യുവാക്കളിൽ രോമാഞ്ചമുണർത്താൻ ഐക്യൂ 12 ഇന്ത്യയിലേക്ക്; വരവ് ചരിത്രമാകും, 'അത്' സ്ഥിരീകരിച്ച് കമ്പനി!
കരുത്തൻ സ്മാർട്ട്ഫോണുകളെ എന്നും വരവേറ്റിട്ടുള്ള ഇന്ത്യയിലെ യുവതലമുറയെ ലക്ഷ്യമിട്ട് ഐക്യൂവിന്റെ ഉടൻ ലോഞ്ച് ചെയ്യുന്ന പ്രീമിയം സ്മാർട്ട്ഫോൺ ഐക്യൂ 12 ഇന്ത്യയിലും ലോഞ്ച് ചെയ്യും. കമ്പനി സിഇഒ നിപുൻ മരിയ ട്വിറ്ററിലൂടെ ആണ് ഐക്യൂ 12 (iQOO 12) ന്റെ ഇന്ത്യയിലെ ലോഞ്ച് സ്ഥീരീകരിച്ചിരിക്കുന്നത്.
ഐക്യൂ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് അറിയിച്ചെങ്കിലും ഇതിന്റെ കൃത്യമായ തീയതി അദ്ദേഹം പുറത്തുവിട്ടില്ല. ചൈനയിൽ നവംബർ 7ന് ആണ് ഐക്യൂ 12 ലോഞ്ച് ചെയ്യുന്നത്. ഇതിന് പിന്നാലെ തൊട്ടടുത്ത ആഴ്ചകളിലായി നവംബറിൽ തന്നെ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഐക്യൂ 12 ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് പ്രഖ്യാപിക്കുക മാത്രമല്ല, ഫോണിന്റെ പ്രധാന ഫീച്ചറും നിപുൻ മരിയ പുറത്തുവിട്ടു. ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് ആണ് ഐക്യൂ 12 ന്റെ പെർഫോമൻസ് കരുത്ത് എന്ന് നിപുൻ മരിയ സ്ഥിരീകരിച്ചു. വരും വർഷം മൊബൈൽവിപണി അടക്കിഭരിക്കുക ഈ ചിപ്സെറ്റ് ആണെന്നാണ് വിലയിരുത്തൽ.
ഒരുപാട് നൂതന ഫീച്ചറുകളുമായിട്ടാണ് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കരുത്തോടെ എത്തുന്ന ഈ ചിപ്സെറ്റ് സഹിതം ആദ്യം അവതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോൺ ഷവോമി 14 സീരീസ് ആണെന്നാണ് കരുതപ്പെടുന്നത്. ഉടൻ തന്നെ ഷവോമി 14 സീരീസ് ലോഞ്ച് ചെയ്യും.

അതേസമയം ഇന്ത്യയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ആദ്യ സ്മാർട്ട്ഫോൺ ഐക്യൂ 12 ആയിരിക്കും എന്ന് കമ്പനി സിഇഒ നിപുൻ മരിയ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന ഐക്യൂ 12 ന്റെ ഇന്ത്യയിലേക്കുള്ള വരവ് വൈകില്ലെന്ന് ഉറപ്പിക്കുന്നു.
ഐക്യൂ 12 ന്റെ മുൻഗാമിയായ ഐക്യൂ 11 സ്മാർട്ട്‌ഫോൺ കഴിഞ്ഞ വർഷം ഡിസംബർ ആദ്യവാരം ആണ് ചൈനയിൽ അവതരിപ്പിച്ചത്. പിന്നീട് ഈ ഫോൺ ഇന്ത്യയിൽ എത്തിയത് ഈ വർഷം ജനുവരി ആദ്യം ആയിരുന്നു. ഏതാണ്ട് ഒരു മാസത്തോളം സമയമാണ് അന്ന് ലോഞ്ചിന് ശേഷം ഐക്യൂ 11 ഇന്ത്യയിലെത്താൻ എടുത്തത്. എന്നാൽ ഇത്തവണ അത്രയുംപോലും കാത്തിരിക്കേണ്ടിവരില്ല.
ചിപ്സെറ്റിനപ്പുറം ഐക്യൂ 12 ന്റെ പ്രധാന ഫീച്ചറുകൾ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. പക്ഷേ ലീക്ക് റിപ്പോർട്ടുകളിലൂടെ പല വിവരങ്ങളും ഓൺലൈനുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത് ഈ ഫോണിനെപ്പറ്റിയുള്ള ഒരു ചിത്രം സൃഷ്ടിക്കാൻ സഹായിക്കുന്നുണ്ട്. 2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഐക്യൂ 12 വരുന്നതെന്ന് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ആണ് ഐക്യൂ 12 ന്റെ ഒരു പ്രത്യേകതയായി ലീക്ക് റിപ്പോർട്ടുകൾ എടുത്തുകാണിക്കുന്നത്. നനഞ്ഞ വിരലുകൾ ഉപയോഗിച്ച് പോലും ഫോൺ അൺലോക്ക് ചെയ്യാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. 200W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയുമായാണ് ഈ 5ജി ഫോൺ എത്തുന്നത് എന്നതാണ് മറ്റൊരു സവിശേഷത.
ക്യാമറ മികവിൽ വിട്ടുവീഴ്ച ചെയ്യാത്ത ഐക്യൂ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12 ൽ ഒരുക്കുക. 50-മെഗാപിക്സൽ ഓമ്‌നിവിഷൻ OV50H സെൻസർ, ISOCELL JN1 സെൻസർ ഫീച്ചർ ചെയ്യുന്ന 50-മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 3X ഒപ്റ്റിക്കൽ സൂം ഉള്ള 64-മെഗാപിക്സൽ സെൻസർ എന്നിവയടങ്ങുന്നതാകും ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ.
വിപണിയിലെ മത്സരാന്തരീക്ഷത്തിൽ മുൻതൂക്കം നേടാനായിം മികച്ച ഫീച്ചറുകളും പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന ഈ 5ജി സ്മാർട്ട്ഫോൺ മാന്യമായ നിരക്കിലാകും അവതരിപ്പിക്കപ്പെടുക. ഐക്യൂ 11 ഇന്ത്യയിൽ 59,999 രൂപ പ്രാരംഭ വിലയിലാണ് ലോഞ്ച് ചെയ്തത് എന്നത് ഈ ഘട്ടത്തിൽ ഓർക്കാം. ഈ വിലയിൽനിന്ന് ചെറിയ മാറ്റം മാത്രമേ ഐക്യൂ 12ന് ഉണ്ടാകൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








