ലേറ്റാ വന്താലും ലേറ്റസ്റ്റാ...! ഐക്യൂ 15 അൾട്ര: ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, സയൻസ് ഫിക്ഷൻ കളർ വേരിയന്റുകൾ
ഐക്യൂ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് ഒരു പുതിയ അൾട്ര മോഡൽ ലോഞ്ച് ചെയ്യാൻ പോകുന്ന വിവരം ഇതിനകം തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നതാണ്. ഐക്യൂ 15 അൾട്ര (iQOO 15 Ultra) എന്നാണ് വരാൻ പോകുന്ന ഫോണിന്റെ പേര്. ഇത് കമ്പനിയുടെ ഏറ്റവും പുതിയ പ്രീമിയം മോഡലായ ഐക്യൂ 15 5ജി അടങ്ങുന്ന ഐക്യൂ 15 സീരീസിന്റെ ഭാഗമായിട്ടാണ് എത്തുന്നത്. ലോഞ്ച് അടുത്തിരിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് വരാൻ പോകുന്ന ഈ ഫോണിന്റെ കൂടുതൽ ഡീറ്റെയിൽസ് കമ്പനി വെളിപ്പെടുത്താൻ ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ ഇതിന്റെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനും സയൻസ് ഫിക്ഷൻ കളർ വേരിയന്റുകളുമാണ് ഔദ്യോഗികമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരിയുടെ തുടക്കത്തിൽ തന്നെ ഐക്യൂ 15 അൾട്ര ചൈനയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്. അതിന് ശേഷം ഇത് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമോ എന്നകാര്യത്തിൽ നിലവിൽ സൂചനകളൊന്നും ഇല്ല. എങ്കിലും ഇന്ത്യയിൽ ഐക്യൂ മോഡലുകൾക്ക് നിരവധി ആരാധകരുണ്ട് എന്നത് കണക്കിലെടുത്താൽ ഈ കരുത്തൻ സ്മാർട്ട്ഫോൺ ഇവിടെയും എത്താൻ സാധ്യതകൾ ഉണ്ട്.

ഐക്യൂ സ്മാർട്ട്ഫോൺ നിരയിലെ ആദ്യ അൾട്ര മോഡൽ എന്ന പ്രത്യേകത ഐക്യൂ15 അൾട്രയ്ക്ക് ഉണ്ട്. ഐക്യൂ സ്മാർട്ട്ഫോണുകളുടെ നിരയിലെ ഏറ്റവും ശക്തനായ സ്മാർട്ട്ഫോൺ ആയിട്ടാണ് ഈ അൾട്ര മോഡൽ അവതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്. ശക്തമായ ഫീച്ചറുകളുണ്ട് എന്നതുപോലെ ,ഇതിന്റെ വിലയും ഉയർന്നതായിരിക്കും.
ഐക്യൂ 15 അൾട്രയുടെ ചിത്രങ്ങൾ കമ്പനി ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഈ അൾട്ര മോഡലിന്റെ മൊത്തത്തിലുള്ള ലുക്ക് വളരെ ഫ്യൂച്ചറിസ്റ്റിക് ആണ്, മധ്യഭാഗത്ത് ഒരു ഹണികോമ്പ് ഡിസൈൻ ഉണ്ട്. ചരുതാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് അൾട്രയിൽ കാണുന്നത്, പക്ഷേ ക്യാമറ സെൻസറുകൾ കൂടുതൽ വ്യക്തതയോടെയും ഒരു ഹൊറിസോണ്ടൽ ലൈറ്റ് സ്ട്രിപ്പോടെയും വളരെ വലുതായി കാണപ്പെടുന്നു.
സയൻസ് ഫിക്ഷൻ കോഡ്‌നെയിമുള്ള രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുക എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 2049 കോൾഡ് ബ്ലൂ, 2077 ഫ്ലോയിംഗ് ഓറഞ്ച് എന്നിവയാണ് ഐക്യൂ 15 അൾട്രയുടെ കളർ ഓപ്ഷനുകൾ. ഈ സ്മാർട്ട്‌ഫോണിന്റെ സൈഡ് ഫ്രെയിമിൽ ഗെയിമിംഗ് ഷോൾഡർ ബട്ടണുകളും നൽകിയിട്ടുണ്ട്.
ഗെയിമിങ് ആരാധകരെ കൂടി ലക്ഷ്യമിട്ടാണ് ഐക്യൂ 15 അൾട്ര എത്തുക എന്ന് വ്യക്തം. ഏറ്റവും കരുത്തുറ്റ പെർഫോമൻസ്+ മികച്ച ഗെയിമിങ്- ഈ രണ്ട് കാര്യങ്ങളും ഒന്നിച്ച് നിറവേറ്റുന്ന ഒരു ശക്തൻ സ്മാർട്ട്ഫോൺ ആയിരിക്കും ഐക്യൂ 15 അൾട്ര എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു ഗെയിമിങ് ഫോണിന് അനുയോജ്യമായ ഡിസൈൻ ഈ ഫോണിന്റെ രൂപത്തിലും കാണാം.
ശക്തമായ പെർഫോമൻസ് കാഴ്ചവയ്ക്കാൻ ഐക്യൂ 15 അൾട്രയ്ക്ക് കഴിയും എന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. 4.5 ദശലക്ഷത്തിലധികം വരുന്ന ആൻടുടു ബെഞ്ച്മാർക്ക് സ്കോറുകൾ ഇതിനുള്ളതായി ഐക്യൂ പറയുന്നു. ഇത് ഇതുവരെ ആൻടുടു ബെഞ്ച്മാർക്ക് പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്കോറുകളിൽ ഒന്നാണ്. പെർഫോമൻസിന് കരുത്ത് പകരാൻ ഈ അൾട്ര സ്മാർട്ട്‌ഫോണിന് സെഗ്‌മെന്റിലെ ഏറ്റവും വലിയ കൂളിംഗ് ഫാനും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്.

17 × 17 × 4mm ആക്റ്റീവ് കൂളിംഗ് ഫാൻ ആണ് ഐക്യൂ 15 അൾട്രയിൽ ഉപയോഗിക്കുന്നത്, എയർ ഇൻടേക്ക് പിൻ ക്യാമറ മൊഡ്യൂളിന് താഴെയും എക്‌സ്‌ഹോസ്റ്റ് സൈഡ് ഫ്രെയിമിലും സ്ഥാപിച്ചിരിക്കുന്നു. കഠിനമായ ടാസ്കുകൾക്ക് ഉപയോഗിച്ചാലും ഫോൺ കൂളായി വർക്ക് ചെയ്യാൻ ഇതിലെ കൂളിങ് സജ്ജീകരണത്തിന് ശേഷിയുണ്ട്.
യുഎഫ്എസ് 3.1 സ്റ്റോറേജ് ഐക്യൂ 15 അൾട്രയിൽ ഉണ്ട് എന്നകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ 16ജിബി റാം + 512ജിബി സ്റ്റോറേജ് മുതൽ 24ജിബി റാം + 1ടിബി സ്റ്റോറേജ് വരെ വേരിയന്റുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അൾട്ര മോഡലിന്റെ കൂടുതൽ ഡീറ്റെയിൽസ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ലോഞ്ച് അടുത്തു എന്ന് സൂചന ലഭ്യമായതിനാൽ അധികം വൈകാതെ കൂടുതൽ ഫീച്ചർ ഡീറ്റെയിൽസ് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








