തമ്പീ... കീഴെയിറങ്ങ്...! ഐക്യൂ നിയോ 10 5G വില ലോഞ്ച് വിലയെക്കാൾ ഉയരത്തിൽ; ആശ്വാസത്തിന് ഡിസ്കൗണ്ട്
നിരവധി മികച്ച സ്മാർട്ട്ഫോൺ മോഡലുകൾ ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് സംഭാവന ചെയ്തിട്ടുള്ള ബ്രാൻഡാണ് ഐക്യൂ. ഇന്ത്യൻ വിപണിയിലെ കടുത്ത മത്സര അന്തരീക്ഷം കണക്കിലെടുത്ത് എപ്പോഴും അതത് സെഗ്മെന്റുകളിലെ സാധ്യമായ ഏറ്റവും കുറഞ്ഞ വിലയിൽ ആണ് ഐക്യൂ ഫോണുകൾ എത്താറുള്ളത്. എന്നാൽ ഈ തന്ത്രം ഇപ്പോൾ കമ്പനിക്ക് ചെറിയ രീതിയിൽ തലവേദനയായി എന്ന് വേണം പറയാൻ. കാരണം ക്ഷാമത്തെ തുടർന്ന് ചിപ്പുകളുടെ വില വർധിച്ചത് സ്മാർട്ട്ഫോണുകളുടെ നിർമാണ ചെലവ് ഉയർത്തി. ഇതിന് പരിഹാരമായി കമ്പനികൾ പല സ്മാർട്ട്ഫോണുകളുടെയും വില വർധിപ്പിച്ചു.
മറ്റ് ബ്രാൻഡുകൾ പലതും മുൻപ് തന്നെ ന്യായമായ വിലയിട്ടാണ് ഫോണുകൾ ഇറക്കിയിരുന്നത് എന്നതിനാൽ അവർക്ക് നേരിയ തോതിൽ മാത്രമേ വില വർധന നടപ്പാക്കേണ്ടിവന്നുള്ളൂ. എന്നാൽ സാധ്യമായ കുറഞ്ഞ വിലയിൽ എത്തിയതിനാൽ ഐക്യൂ മോഡലുകൾ പലതിനും ഇപ്പോഴത്തെ സാഹചര്യത്തിൽ വിലയിൽ കാര്യമായ വർധനവ് നടത്തേണ്ടിവന്നു. ഇത് പല മോഡലുകളും ഇപ്പോൾ മുൻപത്തെക്കാൾ വിലയിൽ വാങ്ങേണ്ട ഒരു സാഹചര്യം ഉണ്ടാക്കിയിരിക്കുന്നു.

അടുത്തിടെ പല ഐക്യൂ മോഡലുകൾക്കും വില ചെറുതായി വർധിച്ചു എങ്കിലും കാര്യമായ മാറ്റം വന്നത് നിയോ 10 മോഡലിനാണ്. തങ്ങളുടെ നിയോ സീരീസിൽ ഈ വർഷം മേയിൽ ഐക്യൂ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഐക്യൂ നിയോ 10 (iQOO Neo 10). ഇതിന്റെ വില ഇപ്പോൾ ലോഞ്ച് വിലയെക്കാൾ വളരെ ഉയരത്തിലാണ്.
ഐക്യൂ നിയോ 10 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 31,999 രൂപയും, 8GB + 256GB മോഡലിന് 33,999 രൂപയും, 12GB + 256GB മോഡലിന് 35,999 രൂപയും, ടോപ്പ്-എൻഡ് 16GB + 512GB മോഡലിന് 40,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 29999 രൂപ വിലയിൽ വാങ്ങാനും അവസരമുണ്ടായിരുന്നു.

എന്നാലിപ്പോൾ ഐക്യൂ ഇ-സ്റ്റോറിൽ ഐക്യൂ നിയോ 10 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 36,999 രൂപയും, 8GB + 256GB മോഡലിന് 38,999 രൂപയും, 12GB+ 256GB മോഡലിന് 40,999 രൂപയും, ടോപ്പ്-എൻഡ് 16GB + 512GB മോഡലിന് 45,999 രൂപയുമാണ് വില.
അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ രണ്ട് ദിവസം മുൻപ്, അതായത് 2025 ഡിസംബർ 30ന് ഇതിന്റെ അടിസ്ഥാന മോഡലിന് 34999 രൂപയേ വിലയുണ്ടായിരുന്നുള്ളൂ എന്നതാണ്. അതിനർഥം 2025 ന്റെ അവസാന മാസങ്ങളിൽ വർധിച്ച ഐക്യൂ നിയോ 10 5ജിയുടെ വില, പുതിയ വർഷം പിറന്നതോടെ വീണ്ടും വർധിച്ചിരിക്കുന്നു എന്നാണ്.
വിലവർധനയിൽ ഉപയോക്താക്കൾക്ക് ചെറിയ ആശ്വാസം പകരാൻ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. 2000 രൂപ ബാങ്ക് ഡിസ്കൗണ്ട്, 1000 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ട്, 1000 രൂപ ന്യൂകമർ ഡിസ്കൗണ്ട് എന്നിവയിൽ അനുയോജ്യമായവ പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിൽ ഐക്യൂ സ്റ്റോറിൽ ഉള്ളതിന് സമാനമായ വിലയിലാണ് ആമസോണിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വില കൂടിയെങ്കിലും ഇത് ഒരു മികച്ച സ്മാർട്ട്ഫോൺ ആണ് എന്നകാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു. 2025ലെ നാല് ഹിറ്റ് ഐക്യൂ സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്നാണ് ഇത്. 1.5K+144FPS സൂപ്പർ-റെസല്യൂഷനും സൂപ്പർ-ഫ്രെയിം കൺകറൻസിയും വാഗ്ദാനം ചെയ്യുന്ന Q1 സ്വതന്ത്ര ഗ്രാഫിക്‌സ് ചിപ്പ് സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. പരമാവധി 7K ഐസ് ഡോം VC ലിക്വിഡ് കൂളിംഗും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
6.78 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 7000mAh സിലിക്കൺ ബ്ലൂവോൾട്ട് ബാറ്ററി, 120W ഫാസ്റ്റ് ചാർജിങ്, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm പ്രോസസർ, IP65 റേറ്റിങ്, 1/ 1.95 ഇഞ്ച് സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 32MP ഫ്രണ്ട് ക്യാമറ ഉൾപ്പെടെ നിരവധി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.


Click it and Unblock the Notifications








