ൽ പുത്തൻ എഐ ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. ഐഫോൺ 16 സിരീസ് ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ഉപയോഗിച്ച ചിപ്പാണ് എ18.

പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈ വർഷത്തെ ആദ്യ മൊബൈൽ ഫോൺ ലോഞ്ചിന് ആപ്പിൾ തയ്യാറെടുക്കുന്നത്. ഗംഭീര ലോഞ്ചിന് പകരം ഐപാഡുകൾ പുറത്തിറക്കിയപോലെ ലളിതമായ രീതിയിൽ പത്രക്കുറിപ്പിലൂടെ മാത്രം ഉപയോക്താക്കളെ അറിയിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്. കൃത്യമായ ഒരു തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ ഐഫോൺ എസ്ഇ 4 വാങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








