വീരശൂര പരാക്രമിയായി ഐക്യൂ 12! ഇന്ത്യയിലെ ലോഞ്ച് ഡിസംബർ 12 ന്, അറിയാൻ ഏറെയുണ്ട്
ഇന്ത്യയുടെ ക്ഷുഭിതയൗവനം കാത്തിരിക്കുന്ന ഐക്യുവിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ ഐക്യൂ 12 ഡിസംബർ 12ന് രാജ്യത്ത് ലോഞ്ച് ചെയ്യും. ആരാധകർ ഏറെ നാളായി കേൾക്കാൻ കൊതിച്ചിരുന്ന ഈ തീയതി ഇപ്പോൾ കമ്പനി ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിരിക്കുന്നു. ഇതോടൊപ്പം ഫോണിന്റെ ഡിസൈൻ വ്യക്തമാക്കുന്ന ടീസറും പുറത്തുവന്നിട്ടുണ്ട്.
ചൈനയിൽ നവംബർ 7 ന് ആണ് ഐക്യൂ 12 ന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. അതിന് പിന്നാലെ തന്നെ ഫോൺ ഇന്ത്യയിലും അവതരിപ്പിക്കും എന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും തീയതി പുറത്തുവിട്ടിരുന്നില്ല. ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരമായതോടുകൂടി ഇന്ത്യയിലെ വില എത്രയാകും എന്ന ചോദ്യമാണ് അടുത്തതായി ഉയർന്നിരിക്കുന്നത്.

വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ പ്രധാന ഫീച്ചറുകൾ ഇതിനകം കമ്പനി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ക്വാൽക്കോമിന്റെ ഏറ്റവും കരുത്തുറ്റ പുത്തൻ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിൽ ഉള്ളത് എന്നതാണ്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ഐക്യൂ 12 ആയിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആഗോളതലത്തിൽ ഈ ചിപ്പുമായി ആദ്യം പുറത്തിറങ്ങിയിരിക്കുന്നത് ഷവോമി 14 സീരീസ് സ്മാർട്ട്ഫോണുകളാണ്. എന്നാൽ ഇവ അടുത്ത വർഷത്തോടെയാകും ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക.

പ്രോസസറിന്റെ കാര്യത്തിൽ മാത്രമല്ല, ക്യാമറയുടെയും ഡിസൈന്റെയും കാര്യത്തിലും ഐക്യൂ 12 ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് എത്തുന്നത് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയിൽ നടക്കാൻ പോകുന്ന ലോഞ്ചിന് മുൻപ് തന്നെ ഐക്യൂ 12 ന്റെ ചിത്രങ്ങൾ ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഡിസൈനിന്റെ കാര്യത്തിൽ ഐക്യൂ 12 ഏറെ വ്യത്യസ്തനാണെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കി.
ആദ്യ കാഴ്ചയിൽ തന്നെ മനം കവരുന്ന പ്രീമിയം ഡിസൈനാണ് ഐക്യൂ 12 ന് ഉള്ളത്. മുൻ മോഡലുകളിൽ കണ്ട ദീർഘചതുരത്തിന് പകരം സ്ക്വയർ റിയർ ക്യാമറ മൊഡ്യൂളുള്ള ഒരു ഗ്ലാസ് ബാക്ക് പാനൽ ആണ് ഐക്യൂ 12 ൽ ഉള്ളത് എന്ന് ലീക്ക് ചിത്രം വ്യക്തമാക്കുന്നു.
സുഖമായി കൈയിൽ പിടിക്കാൻ കഴിയുന്ന വിധത്തിലാണ് ഐക്യൂ 12 ഡിസൈൻ ചെയ്തിരിക്കുന്നത്. ഐക്യൂ 12 ന്റെ വൈറ്റ് പോളിഷും സിൽവർ ഫ്രെയിമുകളുമുള്ള മോഡൽ കണ്ടാൽ, ഷവോമി 13 പ്രോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് തോന്നും. ഇതിലെ കർവ്ഡ് എഡ്ജുകളും റിയർ ക്യാമറയുടെ മൊഡ്യൂൾ എഡ്ജുകളും ഷവോമിയെക്കാൾ വൃത്താകൃതിയിലാണ്.

ഇതുവരെ ഇറങ്ങിയിട്ടുള്ള ഐക്യൂ ഫോണുകളിൽനിന്ന് വേറിട്ടതും ആകർഷകവുമാണ് ഐക്യൂ 12. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12ൽ നൽകിയിരിക്കുന്നത്. 50-മെഗാപിക്സൽ ഓമ്‌നിവിഷൻ OV50H സെൻസർ, ISOCELL JN1 സെൻസർ ഫീച്ചർ ചെയ്യുന്ന 50-മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, മൂന്നാമത്തെ ക്യാമറയായി 3X ഒപ്റ്റിക്കൽ സൂം ഉള്ള 64-മെഗാപിക്സൽ സെൻസർ എന്നിവയാണ് പ്രതീക്ഷിക്കുന്നത്.
ഐക്യൂ ലോഗോയ്ക്ക് ഒപ്പം ഫാസിനേഷൻ മീറ്റ്സ് ഇന്നൊവേഷൻ എന്ന ടാഗ്ലൈനും ഐക്യൂ 12 ന്റെ പിൻപാനലിൽ നൽകിയിട്ടുണ്ട്. 2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഐക്യൂ 12 വരുന്നതെന്ന് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഒരു അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ടാകും.
നനഞ്ഞതോ ഈർപ്പമുള്ളതോ ആയ വിരലുകൾ ഉപയോഗിച്ച് പോലും ഫോൺ അൺലോക്ക് ചെയ്യാൻ അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉപയോക്താക്കളെ അനുവദിക്കും. 200W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയും 5,000mAh ബാറ്ററിയും ഇതിൽ പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ളതാകും ഒഎസ്.
ഐക്യൂ 11 ഇന്ത്യയിൽ 59,999 രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്. അതിന് പിൻഗാമിയായി എത്തുന്ന ഈ പുതിയ ഫോണും അധികം വിലവർധനയില്ലാതെ അവതരിപ്പിക്കപ്പെടും എന്നാണ് കരുതുന്നത്. കാരണം വിപണിയിലെ മത്സരാന്തരീക്ഷത്തിൽ മുൻതൂക്കം നേടാനായിം മികച്ച ഫീച്ചറുകളും പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന ഈ 5ജി സ്മാർട്ട്ഫോൺ മാന്യമായ നിരക്കിൽ അവതരിപ്പിക്കാൻ കമ്പനി തയാറായേക്കും.


Click it and Unblock the Notifications








