ആടുജീവിതത്തിനൊപ്പം മരുഭൂമിക്കഥ പറയാൻ ഐക്യുവും! ഡെസേർട്ട് റെഡ് എഡിഷൻ ഇന്ത്യയിൽ; 3000 രൂപ ഡിസ്കൗണ്ടും
ആടുജീവിതം ( Aadujeevitham ) എന്ന സിനിമ മലയാള സിനിമയുടെ തന്നെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി മാറി ജനമനസുകൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തിനായി കഷ്ടപ്പാടുകളുടെ 'മരുഭൂമി'തന്നെ താണ്ടേണ്ടിവന്നെങ്കിലും സിനിമ പുറത്തിറങ്ങിയപ്പോൾ ലഭിക്കുന്ന പ്രേക്ഷക പ്രശംസയിലൂടെ നായകൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും വിശ്വം ജയിച്ച പോരാളികളായി മാറിയിരിക്കുന്നു.
മലയാളികൾ മാത്രമല്ല, മറ്റ് ഭാഷകളിലെ സിനിമാപ്രേമികളും ആടുജീവിതത്തെ വാനോളം പുകഴ്ത്തുകയാണ്. അതോടൊപ്പം തന്നെ ഈ ചിത്രത്തിനായുള്ള പൃഥ്വിരാജിന്റെയും ബ്ലെസിയുടെയും മറ്റ് താരങ്ങളുടെയും സമർപ്പണത്തെ ഏവരും പ്രശംസിക്കുകയും ചെയ്യുന്നു. മലയാളികൾക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം തന്നെ ആടുജീവിതവും ഷുക്കൂറും ബ്ലെസിയും പൃഥ്വിരാജും മരുഭൂമിയിലെ ദുരിതജീവിതവുമൊക്കെയായി മാറിയിരിക്കുന്നു.

നമ്മൾ ഇങ്ങനെ ആടുജീവിതത്തിന്റെ 'മരുഭൂമിച്ചൂടിൽ' ഉരുകുമ്പോൾത്തന്നെ, പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യുവും (iQOO) ഒരു മരുഭൂമിക്കഥയുമായി എത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം അവസാനം ലോഞ്ച് ചെയ്ത ഐക്യുവിന്റെ നിലവിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ ഐക്യൂ 12 (iQOO 12) ആണ് ഈ കഥയിലെ നായകൻ.
ഐക്യൂ ഇന്ത്യയിൽ തങ്ങളുടെ നാലാം വാർഷികം ആഘോഷിക്കുകയാണ്. ഈ ഘട്ടത്തിൽ ഐക്യൂ 12 ന്റെ ഒരു റെഡ് വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ഡെസേർട്ട് റെഡ് ആനിവേഴ്‌സറി എഡിഷൻ (iQOO 12 Desert Red Anniversary Edition) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. ഇതാണ് ഐക്യുവിന്റെ കൊച്ച് 'മരുഭൂമിക്കഥ'!.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ ലെജൻ്റ്, ആൽഫ നിറങ്ങളിൽ ആണ് ഐക്യൂ 12 എത്തിയത്. ഇപ്പോൾ പുതിയ വേരിയന്റുകൂടി അവതരിപ്പിച്ചുകൊണ്ട് ഐക്യൂ 12 കൂടുതൽ ജനകീയമായി മാറാൻ ശ്രമിക്കുന്നു. നേരത്തെയിറങ്ങിയ വേരിയന്റുകളിലെ മറ്റ് സ്പെസിഫിക്കേഷനുകൾ നിലനിർത്തുമ്പോൾ തന്നെ, ഗ്ലാസിന് പകരം വീഗൻ ലെതർ ഫിനിഷാണ് പുതിയ ഡെസേർട്ട് റെഡ് ആനിവേഴ്‌സറി എഡിഷനിൽ നൽകിയിരിക്കുന്നത്.
ഇതിന് മുൻപ് കണ്ടിട്ടില്ലാത്ത വിധമുള്ള, മരുഭൂമി പോലെയുള്ള ഒരു ഡിസൈനാണ് ഈ ഫോണിന്റെ പിൻപാനലിൽ കാണാനാകുക. ഐക്യൂ 12 ഡെസേർട്ട് റെഡ് ആനിവേഴ്‌സറി എഡിഷൻ്റെ 12GB + 256GB വേരിയന്റിന് 52,999 രൂപയാണ് വില, 16GB+ 512GB വേരിയന്റിന് 57,999 രൂപയും. ഏപ്രിൽ 9 മുതൽ ആമസോൺ, ഐക്യൂ.കോം എന്നിവിടങ്ങളിൽനിന്ന് ഈ ഫോൺ വാങ്ങാം.
നിലവിലെ ഏറ്റവും കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ച സ്മാർട്ട്ഫോൺ ഐക്യൂ 12 ആണ്. ഏറ്റവും മികച്ച പ്രോസസർ അടങ്ങുന്ന ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 50000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിക്കും. എങ്ങനെയെന്നാൽ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡുകൾക്കൊപ്പം 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

ഐക്യൂ 12 ന്റെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 4.0 ൽ ആണ് പ്രവർത്തനം. 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.
ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, Q1 ചിപ്പ്, 6K അൾട്രാ-ലാർജ് VC വേപ്പർ ചേമ്പർ, സെക്കൻഡ് ജെനറേഷൻ OIS ആന്റി-ഷേക്ക് സാങ്കേതികവിദ്യ, നെഗറ്റീവ് ഇലക്ട്രോഡ് ഗ്രാഫൈറ്റ് പുനർനിർമ്മാണ സാങ്കേതികവിദ്യ, മൾട്ടി-ഫ്രെയിം ഫ്യൂഷൻ അൽഗോരിതം, ബയോണിക് നൈറ്റ് സ്കൈ അൽഗോരിതം തുടങ്ങി ഒട്ടനവധി ഫീച്ചറുകളും ഐക്യൂ 12 വാഗ്ദാനം ചെയ്യുന്നു.
ഒഐഎസ് പിന്തുണയുള്ള 50MP 1/1.3-ഇഞ്ച് മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 3x സൂം, 100x ഡിജിറ്റൽ സൂം എന്നിവയുള്ള 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഐക്യൂ 12ൽ എത്തുന്നത്. 16MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന പ്രീമിയം സ്മാർട്ട്ഫോണെന്ന് ഈ ഫോണിനെ വിശേഷിപ്പിക്കാം.


Click it and Unblock the Notifications








