200MP ക്യാമറ, 7600mAh ബാറ്ററി... പ്രതീക്ഷകൾ വാനോളം! ഐക്യൂ 15R ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു
ഐക്യൂ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ പോകുന്നു. ഐക്യൂ 15 സീരീസിന്റെ ഭാഗമായി ഐക്യൂ 15R (iQOO 15R) എന്ന മോഡലാണ് എത്താൻ പോകുന്നത്. നിലവിലെ പ്രീമിയം മോഡലായ ഐക്യൂ 15 5ജിയുടെ തൊട്ടുതാഴെയായി എത്തുന്ന ഐക്യൂ ടോപ്പ്-എൻഡ് സ്മാർട്ട്‌ഫോണായിരിക്കും ഇത്. വൺപ്ലസ് തങ്ങളുടെ പ്രീമിയം മോഡലിന്റെ അൽപ്പം വില കുറഞ്ഞ ഓപ്ഷനായി R മോഡലുകൾ പുറത്തിറക്കാറുണ്ട്. വൺപ്ലസ് 15 മോഡലിന് പുറമേ അവതരിപ്പിക്കപ്പെട്ട വൺപ്ലസ് 15R അതിന് ഉദാഹരണമാണ്. പുതിയ ഐക്യൂ 15R അവതരിപ്പിച്ചുകൊണ്ട് ഐക്യുവും വൺപ്ലസിന്റെ അതേ തന്ത്രം പുറത്തെടുക്കുന്നു എന്നു പറയാം.
പുതിയ പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ വരാൻ പോകുന്നു എന്നത് ഐക്യൂ ആരാധകരെ സംബന്ധിച്ചിടത്തോളം സ്വാഗതാർഹമാണ്. സ്മാർട്ട്ഫോൺ വില വർധന വിപണിയിൽ വരുത്തിയ മാറ്റങ്ങളെ മറികടക്കാനുള്ള ഐക്യുവിന്റെ തന്ത്രമായിക്കൂടി ഇന്ത്യയിലേക്കുള്ള ഐക്യൂ 15R മോഡലിന്റെ വരവിനെ വിലയിരുത്താം. സാധാരണയായി ഐക്യൂ പ്രീമിയം മോഡലുകൾ 55000 രൂപയിൽ താഴെ വിലയിൽ കിട്ടുമായിരുന്നു.

എന്നാൽ പുതിയ സ്മാർട്ട്ഫോൺ വില വർധന എല്ലാ ബ്രാൻഡുകളെയും പോലെ ഐക്യുവിനെയും ബാധിച്ചതോടെ അവരുടെ പ്രീമിയം മോഡലിന് വില ഉയർത്തേണ്ടിവന്നു. പുതിയ ഐക്യൂ 15 5യുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB മോഡലിന് 79,999 രൂപയുമാണ് വില. ഓഫറുകൾ പ്രയോജനപ്പെടുത്തിയാലും വില 65000 രൂപയിൽ കുറയില്ല.
ഈ സാഹചര്യത്തിൽ 50000 രൂപയോട് അടുത്ത വിലയിൽ പുതിയ ഐക്യൂ ഫോണുകൾ ഒന്നും ലഭ്യമല്ലാത്ത ഒരു സാഹചര്യമുണ്ട്, ഈ ഒഴിവ് നികത്താൻ പുതിയ ഐക്യൂ 15R ടോപ് മോഡലിലൂടെ കമ്പനിക്ക് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഐക്യൂ 15R ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് കമ്പനിയുടെ ഇന്ത്യയിലെ സിഇഒ നിപുൻ മരിയ ട്വിറ്ററിലൂടെ ഒരു ടീസർ പുറത്തിറക്കിയിട്ടുണ്ട്.
നിപുൻ മരിയ പങ്കുവച്ച ഐക്യൂ 15R ടീസറിൽ ചെക്കർഡ് പാറ്റേണുകൾ, മെറ്റൽ ഫ്രെയിം, ഡ്യുവൽ റിയർ ക്യാമറകൾ എന്നിവയുള്ള സ്മാർട്ട്ഫോണിന്റെ റിയർ പാനലിന്റെ ദൃശ്യമാണ് ഉള്ളത്. ഇതിന്റെ ക്യാമറകൾ സൂക്ഷിച്ച് നോക്കിയാൽ അടുത്തിടെ ഐക്യൂ ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ Z11 ടർബോയുടേതിന് സമാനമായ ക്യാമറയാണ് എന്ന് കാണാൻ കഴിയും.
ഐക്യൂ Z11 ടർബോ ഇന്ത്യയിൽ ഐക്യൂ നിയോ 11 ആയി എത്തും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പുതിയ ടീസറുമായി ഐക്യൂ 15R ലോഞ്ച് ഉറപ്പിച്ചതോടെ ആ പ്രതീക്ഷ തെറ്റി. ഏറ്റവും പുതിയ സൂചനകൾ പ്രകാരം, ഐക്യൂ Z11 ടർബോ ഇന്ത്യയിൽ എത്തുന്നത് ഐക്യൂ 15R ആയിട്ടായിരിക്കും.
ഐക്യുവിന്റെ നിലവിലുള്ള സ്മാർട്ട്ഫോണുകളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരു ക്യാമറ മൊഡ്യൂളുമായിട്ടാണ് ഐക്യൂ Z11 ടർബോ അവതരിപ്പിക്കപ്പെട്ടത്. അതേ ക്യാമറ മൊഡ്യൂൾ തന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഐക്യൂ 15R ടീസറിലും കാണാൻ സാധിക്കും. ചൈനയിലെ ആ ഫോൺ തന്നെയാണ് ഇന്ത്യയിലേക്ക് എത്താൻ പോകുന്ന ഈ ഫോൺ എന്ന് ഇത് സൂചന നൽകുന്നുണ്ട്.
പ്രീമിയം ലെവൽ ഫീച്ചറുകളുമായി എത്തിയ ഒരു കരുത്തൻ സ്മാർട്ട്ഫോൺ ആയിരുന്നു ഐക്യൂ Z11 ടർബോ. സ്‌നാപ്ഡ്രാഗൺ 8 Gen 5 ചിപ്, 6.59 ഇഞ്ച് 1.5K 144Hz AMOLED സ്‌ക്രീൻ, 200MP പിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നിവ Z11 ടർബോയിൽ ഉണ്ടായിരുന്നു.
കൂടാതെ IP68 + IP69 റേറ്റിംഗുകൾ, 100W ഫാസ്റ്റ് ചാർജിംഗുള്ള 7600mAh ബാറ്ററി എന്നിവയും Z11 ടർബോയിൽ സജ്ജീകരിച്ചിരുന്നു. Z11 ടർബോയാണ് ഇന്ത്യയിൽ ഐക്യൂ 15R 5ജിയായി എത്തുന്നത് എങ്കിൽ ചെറിയ വ്യത്യാസങ്ങളോടെ ഏറെക്കുറേ അതേ ഫീച്ചറുകൾ തന്നെ നമുക്കും ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.
ഐക്യൂ 15R ന്റെ ലോഞ്ച് തിയതിയും പ്രധാന ഫീച്ചറുകളും അടക്കം കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ കമ്പനി പുറത്തുവിടും. ലോഞ്ചിന് ശേഷം മറ്റ് ഐക്യൂ മോഡലുകൾ പോലെ തന്നെ ഐക്യൂ 15R മോഡലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








