പശ്ചാത്താപമേ പ്രായശ്ചിത്തം! 7 ഐഫോൺ മോഡലുകൾക്ക് ആപ്പിളിന്റെ വക 5000 രൂപ നഷ്ടപരിഹാരം, നിങ്ങളുടെ ഫോൺ ഏതാണ്...
ഐഫോൺ ഉപയോക്താക്കളുമായി നടന്ന ഒരു കേസിന്റെ ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങി നഷ്ടപരിഹാരത്തിന്റെ വഴി തെരഞ്ഞെടുത്ത് ടെക് ഭീമൻ ആപ്പിൾ. തെരഞ്ഞെടുത്ത ചില ഐഫോണുകളുടെ പ്രവർത്തനം മനപ്പൂർവ്വം മന്ദഗതിയിലാക്കി എന്ന പേരിൽ ആരംഭിച്ച കേസിൽ ആണ് ഒടുവിൽ ആപ്പിൾ അനുരഞ്ജനത്തിന്റെ വഴി തെരഞ്ഞെടുത്തിരിക്കുന്നത്.
ഏതാണ്ട് അഞ്ച് വർഷം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ചില ഐഫോൺ ഉടമകൾക്ക് തങ്ങളുടെ ഫോൺ വളരെ സ്ലോ ആകുന്നതായി അനുഭവപ്പെട്ടു. തുടർന്ന് ആപ്പിൾ തങ്ങളുടെ ഫോൺ മനപ്പൂർവ്വം സ്ലോ ആക്കിയതാണ് എന്ന് ആരോപിച്ച് ഒരു വിഭാഗം ഉപയോക്താക്കൾ രംഗത്തെത്തുകയായിരുന്നു. എന്നാൽ കമ്പനി ഈ ആരോപണം നിഷേധിച്ചു.

ഉപയോക്താക്കൾ നിരവധി തവണ പരാതിപ്പെട്ടിട്ടും ഈ പ്രശ്നം പരിഹരിക്കാൻ ആപ്പിൾ തയാറായില്ല. ഫോൺ സ്ലോ ആയതിന് പിന്നിൽ ദുരുദ്ദേശമൊന്നുമില്ല എന്നാണ് ആപ്പിൾ വാദിച്ചത്. ഇതിൽ തൃപ്തരാകാതിരുന്ന ഒരു വിഭാഗം ഉപയോക്താക്കൾ ആപ്പിളിനെതിരേ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. തുടക്കത്തിൽ ആരോപണങ്ങളെല്ലാം തള്ളിയ ആപ്പിൾ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും നഷ്ടപരിഹാരം നൽകാൻ തയാറല്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ 2020 കാലഘട്ടം ആയപ്പോഴേക്കും തർക്കപരിഹാരത്തിനായി ആപ്പിൾ നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിലെത്തി. ഏറെ ചെലവേറിയ ഷോഡൗൺ ഒഴിവാക്കാൻ നിലമപരമായി 500 മില്യൺ ഡോളർ വരെ നഷ്ടപരിഹാരമായി നൽകാമെന്ന് ആപ്പിൾ സമ്മതിച്ചു. നിയമ നടപടികൾ ഒഴിവായിക്കിട്ടാൻ അതല്ലാതെ ആപ്പിളിന്റെ മുന്നിൽ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ.
ഐഫോൺ പ്രവർത്തനം മന്ദഗതിയിലായതിനാൽ പ്രവർത്തനം തടസപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്ന ഉപയോക്താക്കൾക്ക് ഒരാൾക്ക് 65 ഡോളർ എന്ന നിലയിലാണ് നഷ്ടപരിഹാരം നൽകുന്നത്. അതായത് ഏകദേശം 5000 രൂപ. ഈ നഷ്ടപരിഹാരം നൽകുന്നതോടുകൂടി ആപ്പിളും ഐഫോൺ ഉടമകളും തമ്മിലുള്ള ഈ പ്രശ്നം അവസാനിക്കും എന്നാണ് കരുതപ്പെടുന്നത്.
2016-ൽ, പഴയ ഐഫോണുകൾ മനഃപൂർവം മന്ദഗതിയിലാക്കിയതായി ആപ്പിൾ സമ്മതിച്ചു. എന്നാൽ ഫോണുകൾ പെട്ടെന്ന് ഓഫാകുന്നത് തടയാനാണ് തങ്ങൾ ഇത് ചെയ്തതെന്നും മറ്റു രീതിയിൽ ചിന്തിക്കേണ്ടതില്ല എന്നുമാണ് ആപ്പിൾ വിശദീകരിച്ചത്. എന്നാൽ ഈ വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന ഒരു വിഭാഗം ഉപയോക്താക്കൾ ആപ്പിളിനെതിരേ 2018 ൽ കോടതിയെ സമീപിക്കുകയായിരുന്നു.
ഫോൺ മന്ദഗതിയിലായ ഐഫോൺ മോഡലുകളുടെ ഉടമകൾ ചേർന്ന് സംഘടിതമായി ആപ്പിളിനെതിരേ രംഗത്തെത്തുകയും ക്ലാസ്-ആക്ഷൻ കേസിന് നടപടി സ്വീകരിക്കുകയുമായിരുന്നു. ആദ്യം തെറ്റ് ചെയ്തില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന ആപ്പിൾ 2020 ൽ തീരുമാനം മാറ്റി. 310 മില്യണിനും 500 മില്യണിനും ഇടയിൽ ഒരു സംഘ്യ നഷ്ടപരിഹാരം നൽകാം എന്ന് കമ്പനി വാഗ്ദാനം ചെയ്തു.

ആദ്യം പരാതിപ്പെട്ട ഐഫോൺ ഉടമകൾക്ക് ആപ്പിൾ 25 ഡോളർ നഷ്ടപരിഹാരമായി ലഭിച്ചു. എന്നാൽ രണ്ട് ഐഫോൺ ഉടമകൾ ഈ നഷ്ടപരിഹാരത്തുകയിൽ അടങ്ങാൻ തയാറായിരുന്നില്ല. അവർ കൂടുതൽ തുക ആവശ്യപ്പെട്ടു. എന്നാൽ ഇവർ ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുകയാണ്. ആപ്പിൾ നൽകുന്ന തുക സ്വീകരിക്കാൻ തയാറാണെന്നാണ് ഇവരുടെ പക്ഷം. ഇതോടെയാണ് കേസ് പൂർണമായും അവസാനിപ്പിക്കാനുള്ള വഴി തെളിഞ്ഞത്.
നഷ്ടപരിഹാരം ആർക്കൊക്കെ?: ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 6s, ഐഫോൺ 6s പ്ലസ്, ഐഫോൺ എസ്ഇ, ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നീ മോഡലുകളുടെ ഉടമകൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. അതേസമയം ഈ ഫോൺ ഇപ്പോൾ കൈവശം ഉണ്ട് എന്നുകരുതി നഷ്ടപരിഹാരം ലഭ്യമാകില്ല.
വിവാദം ഉയർന്ന സമയത്ത് പരാതി ഉന്നയിക്കുകയും വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തവർക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളത്. ഐഫോണിന്റെ പ്രകടനത്തിൽ പ്രശ്നങ്ങൾ നേരിടുന്ന പരാതികൾ ലോഗിൻ ചെയ്യുന്നതിന് കമ്പനി സൃഷ്ടിച്ച ഒരു വെബ്‌സൈറ്റിൽ ഉപയോക്താക്കൾ സീരിയൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഈ വെബ്‌സൈറ്റിൽ 2020 ഒക്‌ടോബർ 6-ന് മുമ്പ് രജിസ്റ്റർ ചെയ്തവർക്കാണ് തുക ലഭിക്കുക.


Click it and Unblock the Notifications








