ബാറിലിരുന്ന് ഐഫോൺ ഉപയോഗിച്ചു; യുവതിക്ക് നഷ്ടമായത് 8 ലക്ഷത്തോളം രൂപ
നിലവിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ മൊബൈൽ ഫോണുകൾ എന്ന നിലയിലാണ് ആപ്പിൾ തങ്ങളുടെ ഐഫോണുകൾ അവതരിപ്പിക്കുന്നത്. ഏറെക്കുറെ അത് ശരിയുമാണ്. ആൻഡ്രോയിഡ് ഡിവൈസുകളെ അപേക്ഷിച്ച് കൂടുതൽ ശേഷിയേറിയ സെക്യൂരിറ്റി ഫീച്ചറുകളുമായാണ് ഐഫോണുകൾ വിപണിയിൽ എത്തുന്നത്. അതീവ സുരക്ഷിതമെന്ന അവകാശവാദങ്ങൾ പലപ്പോഴും പാളിപ്പോകുന്ന കാഴ്ചകളും നാം കണ്ടിട്ടുണ്ട്.
വർഷങ്ങളായി ആഗോള ടെക്ക് വിപണിയിലെ മുടിചൂടാ മന്നനായി ആപ്പിൾ തുടരുന്നതിന് കാരണം കമ്പനിയോടും അതിന്റെ പ്രോഡക്റ്റുകളോടുമുള്ള വിശ്വാസ്യത തന്നെയാണ്. ഡിവൈസുകളും അതിലെ ഡാറ്റയും സുരക്ഷിതമാക്കുന്നതിനൊപ്പം ഏറ്റവും പുതിയ ഫീച്ചറുകളും പ്രീമിയം എക്സ്പീരിയൻസുമെല്ലാം കമ്പനി ഓഫർ ചെയ്യുന്നു. ഓരോ സോഫ്റ്റ്വെയർ അപ്ഡേറ്റിലും പുതിയ സെക്യൂരിറ്റി - പ്രൈവസി ഫീച്ചറുകളും കമ്പനി ഡിവൈസുകളിൽ എത്തിക്കാറുമുണ്ട്.

iPhone : ഐഫോൺ പാസ്കോഡ്
ഐഫോൺ യൂസേഴ്സിന് മികച്ച സുരക്ഷ ഓഫർ ചെയ്യുന്ന ഫീച്ചറുകളിൽ ഒന്നാണ് പാസ്കോഡുകൾ. എല്ലാ ഫോണുകളിലുമെന്ന പോലെ ഐഫോണുകൾ അൺലോക്ക് ചെയ്യാനും ഈ പാസ്കോഡുകൾ ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങളുടെ ഡിവൈസ് ഡാറ്റ പ്രൊട്ടക്റ്റ് ചെയ്യാനുമെല്ലാം സഹായിക്കുന്നത് ഈ പാസ്കോഡുകളാണ്. എന്നാൽ ഐഫോണിൽ നിങ്ങൾ സെറ്റ് ചെയ്തിരിക്കുന്ന പാസ്കോഡ് ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് വിവരങ്ങളും അത് വഴി അക്കൌണ്ടിൽ ഉള്ള പണവും മോഷ്ടിക്കപ്പെടാം. കേൾക്കുമ്പോൾ തല കറങ്ങുന്നുണ്ടോ? കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
നഷ്ടമായത് 10,000 യുഎസ് ഡോളർ
അടുത്തിടെ വാൾസ്ട്രീറ്റ് ജേർണലിൽ വന്ന ഒരു റിപ്പോർട്ടാണ് പാസ്കോഡ് മനസിലാക്കിയുള്ള പണം മോഷണ സംഭവങ്ങളിലേക്ക് വെളിച്ചം വീശിയത്. അമേരിക്കയിലെ മാൻഹാട്ടണിലാണ് സംഭവം. റേയ്ഹാൻ അയാസ് എന്ന യുവതിയാണ് മോഷണത്തിനിരയായത്. ഒരു ക്ലബിൽ വച്ച് ഒരാൾ റേയ്ഹാന്റെ ഐഫോൺ 13 പ്രോ മാക്സ് തട്ടിയെടുത്തു. പിന്നാലെ അവരുടെ അക്കൌണ്ടിൽ ഉണ്ടായിരുന്ന 10,000 യുഎസ് ഡോളർ ( ഏകദേശം 8 ലക്ഷം രൂപ ) നഷ്ടമാകുകയും ചെയ്തു. താങ്ക്സ്ഗിവിങ് ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം.

iPhone നഷ്ടമായി മിനിറ്റുകൾക്കുള്ളിൽ തന്നെ യുവതിയ്ക്ക് ആപ്പിൾ അക്കൌണ്ടിലേക്കുള്ള ആക്സസ് നഷ്ടമായി. മറ്റ് ഡിവൈസുകളിൽ നിന്നും ഫോണിലെ ഡാറ്റ ആക്സസ് ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ആപ്പിൾ ഐഡിയിൽ അറ്റാച്ച് ചെയ്‌തിരുന്ന ഫോട്ടോകളും കോണ്ടാക്‌റ്റുകളും നോട്ട്സും തുടങ്ങിയവയെല്ലാം നഷ്ടമായി. മണിക്കൂറുകൾക്കുള്ളിൽ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏകദേശം 10,000 ഡോളർ പിൻവലിക്കപ്പെടുകയും ചെയ്തു.
എന്നാൽ ഈ രീതിയിലുള്ള ആദ്യത്തെ തട്ടിപ്പ് സംഭവമല്ല ഇത്. മോഷ്ടിക്കപ്പെട്ട ഐഫോണുകളുടെ ഉടമകൾ സ്വന്തം അക്കൗണ്ടിൽ നിന്ന് ലോഗ് ഔട്ട് ആയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ സംഭവിക്കുന്നുവെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം. ഐഫോണുകൾ ഉപയോഗിക്കുന്നവരെ ഏറെ നേരം നിരീക്ഷിച്ച ശേഷമാണ് മോഷ്ടാക്കൾ കൃത്യത്തിലേക്ക് കടക്കുന്നത്. ഇതിനുള്ളിൽ തന്നെ ഡിവൈസിലെ പാസ്കോഡുകൾ അവർ മനസിലാക്കിയിട്ടുണ്ടാകും.

തുടർന്ന് മോഷ്ടിച്ച ഐഫോണുകളിലേക്ക് പാസ്കോഡുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യും. ഉടമയ്ക്ക് ആക്സസ് ലഭിക്കാത്ത വിധം ആപ്പിൾ ഐഡി പാസ്വേഡും ചെയ്ഞ്ച് ചെയ്യും. ഫോണിന്റെ സമ്പൂർണ നിയന്ത്രണം സ്വന്തമാക്കിക്കഴിഞ്ഞാൽ നേരെ ബാക്ക് അക്കൌണ്ടുകളിലേക്ക് ലോഗിൻ ചെയ്യും. ആപ്പിൾ ഐഡിയിൽ സേവ് ചെയ്തിരിക്കുന്ന ബാങ്ക് ക്രെഡൻഷ്യലുകൾ വഴിയാണ് അക്കൌണ്ടുകളുടെ ആക്സസ് സ്വന്തമാക്കുക. തുടർന്ന് അക്കൌണ്ടിലുള്ള പണം മുഴുവൻ മോഷ്ടാക്കൾ കാലിയാക്കും.
പ്രതിവിധി
പാസ്‌കോഡുകൾ മനസിലാക്കാൻ സാധിച്ചാൽ മോഷ്ടാക്കൾക്ക് കാര്യങ്ങൾ എളുപ്പമാകുമന്ന് മനസിലായല്ലോ. നമ്മുടെ അശ്രദ്ധയാണ് പാസ്കോഡുകൾ നൽകുന്ന സുരക്ഷിതത്വം ഇല്ലാതാക്കുന്നത്. പൊതു സ്ഥലങ്ങളിലും ക്ലബുകളിലുമൊന്നും ഫോൺ ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്ക് കാണാൻ കഴിയുന്ന വിധത്തിൽ പാസ്കോഡുകൾ എന്റർ ചെയ്യരുത്. ബാറുകളിലും മറ്റും പെട്ടെന്ന് സുഹൃത്തുക്കളാകുന്നവരോട് പാസ്കോഡുകൾ ഷെയർ ചെയ്യുകയും അരുത്. അത് പോലെ തന്നെ പാസ്കോഡിന്റെ സങ്കീർണതയും നിർണായകമാണ്.
എളുപ്പമുള്ള ഏതെങ്കിലും നമ്പർ പാസ്കോഡ് ആക്കാതെ അക്ഷരങ്ങളും നമ്പരുകളും ഉപയോഗിച്ചുള്ള പാസ്കോഡുകൾ ഉപയോഗിക്കാൻ ശീലിക്കുക. മോഷ്ടാക്കൾക്കോ നിങ്ങളെ നിരീക്ഷിക്കുന്നവർക്കോ എളുപ്പം മനസിലാക്കാനോ ഊഹിക്കാനോ സാധിക്കില്ലെന്നതാണ് ആൽഫാന്യൂമറിക് പാസ്കോഡുകളുടെ സവിശേഷത. കൂടാതെ, അധിക സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് ലോക്കും ഫേസ് ഐഡിയും സജ്ജീകരിക്കാനും യൂസേഴ്സിന് കഴിയും. ഏറ്റവും സുരക്ഷിതമായ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതും നിർണായകമാണെന്നാണ് ഈ വാർത്ത നൽകുന്ന സന്ദേശം.


Click it and Unblock the Notifications








