പ്രതീക്ഷ തെറ്റിയാലും സന്തോഷം തന്നെ! കരുതിയതിലും ഒരു ദിവസം മുമ്പേ ഐക്യൂ 15 5ജി ഇന്ത്യയിൽ
ഐക്യൂ 15 (iQOO 15) 5ജിയുടെ ഇന്ത്യൻ ലോഞ്ച് തിയതി ഒടുവിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. നവംബർ 26ന് ഐക്യൂ തങ്ങളുടെ അടുത്ത പ്രീമിയം സ്മാർട്ട്ഫോണായി ഐക്യൂ 15 5ജി ഇന്ത്യയിൽ അവതരിപ്പിക്കും. കഴിഞ്ഞ ആഴ്ച ചൈനയിൽ ഐക്യൂ 15 ലോഞ്ച് ചെയ്തിരുന്നു. അതിന് പിന്നാലെ തന്നെ ഇപ്പോൾ ഇത് ഇന്ത്യയിലേക്കും എത്തുന്നു എന്നതിന്റെ ആവേശത്തിലാണ് സ്മാർട്ട്ഫോൺ ആരാധകർ. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC കരുത്തിലാണ് ഐക്യൂ 15 ഇന്ത്യയിലും ലോഞ്ച് ചെയ്യുക എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം പ്രതീക്ഷിച്ചതിലും ഒരു ദിവസം മുൻപേയാണ് ഐക്യൂ 15 ഇന്ത്യയിൽ എത്തുന്നത് എന്ന് വേണമെങ്കിൽ പറയാം. കാരണം കഴിഞ്ഞ ദിവസം ഐക്യൂ ഇന്ത്യ സിഇഒ നിപുൻ മരിയ തന്റെ ട്വിറ്ററിൽ ലോഞ്ച് തിയതി സംബന്ധിച്ച് ഒരു സൂചന നൽകിയിരുന്നു. അതിൽ 27, 11 എന്നീ നമ്പറുകൾ എടുത്തുനിന്നിരുന്നു.

അതിനാൽ നവംബർ 27ന് ആണ് ഐക്യൂ 15 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എന്ന ഒരു ധാരണ ഉണ്ടായി. പക്ഷേ ഇപ്പോൾ കമ്പനി ഔദ്യോഗികമായി തന്നെ ലോഞ്ച് തിയതി പ്രഖ്യാപിച്ചതോടെ ലോഞ്ച് സംബന്ധിച്ച ആശയക്കുഴപ്പങ്ങളെല്ലാം മാറി യഥാർഥ ചിത്രം തെളിഞ്ഞിരിക്കുന്നു. കരുതിയതിലും ഒരു ദിവസം മുമ്പേ ഐക്യൂ 15 5ജി എത്തുന്നത് ആരാധകർക്കും സന്തോഷം പകരുന്ന കാര്യമാണ്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 സഹിതം എത്തുന്ന ആദ്യത്തെ ഐക്യൂ ഫോൺ എന്ന പ്രത്യേകതയും ഐക്യൂ 15 5ജിക്ക് ഉണ്ട്. ലോഞ്ചിന് ശേഷം ഐക്യുവിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. അതേസമയം ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ഐക്യൂ ഫോണിന്റെ ഫീച്ചറുകൾ കമ്പനി കാര്യമായി സ്ഥിരീകരിച്ചിട്ടില്ല.

ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ 15 5ജിയിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഇന്ത്യൻ വേരിയന്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ 15- യുടെ പ്രധാന ഫീച്ചറുകൾ: 144Hz വേരിയബിൾ റിഫ്രഷ് റേറ്റുള്ള 6.85-ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ കർവ്ഡ് സാംസങ് M14 8T LTPO AMOLED സ്‌ക്രീൻ.
അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, 12GB / 16GB LPDDR5X അൾട്രാ പ്രോ റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഈ ഫോണിലുണ്ട്. 50MP മെയിൻ ക്യാമറ, 50MP 150° അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഉണ്ട്.
ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി എന്നിവ ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ 15 5ജിയിലെ പ്രധാന ഫീച്ചറുകളാണ്.

ചൈനയിൽ ഐക്യൂ 15 5ജിയുടെ 12GB + 256GB പ്രാരംഭ വേരിയന്റിന് 4199 യുവാൻ (ഏകദേശം 51,780 രൂപ) ആണ് വില. ഇന്ത്യയിൽ 55000 രൂപയോട് അടുത്ത വിലയിൽ ഐക്യൂ 15 5ജി എത്താനാണ് സാധ്യത. ഇതിന്റെ ഇന്ത്യൻ വില സംബന്ധിച്ച സൂചനകൾ ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം ഐക്യൂ 13 5ജിയുടെ 12GB+ 256GB അടിസ്ഥാന വേരിയന്റ് 54,999 രൂപ വിലയിലാണ് അവതരിപ്പിക്കപ്പെട്ടത്.


Click it and Unblock the Notifications








