ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ (2020), ഐഫോൺ 11 എന്നിവയ്ക്ക് ഇന്ത്യയിൽ വിലകുറവ്: പുതിയ വിലകൾ അറിയാം
ഐഫോൺ 12 സീരീസ് അവതരിപ്പിച്ചതിന് ശേഷം ഇപ്പോൾ ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ (2020), ഐഫോൺ 11 തുടങ്ങിയ സ്മാർട്ഫോണുകൾക്ക് ഇന്ത്യയിൽ വില കുറഞ്ഞു. പുതിയ പരമാവധി റീട്ടെയിൽ വിലകൾ (എംആർപി) ഇപ്പോൾ ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ കാണിക്കുന്നുണ്ടെങ്കിലും ഓൺലൈൻ വിപണന കേന്ദ്രങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ചില്ലറ വ്യാപാരികൾ പുതുക്കിയ വിലകൾ ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ല.

വില കുറയ്ക്കുന്നതിനൊപ്പം, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ (2020), ഐഫോൺ 11 എന്നിവയുടെ റീട്ടെയിൽ ബോക്സിൽ നിന്ന് ചാർജർ, ഇയർ പോഡ്‌സ് ഹെഡ്‌ഫോണുകൾ തുടങ്ങിയവ ആപ്പിൾ നീക്കംചെയ്‌തു. ലഭ്യമായ എല്ലാ ഐഫോൺ മോഡലുകളിലും ഏകീകൃത അനുഭവം നൽകാനുള്ള നീക്കമാണിത്. ഐഫോൺ 12 സീരീസ് ചാർജറും ഇയർപോഡുകളും ഒഴിവാക്കിയാണ് വിപണിയിൽ വരുന്നത്. ഐഫോൺ 11 നൊപ്പം എയർപോഡുകളും ചേർത്ത് ഒരു ദീപാവലി ഓഫറും ആപ്പിൾ ലഭ്യമാക്കുന്നു.
ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ (2020), ഐഫോൺ 11 വില ഇന്ത്യയിൽ
ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിലെ പ്രോഡക്റ്റ് ലിസ്റ്റിംഗ് അനുസരിച്ച്, ഇന്ത്യയിലെ ഐഫോൺ എക്സ്ആർ ഹാൻഡ്‌സെറ്റിൻറെ വില 52,500 രൂപയിൽ നിന്നും 47,900 രൂപയായി കുറച്ചിട്ടുണ്ട്. ഐഫോൺ എസ്ഇ (2020) 64 ജിബി വേരിയന്റിന് 42,500 രൂപയിൽ നിന്നും 39,900 രൂപയായി വില കുറഞ്ഞു. ഐഫോൺ എസ്ഇയുടെ (2020) 128 ജിബി, 256 ജിബി വേരിയന്റുകളുടെയും വിലകുറച്ചിട്ടുണ്ട്. ഇവയ്ക്ക് യഥാക്രമം 44,900 രൂപ, 54,900 രൂപ എന്നിങ്ങനെ വില വരുന്നു. അതുപോലെ, ഇന്ത്യയിലെ ഐഫോൺ 11 ൻറെ വില 68,300 രൂപയിൽ നിന്നും 54,900 രൂപയായി കുറഞ്ഞു.

ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ പുതിയ വിലകളോടെ ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ (2020), ഐഫോൺ 11 എന്നിവ വിൽക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഈ പുതിയ നീക്കം ഇതുവരെ പ്രതിഫലിച്ചിട്ടില്ല. ഒക്ടോബർ 17 മുതൽ ദീപാവലിക്ക് ഐഫോൺ 11 നൊപ്പം എയർപോഡുകളും ബണ്ടിൽ ചെയ്യുന്നതിനുള്ള പ്രത്യേക ഓഫറും ആപ്പിൾ ലഭ്യമാക്കും.

നിലവിലുള്ള മോഡലുകളുടെ പുതുക്കിയ വിലയ്‌ക്ക് പുറമേ, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ (2020), ഐഫോൺ 11 എന്നിവയുടെ റീട്ടെയിൽ ബോക്സിൽ നിന്ന് ചാർജർ, ഇയർപോഡ്സ് ഹെഡ്‌ഫോണുകൾ ആപ്പിൾ നീക്കം ചെയ്‌തു. ഈ ഫോണുകൾ ഇപ്പോൾ ചാർജിംഗിനായി അനുയോജ്യമായ പവർ അഡാപ്റ്റർ ഉപയോഗിക്കാൻ കഴിയുന്ന യുഎസ്ബി-സി ലൈറ്റിനിങ് കേബിളുമായി വരുന്നു. ആപ്പിൾ വാച്ച് സീരീസ് 6, ആപ്പിൾ വാച്ച് സീരീസ് എസ്ഇ എന്നിവയുടെ ബോക്സിൽ നിന്ന് ആപ്പിൾ തുടക്കത്തിൽ ചാർജർ നീക്കം ചെയ്തിരുന്നു.

എന്നാൽ, ചൊവ്വാഴ്ച ആ നീക്കം വിപുലീകരിക്കാൻ കമ്പനി തീരുമാനിക്കുകയും ഐഫോൺ 12 സീരീസിന്റെ റീട്ടെയിൽ ബോക്സിൽ നിന്ന് ചാർജറും ഇയർപോഡുകളും നീക്കം ചെയ്യുകയും ചെയ്തു. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു എന്ന ഒരു വസ്തുതയാണ് ഈ പുതിയ തീരുമാനത്തിന് പിന്നിൽ. കൂടാതെ, ചാർജറും ഹെഡ്‌ഫോണുകളും നീക്കംചെയ്യുന്നത് ആപ്പിളിന് കുറച്ച് ചിലവ് ലാഭിക്കാനുള്ള ഒരവസം കൂടി നൽകുന്നു എന്നുള്ളത് മറ്റൊരു വസ്തുത.


Click it and Unblock the Notifications








