സംശയം വേണ്ട, ഫീച്ചറുകൾ ഇതൊക്കെത്തന്നെ! ലോഞ്ചിന് മുൻപ് ഐക്യൂ നിയോ 10 ഫീച്ചറുകൾ സ്ഥിരീകരിച്ചു
ഒരുപാട് സ്മാർട്ട്ഫോൺ ലോഞ്ചുകൾ മേയിൽ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ഇനി ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ഒരു മോഡൽ ഐക്യൂ നിയോ 10 (iQOO Neo 10) ആണ്. മേയ് 26ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് നേരത്തെ തന്നെ ഐക്യൂ അറിയിച്ചിരുന്നതാണ്. ഇപ്പോൾ ലോഞ്ചിന് ദിവസങ്ങൾ ബാക്കി നിൽക്കെ ആരാധകരിൽ പ്രതീക്ഷ വർധിപ്പിച്ചുകൊണ്ട് ഐക്യൂ നിയോ 10 ലെ ഫീച്ചറുകൾ ഒന്നൊന്നായി കമ്പനി സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നു. ഡിസ്‌പ്ലേ, ക്യാമറ, കൂളിംഗ് സിസ്റ്റം, ചിപ്സെറ്റ് അടക്കമുള്ള പ്രധാന ഫീച്ചറുകൾ പലതും ഇക്കൂട്ടത്തിൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറങ്ങിയ ഐക്യൂ Z10 ടർബോ പ്രോയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് ഐക്യൂ നിയോ 10 എങ്കിലും ചില കാര്യങ്ങളിൽ വ്യത്യാസമുണ്ട്. അതിനാൽത്തന്നെ ഫീച്ചറുകൾ അറിയാൻ ആരാധകർക്ക് ആകാംക്ഷ വളരെ കൂടുതലാണ്. വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച ഫീച്ചറുകൾ പരിചയപ്പെടാം.

ഐക്യുഒ നിയോ 10 ഫീച്ചറുകൾ: ടീസറുകളിലൂടെ ഐക്യൂ നിയോ 10ന്റെ ചില ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഇത് പ്രകാരം, 1.5 കെ റെസല്യൂഷനും 144 ഹെർട്‌സ് റിഫ്രഷ് റേറ്റും ഉള്ള അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഐക്യൂ നിയോ 10 എത്തുന്നത്.
മികച്ച ഔട്ട്‌ഡോർ കാഴ്ചയ്ക്കായി ഐക്യൂ നിയോ 10 5ജിയിൽ 5,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ടായിരിക്കും എന്ന് ഉറപ്പിച്ചിട്ടുണ്ട്. കൂടാതെ 35,000 രൂപയിൽ താഴെ വിലയുള്ള സെഗ്‌മെന്റിലെ ഏറ്റവും തിളക്കമുള്ള ഡിസ്‌പ്ലേയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൽനിന്ന് മനസിലാക്കാനാകുന്ന മറ്റൊരു കാര്യം 35000 രൂപയിൽ താഴെ വിലയിലാകും ഈ സ്മാർട്ട്ഫോൺ എത്തുക എന്നതാണ്.

ഐക്യൂ നിയോ 10 ന്റെ സ്‌ക്വിർക്കിൾ ക്യാമറ ഐലൻഡിൽ OIS-പിന്തുണയോടെ 50MP സോണി മെയിൻ സെൻസറും 8MP അൾട്രാ വൈഡ് ലെൻസും ഉണ്ടാകും. ഫ്രണ്ടിൽ 32MP സെൽഫി സ്‌നാപ്പർ ആണ് നൽകുക. ഐക്യൂ നിയോ 10 സ്നാപാഡ്രാഗൺ 8s ജെൻ 4 പ്രോസസറും ഐക്യൂവിന്റെ തന്നെ ഇൻ-ഹൗസ് Q1 ചിപ്പും കരുത്താക്കിയാണ് എത്തുക.
മികച്ച ഗെയിമിങ്ങും പെർഫോമൻസും കേന്ദ്രീകരിച്ച് എത്തുന്ന ഐക്യൂ നിയോ 10ൽ ചൂട് കുറയ്ക്കുന്നതിനായി 7000mm² അൾട്രാ-ലാർജ് VC കൂളിംഗ് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,000mAh ബാറ്ററി യൂണിറ്റാണ് ഇതിൽ ഉള്ളത് എന്നതും ഇതിനകം സ്ഥിരീകരിച്ച ശ്രദ്ധേയമായ വിവരങ്ങളിലൊന്നാണ്.
ഐക്യൂ നിയോ 10 പുറത്തുവന്ന ഫീച്ചറുകളിൽ ഏറെ ശ്രദ്ധേയമായ ഒന്ന് ബൈപാസ് ചാർജിംഗ് ഫീച്ചറാണ്. ഇത് ഫോൺ ചാർജ് ചെയ്യുമ്പോൾ ബാറ്ററിക്ക് പകരം ചാർജറിൽ നിന്ന് നേരിട്ട് പവർ എടുക്കാൻ അനുവദിക്കും. ഇൻഫെർണോ റെഡ്, ടൈറ്റാനിയം ക്രോം കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഫീച്ചറുകൾ മാറ്റി നിർത്തിയാൽ ഐക്യൂ നിയോ 10 ന്റെ വരവിന് ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഏതാണ്ട് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രോ മോഡൽ അല്ലാത്ത ഒരു നിയോ ഫോൺ ഇന്ത്യയിലേക്ക് എത്തുന്നത് എന്നതാണ് അത്. ഏറ്റവും അവസാനത്തെ നോൺ-പ്രൊ നിയോ ഫോൺ 2023-ൽ പുറത്തിറങ്ങിയ നിയോ 7 ആയിരുന്നു. എന്നാൽ നിയോ സീരീസിൽ ഏറ്റവും ഒടുവിൽ ഇന്ത്യയിൽ എത്തിയത് കഴിഞ്ഞ വർഷത്തെ നിയോ 9 പ്രോയാണ്. കൂടാതെ അടുത്തിടെ നിയോ 10R മോഡലും എത്തി.


Click it and Unblock the Notifications








