എന്തിനാ പ്രോ മോഡൽ, ഇതിൽ തന്നെ എല്ലാം കുത്തിനിറച്ച് അങ്ങ് തരില്ലേ! ഐക്യൂ 13 കിടുതന്നെ
യുവതലമുറയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് ഐക്യൂ. ഏത് സെഗ്മെന്റിൽ പുറത്തിറങ്ങുന്ന ഐക്യൂ ഫോണായാലും ശരി, പെർഫോമൻസിനൊപ്പം ക്യാമറ, ബാറ്ററി എന്നിങ്ങനെ സകല മേഖലകളിലും നിശ്ചിത സെഗ്മെന്റിലെ വിലയ്ക്കുള്ളിൽ നൽകാവുന്ന മികച്ച ഫീച്ചറുകൾ ഐക്യൂ അവതരിപ്പിക്കാറുണ്ട്. അതിനാൽ തന്നെയാണ് ഐക്യുവിന്റെ ഫോണുകൾക്ക് ഇത്രയും ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. ഐക്യുവിന്റെ നിലവിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ പ്രീമിയം സെഗ്മെന്റിൽ പുറത്തിറങ്ങിയ ഐക്യൂ 12 പ്രോ ആണ്. എന്നാൽ അത് ചൈനയിൽ മാത്രമാണ് ലഭ്യമാകുക. ഇന്ത്യയിൽ ലഭിക്കുക ഇതേ സീരീസിലെ ഐക്യൂ 12 ആണ്.
നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഐക്യൂ സ്മാർട്ട്ഫോണുകളിൽ ഏറ്റവും കരുത്തൻ ഐക്യൂ 12 ആണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തിയ ഈ ഐക്യൂ പ്രീമിയം സ്മാർട്ട്ഫോൺ ഇതേ ചിപ്സെറ്റുമായി എത്തിയിട്ടുള്ള മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളെക്കാൾ കുറഞ്ഞ വിലയിലാണ് എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഐക്യൂ 12 ലഭ്യമാണെങ്കിലും കുറച്ചുകൂടി ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ഐക്യൂ 12 പ്രോ കിട്ടിയിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്ന ചില സ്മാർട്ട്ഫോൺ ആരാധകർ കാണും. അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത ഇപ്പോൾ എത്തിയിരിക്കുന്നു. അത് ഐഫോൺ 12 പ്രോയുടെ ഇന്ത്യൻ ലോഞ്ച് അല്ല, മറിച്ച് വരാൻ പോകുന്ന ഐക്യൂ 13 മോഡലിനെ സംബന്ധിച്ചുള്ളതാണ്.
ഐക്യൂ 12 ന്റെ പിൻഗാമിയായി ഐക്യൂ അവതരപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ 13. ഈ ഐക്യൂ 13 അവതരിപ്പിക്കുമ്പോൾ അതോടൊപ്പം ഐക്യൂ 13 പ്രോ മോഡൽ ഉണ്ടാകില്ല എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അതിൽ നിരാശപ്പെടേണ്ട കാര്യമില്ല.

ഐക്യൂ 13 പ്രോ മോഡൽ ഒഴിവാക്കുമെങ്കിലും അതിൽ ഉൾപ്പെടുത്തുമായിരുന്ന മികച്ച ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രോ ഫോൺ തന്നെയായിരിക്കും ഐക്യൂ 13. അതായത് പേരിൽ പ്രോ എന്ന് ഇല്ലെങ്കിലും പ്രോ മോഡലിനോട് കിടപിടിക്കും വിധത്തിൽ മികച്ച ഫീച്ചറുകൾ കുത്തിനിറച്ചാകും ഐക്യൂ 13 കമ്പനി അവതരിപ്പിക്കുക.
പ്രോ മോഡലുകളുടെ പ്രധാന കൂട്ടിച്ചേർക്കൽ പലപ്പോഴും ക്യാമറ യൂണിറ്റിൽ ആയിരിക്കും. ഇവിടെ ഐക്യൂ 13ൽ ക്യാമറ യൂണിറ്റിൽ നൽകാൻ കഴിയുന്ന മികച്ച സെൻസറുകൾ തന്നെ ഐക്യൂ അവതരിപ്പിക്കും. ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ്സ്റ്റേഷൻ (DigitalChatStation) വെളിപ്പെടുത്തിയിരിക്കുന്നത് iQOO 13ൽ 3x ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉണ്ടാകുമെന്നാണ്. എന്നാലിതിന്റെ സെൻസർ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിട്ടില്ല.
ഐക്യൂ 12ൽ 3x സൂം പിന്തുണയുള്ള 64MP ടെലിഫോട്ടോ ലെൻസ് ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ഐക്യൂ ഫ്ലാഗ്ഷിപ്പിന് 2K (ക്വാഡ് എച്ച്ഡി) ഫ്ലാറ്റ് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് ഇതേ ടിപ്സ്റ്റർ മുൻപ് പറഞ്ഞിരുന്നു. എങ്കിലും മറ്റ് ചില ലീക്ക് റിപ്പോർട്ടുകൾ ഐക്യൂ 13ൽ കർവ്ഡ് സ്ക്രീൻ ആണ് ഉണ്ടാകുക എന്നാണ് അവകാശപ്പെടുന്നത്.

ഈ വർഷം അവസാനത്തോടെ ഐക്യൂ 13 ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണിനെപ്പറ്റി ഇതിനകം പല വിവരങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഈ വിവരങ്ങൾ പ്രകാരം ഐക്യൂ 13ൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ ഇവയാണ്: ക്വാൽക്കോം സ്നാപ്ഡ്രാഗൻ 8 ജെൻ 4 ചിപ്സെറ്റ് ആകും ഇതിൽ ഉണ്ടാകുക.
120W ചാർജറിനൊപ്പം 6,000mAh ബാറ്ററിയും ഇതിൽ ഉണ്ടാകുമെന്ന് പറയപ്പെടുത്തു. കൂടാതെ ഐക്യൂ 12 ലെ സാധാരണ ഇൻ-സ്‌ക്രീൻ ഫിംഗർപ്രിൻ്റ് സെൻസറിനെക്കാൾ മികച്ച അൾട്രാ-സോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ഐക്യൂ 13ൽ ഉണ്ടാകുമെന്ന് ഡിജിറ്റൽ ചാറ്റ്സ്റ്റേഷൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. IP68 റേറ്റിങ്ങും ഇതിൽ പ്രതീക്ഷിക്കുന്നു.
സൂപ്പർ-ലാർജ് X- ആക്‌സിസ് ലീനിയർ വൈബ്രേഷൻ മോട്ടോറും ഐക്യൂ 13ൽ പ്രതീക്ഷിക്കുന്നു. ഏകദേശം 3,999 യുവാൻ (ഏകദേശം 46,100 രൂപ) ആയിരിക്കും ഈ ഫോണിന്റെ വില. ഐക്യൂ 12 മോഡലും കഴിഞ്ഞ വർഷം നവംബറിൽ ഇതേ വിലയിലാണ് ചൈനയിൽ ലോഞ്ച് ആയത്. ഇന്ത്യയിലെത്തിയപ്പോൾ അടിസ്ഥാന മോഡലിന്റെ വില 52,999 രൂപയായിരുന്നു.


Click it and Unblock the Notifications