സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ് കരുത്തിൽ ഐക്യൂ 12, ഐക്യൂ 12 പ്രോ എന്നിവ എത്തി; ടെക്നോളജി വേറെ ലെവൽ!
സ്മാർട്ട്ഫോൺ ആരാധകരുടെ പ്രതീക്ഷകൾ പൂർണ്ണതയിലെത്തിച്ചുകൊണ്ട് ഐക്യൂ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ് കരുത്തുമായി തങ്ങളുടെ പുത്തൻ പ്രീമിയം സ്മാർട്ട്ഫോണുകളായ ഐക്യൂ 12 ( iQOO 12), ഐക്യൂ 12 പ്രോ (iQOO 12 Pro) എന്നിവ ചൈനയിൽ പുറത്തിറക്കി.
ഇപ്പോൾ ഈ ഫോൺ ലഭ്യമായിരിക്കുന്നത് ചൈനയിലാണെങ്കിലും ഇന്ത്യയിലെ ആരാധകർ ഒട്ടും നിരാശപ്പെടേണ്ടതില്ല. പുതിയ ഐക്യൂ 12 സീരീസ് ഫോണുകൾ ചൈനയിൽ നവംബർ 14 മുതൽ ഓർഡർ ചെയ്യാൻ ലഭ്യമാകും, നവംബർ 24 മുതൽ വിൽപ്പനയ്‌ക്കെത്തും. പിന്നാലെ ഡിസംബർ 12ന് ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും.

അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച കരുത്തൻ ചിപ്സെറ്റാണ് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3. ഈ ചിപ്സെറ്റുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോണാകും ഐക്യൂ. ഇക്കാര്യം ബ്രാൻഡ് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. പുതിയ ഐക്യൂ 12 സീരീസിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഐക്യൂ 12, 12 പ്രോ മോഡലുകളുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
6.78 ഇഞ്ച് ഡിസ്പ്ലേയാണ് രണ്ട് ഐക്യൂ 12 സീരീസിലെ രണ്ട് ഫോണുകളിലും ഉള്ളത്. എങ്കിലും 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 1.5K LTPO OLED ഡിസ്‌പ്ലേയാണ് ഐക്യൂ 12 ൽ ഉള്ളത്. കമ്പനി ഇതിനെ "ഫ്യൂച്ചർ ഫ്ലാഗ്ഷിപ്പ്സ്" എന്ന് വിളിക്കുന്നു.
അതേസമയം, ഐക്യൂ 12 പ്രോയിൽ 2K റെസല്യൂഷൻ, 1440×3200 പിക്സലുകൾ, 3000 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, 517 PPI എന്നിവയുള്ള E7 അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. രണ്ട് സ്മാർട്ട്ഫോണുകളും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ് കരുത്തിൽ തന്നെയാണ് എത്തുന്നത്. ഇതോടൊപ്പം Q1 ചിപ്പും ഉണ്ട്.
ഫ്രെയിം സെൻസിംഗ് സാങ്കേതികവിദ്യ, ലോഡിന്റെ തത്സമയ നിരീക്ഷണം, കൃത്യമായ ഷെഡ്യൂളിംഗും വിതരണവും, വ്യത്യസ്ത ലോഡ് ആവശ്യകതകളുള്ള ഗെയിം ത്രെഡുകൾക്കായി വലുതും ഇടത്തരവും ചെറുതുമായ കോറുകൾ പൊരുത്തപ്പെടുത്തൽ എന്നിവ Q1 ചിപ് വാഗ്ദാനം ചെയ്യുന്നു. ഇത് കരുത്തുറ്റ ഒരു ഗെയിമിങ് ഫോണായും ഈ ഐക്യൂ ഫോണുകളെ മാറ്റുന്നു.
വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനും കൂടുതൽ സ്ഥിരതയുള്ള ഫ്രെയിം റേറ്റ് അനുഭവം കൊണ്ടുവരാനും VAPT അഡാപ്റ്റീവ് മോഡ് ഒറ്റ ക്ലിക്കിൽ ഓണാക്കാനാകും. ഇവയ്‌ക്ക് ഒരു ഏവിയേഷൻ അലുമിനിയം മിഡിൽ ഫ്രെയിം, ഐക്യുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 6K അൾട്രാ-ലാർജ് VC വേപ്പർ ചേമ്പർ, കൂടാതെ കാര്യക്ഷമമായ പെർഫോമൻസ് ഷെഡ്യൂളിംഗും 11 ടെംപറേച്ചർ സെൻസറുകളും ഉണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 4.0 ൽ ആണ് രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജുമായാണ് ഈ ഫോണുകളെത്തുന്നത്. ഡ്യുവൽ സിം കാർഡ് സ്ലോട്ടും രണ്ട് സ്ലോട്ടുകളിലും 5G നെറ്റ്‌വർക്കിനുള്ള പിന്തുണയുമുണ്ട്. രണ്ട് ഫോണുകളും വൈഫൈ 7, ബ്ലൂടൂത്ത് 5.4 വയർലെസ് കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നു.
ഐക്യൂ 12-ൽ ഒഐഎസ് ഉള്ള 50MP 1/1.3-ഇഞ്ച് മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 3x സൂം, 100x ഡിജിറ്റൽ സൂം എന്നിവയുള്ള 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. രണ്ട് ഫോണുകളിലും ഫ്രണ്ട് ക്യാമറ 16MP ആണ്.
ഐക്യൂ 12 പ്രോയിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ ഒഐഎസ് പിന്തുണയുള്ള 50MP ഓമ്നിവിഷൻ OV50H പ്രൈമറി സ്‌നാപ്പർ, 50MP Samsung JN1 അൾട്രാവൈഡ് ലെൻസ്, 64MP OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയാണുള്ളത്. ഇരുഫോണുകളിലും സ്റ്റാറി സ്‌കൈ മോഡ്, ലൈറ്റ് ട്രെയ്‌സിംഗ് മെയിൻ ക്യാമറ, എഐപിഡി എക്‌സ്ട്രീം നൈറ്റ് ഫോക്കസിംഗ് ടെക്‌നോളജി എന്നിവയുണ്ട്.
സെക്കൻഡ് ജെനറേഷൻ OIS ആന്റി-ഷേക്ക് സാങ്കേതികവിദ്യയാണ് ഈ ഫോണുകളിൽ ഉപയോഗിക്കുന്നത്. CIPA 4.5 ലെവലിൽ എത്തുന്നു, കൂടാതെ സെക്കന്റുകൾക്കുള്ളിൽ മികച്ച സ്കൈ ഷോട്ടുകൾക്കായി മൾട്ടി-ഫ്രെയിം ഫ്യൂഷൻ അൽഗോരിതം, ബയോണിക് നൈറ്റ് സ്കൈ അൽഗോരിതം എന്നിവയും ഉപയോഗിക്കുന്നു. ക്യാമറ മികവിൽ ഐക്യൂ 12 സീരീസ് നിരാശപ്പെടുത്തില്ല എന്ന് ഇത് വ്യക്തമാക്കുന്നു.
ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, IP68 റേറ്റിങ് (iQOO 12 പ്രോയിൽ), സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, aptX, aptX HD എന്നിവയെല്ലാം പുതിയ ഫോണുകളിലുണ്ട്. ഐക്യൂ 12ൽ 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയും ഐക്യൂ 12 പ്രോയിൽ 120W വയർഡ്, 50W വയർലെസ് ചാർജിങ് പിന്തുണയുള്ള 5,100mAh ബാറ്ററിയും ആണ് നൽകിയിരിക്കുന്നത്.

ഐക്യൂ 12 സീരീസ് ഫോണുകളിലെ പുതിയ "സൂപ്പർ ഗ്രാഫൈറ്റ് ബാറ്ററി" ഊർജ്ജ സാന്ദ്രത വർദ്ധിപ്പിക്കുന്നതിനും ഡിസ്ചാർജ് ശേഷി വർദ്ധിപ്പിക്കുന്നതിനും മൾട്ടിപ്പിൾ ഇലക്ട്രോഡ് പ്ലേറ്റ് കോൾഡ് പ്രസ്സിംഗ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് നെഗറ്റീവ് ഇലക്ട്രോഡ് ഗ്രാഫൈറ്റ് പുനർനിർമ്മാണ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോണുകൾ എത്തുന്നത്.
പുതിയ ഐക്യൂ 12 സീരീസിലെ ലെജൻഡ് എഡിഷൻ വൈറ്റ് നിറത്തിൽ ബിഎംഡബ്ല്യു ലോഗോയോടെ എത്തുന്നു, ട്രാക്ക് എഡിഷൻ ബ്ലാക്ക് നിറത്തിലും. രണ്ടും ഗ്ലാസ് ബാക്ക് ഡിസൈനിലെണെത്തുന്നത്. റെഡ് എഡിഷൻ പിന്നിൽ ലെതർ പോലുള്ള ഫിനിഷോട് കൂടി വരുന്നു. 210g ആണ് പുതിയ ഐക്യൂ 12 ന്റെ പരമാവധി ഭാരം.
ഐക്യൂ 12 ന്റെ 12 GB RAM, 256 GB സ്റ്റോറേജ് അടിസ്ഥാന മോഡലിന് 3,999 യുവാൻ (ഏകദേശം 45,700 രൂപ) ആണ് പ്രാരംഭവില. 16GB+512GB മോഡലിന് 4299 യുവാൻ ( ഏകദേശം 49,915 രൂപ), 16GB+ 1TB മോഡലിന് 4699 യുവാൻ ( ഏകദേശം 54,560 രൂപ) എന്നിങ്ങനെയാണ് വില.
അതേപോലെ, ഐക്യൂ 12 പ്രോയുടെ 16GB+256GB അടിസ്ഥാന വേരിയന്റിന് 4,999 യുവാൻ (ഏകദേശം 57,150 രൂപ) ആണ് വില. 16GB+512GB വേരിയന്റിന് 5499 യുവാൻ (ഏകദേശം 62,860 രൂപ), 16GB+1TB വേരിയന്റിന് 5999 യുവാൻ (ഏകദേശം 68,575 രൂപ) വില വരും.


Click it and Unblock the Notifications








