വന്ന വൺപ്ലസ് 15 മുതൽ വരാനുള്ള പോക്കോ F8 അൾട്ര വരെ എതിരാളികൾ നിരവധി; ഐക്യൂ 15 പ്രീ ബുക്കിങ് തുടങ്ങി
ഇന്ത്യയിലെ യുവ സ്മാർട്ട്ഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഐക്യൂ 15 (iQOO 15) 5ജിയുടെ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തുമായി ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്പ്പെട്ട വൺപ്ലസ് 15 മുതൽ ഇതേ ചിപ്സെറ്റുമായി അടുത്തമാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന പോക്കോ എഫ്8 അൾട്ര വരെ നീളുന്ന ശക്തരായ നിരവധി എതിരാളികളോട് മത്സരിക്കാൻ കരുത്തോടെയാണ് ഐക്യൂ 15 എത്തുന്നത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിലയായിരിക്കും ഈ മത്സരത്തിൽ ഐക്യുവിന് മുൻതൂക്കം നൽകുന്ന പ്രധാന ഘടകം.
സ്മാർട്ട്ഫോൺ വിപണിയിൽ പൊതുവിൽ എല്ലാ ബ്രാൻഡുകളുടെയും പ്രീമിയം മോഡലുകൾക്ക് ഇത്തവണ വില ഉയരും എന്നാണ് റിപ്പോർട്ടുകൾ വന്നത്. ആ റിപ്പോർട്ടുകൾ ശരിവയ്ക്കും വിധമുള്ള വില വർധന ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട വൺപ്ലസ് 15, ഓപ്പോ ഫൈൻഡ് X9, റിയൽമി ജിടി 8 പ്രോ തുടങ്ങിയ മോഡലുകളിലെല്ലാം കാണാൻ കഴിഞ്ഞു.

ഇത്തവണ് ഐക്യൂ 15 5ജിക്കും വില ഉയരുമെന്ന് അതിന്റെ ഇന്ത്യയിലെ സിഇഒ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാന മോഡൽ 65000- 70000 രൂപ വിലയിൽ ആയിരിക്കും എത്തുകയെന്ന് അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. എങ്കിലും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് സഹിതം ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്ന പ്രീമിയം സ്മാർട്ട്ഫോൺ ഐക്യൂ 15 തന്നെയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
നവംബർ 26ന് ആണ് ഐക്യൂ 15 ഇന്ത്യൻ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. എന്നാലിപ്പോൾ മുൻ നിശ്ചയിച്ചതുപോലെ തന്നെ ആകർഷകമായ ഓഫറുകൾ സഹിതം ഈ ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ആമസോണിലും ഐക്യുവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിലും ഒരു പ്രയോറിറ്റി പാസ് മോഡൽ ഉപയോഗിച്ചാണ് ഈ ബുക്കിങ് പ്രക്രിയ നടക്കുന്നത്.

ഐക്യൂ 15 പ്രീ-ബുക്ക് ചെയ്യാൻ താൽപ്പര്യമുള്ളവർ 1,000 രൂപ ടോക്കൺ തുക നൽകണം. ഈ തുക തത്തുല്യമായ മൂല്യമുള്ള ഒരു കൂപ്പണാക്കി മാറ്റുന്നു, അത് പിന്നീട് ഫോൺ വാങ്ങുമ്പോൾ അന്തിമ വിലയിൽ നിന്ന് കുറയ്ക്കുന്നു. ഇങ്ങനെ പ്രയോറിറ്റി പാസ് നേടുന്നവർ നവംബർ 27 (ഉച്ചയ്ക്ക് 12:00 PM) നും 2025 നവംബർ 28 (രാത്രി 11:59:59 PM) നും ഇടയിൽ അവരുടെ പർച്ചേസ് പൂർത്തിയാക്കണം.
കൂപ്പൺ ഒറ്റത്തവണ ഉപയോഗത്തിന് മാത്രമേ സാധുതയുള്ളൂ, കൈമാറ്റം ചെയ്യാനാകില്ല. ഈ പ്രയോറിറ്റി പാസ് ഉപയോഗിച്ച് iQOO 15 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ആണ് ഫോൺ ലഭ്യമാകുക. സൗജന്യ ഐക്യൂ TWS 1e ഉൾപ്പെടെ ഇതോടൊപ്പം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്നുകൂടി പരിചയപ്പെടാം.
പ്രീ ബുക്ക് ചെയ്യുന്നവർക്ക് ഐക്യൂ 15 5ജിക്ക് ഒപ്പം ഒരു ജോഡി വയർലെസ് ഇയർബഡുകൾ ലഭിക്കും. കൂടാതെ എക്സ്റ്റന്റഡ് വാറന്റിയും ലഭിക്കും. ഇത് ഒരു വർഷത്തെ സ്റ്റാന്റേർഡ് വാലിഡിറ്റിക്ക് പുറമേ 12 മാസത്തെ എക്സ്റ്റന്റഡ് വാലിഡിറ്റി നൽകുന്നു. അതിനാൽ 2 വർഷത്തെ വാറന്റി കവറേജ് ഫോണിന് ലഭിക്കുന്നു.

പ്രീ-ബുക്ക് ചെയ്ത യൂണിറ്റുകൾക്ക് ലോഞ്ച് ചെയ്യുമ്പോൾ മുൻഗണന ലഭിക്കും. കൂടാതെ ഒരു ഉപഭോക്താവ് പ്രയോറിറ്റി പാസ് വാങ്ങിയെങ്കിലും പിന്നീട് ഫോൺ വാങ്ങേണ്ടെന്ന് തീരുമാനിച്ചാൽ, റിഡംപ്ഷൻ വിൻഡോയ്ക്ക് ശേഷം കൂപ്പൺ ഓട്ടോമാറ്റിക്കായി കാലഹരണപ്പെടുകയും തുടക്കത്തിൽ നൽകിയ ബുക്കിങ് തുകയായ 1000 രൂപ റീഫണ്ട് ചെയ്യപ്പെടുകയും ചെയ്യും.


Click it and Unblock the Notifications