നമ്മൾക്ക് അതങ്ങ് ഉറപ്പിച്ചിട്ടുണ്ട്! ഫെബ്രുവരി 24ന് ഐക്യൂ 15R ഇന്ത്യയിൽ ലോഞ്ച് ചെയ്യും
ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ പോകുന്നു. ഇതിനോടകം ടീസറുകളിലൂടെ കമ്പനി വരവ് സ്ഥിരീകരിച്ച ഐക്യൂ 15R (iQOO 15R) എന്ന മോഡലിന്റെ ഇന്ത്യൻ ലോഞ്ച് തിയതി കമ്പനി ഇപ്പോൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. ഐക്യൂ 15 സീരീസിന്റെ ഭാഗമായി ഐക്യൂ 15R ഫെബ്രുവരി 24ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഐക്യൂ 15 യ്ക്ക് ശേഷം എത്തുന്ന കമ്പനിയുടെ അടുത്ത ടോപ്പ്-എൻഡ് സ്മാർട്ട്‌ഫോണാണ് ഐക്യൂ 15R 5ജി.
ചെക്കർഡ് പാറ്റേണുകൾ, ഒരു മെറ്റൽ ഫ്രെയിം, ഡ്യുവൽ റിയർ ക്യാമറകൾ എന്നിവയുള്ള ഐക്യൂ 15R ന്റെ റിയർ പാനൽ ഡിസൈൻ കമ്പനിയുടെ ഇന്ത്യയിലെ സിഇഒ നിപുൻ മരിയ കഴിഞ്ഞ ആഴ്ച ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനോടകം ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ Z11 ടർബോ മോഡലിന്റേതിന് സമാനമായ ഫീച്ചറുകൾ തന്നെയാണ് വരാൻ പോകുന്ന ഐക്യൂ 15Rന് ഉള്ളതെന്ന് റിപ്പോർട്ടുകളുണ്ട്.

ലീക്ക് റിപ്പോർട്ടുകൾ പറയുന്നതുപോലെ ഐക്യൂ Z11 ടർബോയുടെ ഫീച്ചറുകളാണ് ഐക്യൂ 15Rൽ ഉള്ളത് എങ്കിൽ പ്രീമിയം ഐക്യൂ 15 മോഡലിന് താഴെ നിൽക്കുന്ന ശക്തനായ ഒരു ഐക്യൂ സ്മാർട്ട്ഫോണിനെയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് കിട്ടാൻ പോകുന്നത്. 200MP മെയിൻ ക്യാമറ, 100W ഫാസ്റ്റ് ചാർജിംഗുള്ള 7600mAh ബാറ്ററി എന്നിവ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഐക്യൂ 15Rൽ പ്രതീക്ഷിക്കാം.
ഐക്യൂ 15R മോഡലിന്റെ ചിപ്സെറ്റ് മാത്രമാണ് കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് ആണ് ഈ ഫോണിന് കരുത്ത് പകരുക. മറ്റ് ഫീച്ചറുകൾ നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിന് ശേഷം പതിവ് പോലെ ഐക്യൂ ഓൺലൈൻ സ്റ്റോറിന് പുറമേ ആമസോൺ വഴിയും ഈ ഐക്യൂ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വാങ്ങാനാകും.

പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഇതിനകം ലോഞ്ച് ചെയ്ത ഐക്യൂ Z11 ടർബോയുടെ ഫീച്ചറുകൾ നമുക്ക് ലഭ്യമാണ്. അതിനാൽത്തന്നെ ഐക്യൂ Z11 ടർബോയുടേതിന് സമാനമായ ഫീച്ചറുകളാണ് ഐക്യൂ 15R അവതരിപ്പിക്കുകയെങ്കിൽ അതിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് നമുക്ക് മുന്നിലുണ്ട്. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു. മറ്റ് ഫീച്ചറുകൾ എന്തൊക്കെയെന്ന് ഇതാ.
200MP മെയിൻ ക്യാമറ, 8MP അൾട്രാ- വൈഡ് ക്യാമറ, 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ അടങ്ങുന്നതായിരുന്നു ഐക്യൂ Z11 ടർബോയുടെ ക്യാമറ സജ്ജീകരണം. വരാൻ പോകുന്ന ഐക്യൂ 15R മോഡലിലും ഇതേ ക്യാമറകൾ തന്നെ പ്രതീക്ഷിക്കാം. പൊടി, ജല പ്രതിരോധത്തിനായി IP68 + IP69 റേറ്റിങ് സഹിതമാകും 15R എത്തുക.
100W ഫാസ്റ്റ് ചാർജിംഗുള്ള 7600mAh ബാറ്ററി എന്നിവ Z11 ടർബോയിൽ ഉണ്ടായിരുന്നു, ഐക്യൂ 15R മോഡലിലും ഇത് പ്രതീക്ഷിക്കാം. ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, 1.5K 144Hz AMOLED സ്‌ക്രീൻ എന്നിവയും Z11 ടർബോയിലേതിന് സമാനമായി ഐക്യൂ 15Rൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6ൽ ആണ് ഐക്യൂ 15R എത്തുക എന്ന വിവരം ഇതിനകം സ്ഥിരികരിച്ചിട്ടുണ്ട്. LPDDR5x അൾട്രാ 9600Mbps റാം, UFS 4.1 സ്റ്റോറേജ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, NFC എന്നീ ഫീച്ചറുകളും ഐക്യൂ 15R മോഡലിൽ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








