ഒരു കൈ നോക്കുന്നോ! ഐക്യൂ 9എസ്ഇ 5ജി സ്മാർട്ട്ഫോണിന്റെ വില കുറച്ചു
വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ തങ്ങളുടെ ഐക്യൂ 9 എസ്ഇ 5ജി സ്മാർട്ട്ഫോണിന്റെ വിലകുറച്ചു. 33,990 രൂപ പ്രാരംഭവിലയിൽ 2022 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സ്മാർട്ട്ഫോണിന്റെ വിലയിൽ 3000 രൂപയുടെ കുറവാണ് കമ്പനി ഇപ്പോൾ വരുത്തിയിരിക്കുന്നത്. ഐക്യൂ 9എസ്ഇയുടെ 8ജിബി വേരിയന്റ് 30,990 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്.
8ജിബി + 128ജിബി, 12ജിബി+ 256ജിബി എന്നിങ്ങനെ ഐക്യൂ 9 എസ്ഇയുടെ രണ്ട് റാം മോഡലുകളാണ് വിപണിയിൽ എത്തിയത്. അതിൽ 8 ജിബി റാം വേരിയന്റിന്റെ വിലയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ കുറച്ചിരിക്കുന്നത്. പുതിയ വിലയിൽ ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിൽ ഐക്യൂ 9 എസ്ഇ ലഭ്യമാണ്.

സ്പേസ് ഫ്യൂഷൻ, സൺസെറ്റ് സിയറ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഐക്യൂ ഫോൺ ലഭ്യമാകുക. ടെലിക്കോം കമ്പനികൾ 5ജി സേവനങ്ങൾ ആരംഭിച്ചതോടു കൂടി ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന സജീവമായിരുന്നു. ഈ അവസരം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഐക്യൂ തങ്ങളുടെ 9എസ്ഇ വില കുറച്ച് എത്തിച്ചിരിക്കുന്നത്.
ഐക്യൂ 9 എസ്ഇ സവിശേഷതകൾ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. 120Hz റിഫ്രഷ് റേറ്റും 1080x2400 പിക്‌സൽ റെസല്യൂഷനുമുള്ള 6.62 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 12 നെ അടിസ്ഥാനമാക്കി, കമ്പനിയുടെ സ്വന്തം ഫൺടച്ച് ഒഎസ് 12-ലാണ് ഐക്യൂ 9 എസ്ഇ പ്രവർത്തിക്കുന്നത്.
ഐക്യൂ 9 എസ്ഇയുടെ ബായ്ക്കിൽ മൂന്ന് ക്യാമറകളാണ് കമ്പനി നൽകിയിരിക്കുന്നത്. 48എംപി പ്രൈമറി ക്യാമറ, 13എംപി വൈഡ് ആംഗിൾ ലെൻസ്, 2എംപി മോണോക്രോം ലെൻസ് എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. സെൽഫികൾക്കും വീഡിയോ കോളുകൾക്കും മറ്റുമായി 16 എംപിയുടെ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

66 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്‌സെറ്റിലുള്ളത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. ഐക്യൂ 9 എസ്ഇയ്ക്ക് പുറമെ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഐക്യൂ Z6 ന്റെ വിലയും കമ്പനി കുറച്ചിരുന്നു. 1000 രൂപയോളമാണ് കുറവ് വരുത്തിയത്.
5,499 രൂപ വിലയുണ്ടായിരുന്ന ഐക്യൂ Z6 ന്റെ 4 ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 14,499 രൂപയ്ക്ക് ലഭ്യമാണ്. 15,000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ തിരയുന്നവർക്ക് പരിഗണിക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് ഐക്യൂ ഇസഡ് 5ജി സ്മാർട്ട്ഫോൺ.
ഐക്യൂവിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ആയ ഐക്യൂ ഇസഡ്7 മാർച്ച് 21 ന് വിപണിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസഡ് 6ന് വില കുറഞ്ഞത്. ഐക്യൂ Z7 ന്റെ 6ജിബി റാം + 128ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയാണ് വില. വിൽപ്പന ആരംഭം കണക്കിലെടുത്ത് 1500 രൂപവരെ ഡിസ്കൗണ്ട് ലഭ്യമാണ്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസർ കരുത്തിലാണ് ഐക്യൂ Z6 എത്തുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് എൽസിഡി സ്‌ക്രീൻ ആണ് ഐക്യൂ Z6 ൽ ലഭ്യമാകുക. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സ് ഉപയോഗിച്ചാണ് ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും ദീർഘകാല സോഫ്റ്റ്വെയർ പിന്തുണ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററി, 50 എംപി+ 2എംപി റിയർ ക്യാമറ സംവിധാനം, 16 എംപി സെൽഫി ക്യാമറ എന്നിവയും ഐക്യൂ ഇസഡ് 6 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. 20000 രൂപയിൽ താഴെ മികച്ചൊരു 5ജി ഫോൺ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഐക്യൂ Z7നും പരിഗണിക്കാം.


Click it and Unblock the Notifications








