ഇവിടം മുതൽ കണ്ട് തുടങ്ങാം! യൂത്തിന്റെ 'ക്രഷ്' ഐക്യൂ 15 5ജി വരുന്നു, ആദ്യ ചിത്രങ്ങൾ പുറത്ത്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നിരവധി സ്മാർട്ട്ഫോണുകളുണ്ട്. അത് ഐഫോൺ മുതൽ ഐടെൽ വരെ നീളുന്നു. എന്നാൽ ഈ നിരവധിയായ സ്മാർട്ട്ഫോണുകൾക്കിടയിൽ ഇന്ത്യൻ യുവത്വത്തിന്റെ ഇഷ്ടം പിടിച്ചുപറ്റിയ ഒരു സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. ഇതിനകം ഇന്ത്യയിൽ പുറത്തിറങ്ങിയ ഐക്യൂ ഫോണുകൾ അതിന്റെ ഉപയോക്താക്കൾക്കിടയിൽ ശക്തമായ ഒരു വിശ്വാസം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഏത് വിലയുടെ സെഗ്മെന്റിലായാലും ശരി മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം നൽകുന്നവയായിരിക്കും ഐക്യൂ സ്മാർട്ട്ഫോണുകൾ എന്നതാണ് ആ വിശ്വാസം. മാന്യമായവിലയിൽ മികച്ച ഫീച്ചറുകൾ അവതരിപ്പിച്ചതിലൂടെയാണ് ഐക്യുവിന്റെ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി ആരാധകർ ഉണ്ടായത് എന്ന് കരുതപ്പെടുന്നു.
നിലവിലെ ഏറ്റവും കരുത്തൻ ഐക്യൂ സ്മാർട്ട്ഫോൺ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തുമായി അവതരിപ്പിക്കപ്പെട്ട ഐക്യൂ 13 5ജി ആണ്. എന്നാൽ ഇതിന്റെ പിൻഗാമിയായി വരാൻ പോകുന്നത് ഐക്യൂ 14 അല്ല, പകരം ഐക്യൂ 15 (iQOO 15) ആണ്. ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റ് കരുത്തുമായി ഐക്യൂ 15 എത്തും എന്നതിന്റെ ആദ്യഘട്ട സൂചനകൾ ഇപ്പോൾ ഔദ്യോഗികമായി തന്നെ പുറത്തുവന്നിരിക്കുന്നു.

പുതിയ ചിത്രങ്ങൾ കണ്ടുകൊണ്ട് തുടങ്ങാം, ഐക്യൂ 15 5ജിയുടെ ചിത്രങ്ങൾ ആദ്യമായി പുറത്തുവിട്ടുകൊണ്ട് കമ്പനി അടുത്ത തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണിന്റെ വരവ് ഉറപ്പിച്ചിരിക്കുന്നു. ഐക്യൂവിന്റെ ചൈനയിലെ ഔദ്യോഗിക വെബ്സൈറ്റിൽ ഐക്യൂ 15 5ജിയുടെ പേജും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പതിവ് പോലെ ആദ്യം ചൈനയിലും അതിന് ശേഷം അധികം വൈകാതെ ഇന്ത്യയിലും ഐക്യൂ 15 അവതരിപ്പിക്കും.
മുകളിൽ ഇടത് മൂലയിൽ ഒരു വലിയ ക്യാമറ ഡെക്കോ ഉള്ള iQOO 15 സ്മാർട്ട്‌ഫോണിന്റെ ഡിസൈൻ ആണ് ഇപ്പോൾ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ക്യാമറ ഡെക്കോ ഗ്ലാസ് ബാക്ക് കവറിൽ പൊങ്ങിക്കിടക്കുന്ന ഒരു ബഹിരാകാശ പേടകം പോലെയാണ്, ഏറ്റവും മികച്ച ഡെക്കോ ഡിസൈനാണിത് എന്നാണ് ഐക്യൂ പ്രോഡക്ട് മാനേജർ പറയുന്നത്.

ലീക്കർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നത് ഐക്യൂ 15 5ജിയുടെ ലെൻസ് ഡെക്കോ അൽപ്പം കട്ടിയുള്ളതാണ് എന്നാണ്. പ്രധാനമായും ഈ ജനറേഷനിലെ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ അപ്‌ഗ്രേഡ് ചെയ്‌തതിനാലാണ്. വരാൻ പോകുന്ന ഈ ഫോണിന് 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉണ്ടാകുമെന്ന് ഇതിനകം വന്ന ചില ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്.
നാല് വശങ്ങളിലും അൾട്രാ-നാരോ ബെസലുകളുള്ള 6.85 ഇഞ്ച് 2K കസ്റ്റം സാംസങ് LTPO സ്‌ക്രീൻ ഐക്യൂ 15 5ജിയിൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുണ്ട്. ഈ ഡിസ്പ്ലേ പോൾ-ലെസ് ഡിപോളറൈസേഷൻ ടെക്നോളജി പിന്തുണയോടെയാണ് എത്തുകയെന്നും പറയപ്പെടുന്നു. ഐക്യൂ പ്രൊഡക്റ്റ് മാനേജർ ജി ലാൻ വി പറയുന്നതനുസരിച്ച്, സ്റ്റാറ്റിക്, ഡൈനാമിക് പിക്ചർ ഡീറ്റെയിൽസിന്റെ കാര്യത്തിൽ ഐക്യൂ 15 5ജിയിലെ 2K സ്‌ക്രീൻ ആപ്പിൾ പ്രോ മാക്‌സിന്റെ 1.5K, റെറ്റിന മാനദണ്ഡങ്ങളെ മറികടക്കും എന്നാണ്.
വരാനിരിക്കുന്ന ഫ്ലാഗ്‌ഷിപ്പുകളിൽ ഏറ്റവും ഉയർന്ന BOM ചെലവുള്ള സ്‌ക്രീനാണ് ഐക്യൂ 15 5ജിയുടേത് എന്നതാണ് ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്ന മറ്റൊരു വിവരം. ഇതിലെ സ്ക്രീനിൽ ഐക്യൂ AR ആന്റി-ഗ്ലെയർ ഫിലിം ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 16 ൽ ആയിരിക്കും ഈ ഫോൺ ചൈനയിൽ അവതരിപ്പിക്കുക എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രോസസറിന്റെ കാര്യത്തിലേക്ക് വന്നാൽ, എല്ലാക്കൊല്ലവും ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റ് കരുത്തിലാണ് ഐക്യൂ പ്രീമിയം മോഡലുകൾ എത്താറുള്ളത്. ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് ആണ് ഈ ഫോണിന് കരുത്ത് പകരുക എന്ന് കരുതപ്പെടുന്നു. അടുത്ത ആഴ്ച, സ്നാപ്ഡ്രാഗൺ ഉച്ചകോടിയിൽ ഈ ചിപ്സെറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.
ഇനി ഏവരും അറിയാൻ ആഗ്രഹിക്കുന്ന കാര്യം ലോഞ്ച് എപ്പോൾ എന്നതാണ്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ലോഞ്ച് ചെയ്ത് ആഴ്ചകൾക്ക് ശേഷം ഒക്ടോബർ 20 ന് ഐക്യൂ 15 5ജി ചൈനയിൽ ലോഞ്ച് ചെയ്തേക്കാം എന്ന് പറയപ്പെടുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ ഐക്യൂ 15 5ജി ഇന്ത്യയിലും എത്തിയേക്കും. ചൈനയിൽ ഈ ഫോണിനായുള്ള പ്രീ-ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








