കണ്ടാൽ അറിയാം, ഇവൻ മാർക്കറ്റ് തൂക്കും; ആദ്യ ലുക്കിൽ കിടുക്കി ഐക്യൂ നിയോ 10 പ്രോ
ഇന്ത്യക്കാർ തങ്ങളുടെ പ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂവിന്റെ പ്രീമിയം മോഡലായ ഐക്യൂ 13നെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ്. എന്നാൽ ഇതിനകം ഐക്യൂ 13 ലോഞ്ച് ചെയ്യപ്പെട്ട ചൈനയിൽ, ഐക്യുവിന്റെ പുതിയൊരു അവതാരപ്പിറവിയുടെ ഫസ്റ്റ് ലുക്ക് ആണ് ഇപ്പോൾ സംസാരവിഷയം. നിയോ 9 പ്രോയുടെ പിൻഗാമിയായി പുതിയ നിയോ 10 പ്രോ (iQOO Neo 10 Pro) അവതരിപ്പിക്കാനുള്ള നടപടികൾ ഐക്യൂ ഇതിനകം തുടങ്ങിയിരുന്നു. ഈ ഫോണിന്റെ വരവിന് മുന്നോടിയായി ഇപ്പോൾ കമ്പനി ഐക്യൂ നിയോ 10 പ്രോയുടെ ആദ്യ ഇമേജ് പുറത്തുവിട്ടിരിക്കുന്നു.
വരാൻ പോകുന്ന നിയോ 10 പ്രോയുടെ പിൻ പാനൽ എങ്ങനെയാണ് ഉണ്ടാകുക എന്ന് ഈ ചിത്രം വെളിപ്പെടുത്തുന്നു. ഐക്യൂ ചൈനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ പുതിയ ഫോണിന്റെ പേജ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിൽ
കമ്പനി പങ്കുവച്ചിരിക്കുന്ന ഔദ്യോഗിക ചിത്രം നൽകുന്ന വിവരങ്ങൾ കണ്ടാൽ, മുൻ മോഡലിൽ നിന്ന് ചില ഡിസൈനുകൾ കമ്പനി ഇതിലേക്കും സ്വീകരിച്ചിട്ടുണ്ട് എന്ന് മനസിലാകും.

ഐക്യൂ നിയോ 9 പ്രോയിലും മറ്റും കണ്ടപോലുള്ള ഡ്യുവൽ ടോൺ ലുക്ക് നിയോ 10 പ്രോയിലും കാണാനാകുന്നുണ്ട്. എന്നാൽ ഈ പുതിയ മോഡലിൽ ലെതർ ഫിനിഷ് ഉള്ളതായി തോന്നുന്നില്ല. സൈഡുകൾ കർവ്ഡ് ഡിസൈനിലാണ് എത്തുന്നത്, ഫ്രെയിമുകൾ ലോഹമാണെന്ന് തോന്നുന്നു, ക്യാമറ മൊഡ്യൂളിലും മാറ്റമുണ്ട്.
നിയോ 9 പ്രോ മോഡലിൽ രണ്ട് ക്യാമറ സെൻസറുകളും പ്രത്യേകം പ്രത്യേകമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ മോഡലിൽ ഒരൊറ്റ പിൻ ക്യാമറ മൊഡ്യൂളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഓറഞ്ച്-വൈറ്റ് ഡ്യുവൽ ടോണിലുള്ള ഐക്യൂ നിയോ 10 പ്രോയുടെ ചിത്രമാണ് കമ്പനി ഇപ്പോൾ പങ്കുവച്ചിട്ടുള്ളത്. മറ്റ് കളർ ഓപ്ഷനുകൾ ഏതൊക്കെയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല.

ചിത്രങ്ങൾ പങ്കുവച്ചു എങ്കിലും നിയോ 10 പ്രോയുടെ ഫീച്ചറുകൾ ഐക്യൂ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ പ്രമുഖ ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ഇതിനകം ഇതിന്റെ ഫീച്ചറുകൾ ലീക്ക് ചെയ്തുകഴിഞ്ഞു. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം നിയോ 9 പ്രോയിലേത് പോലെ 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ ആകും നിയോ 10 പ്രോയിൽ ഉണ്ടാകുക.
നിയോ 9 പ്രോ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റിനൊപ്പം എത്തിയതിനാൽ പുതിയ നിയോ 10 പ്രോ മോഡൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3-നൊപ്പം വരുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ ലീക്ക് റിപ്പോർട്ട് പറയുന്നത് മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രൊസസർ കരുത്തുമായിട്ടാകും നിയോ 10 പ്രോ എത്തുക എന്നാണ്.
ലീക്ക് റിപ്പോർട്ട് ആയതിനാൽ ഡിസിഎസിന്റെ വാദം പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല. ഡ്യുവൽ റിയർ ക്യാമറ മൊഡ്യൂൾ സഹിതമാകും ഈ ഫോൺ എത്തുക എന്നതാണ് മറ്റൊരു വിവരം. ഇതിൽ എഫ്/1.56 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും ഇതിൽ ഉണ്ടാകുമെന്നും ഡിസിഎസ് അവകാശപ്പെടുന്നു.

120W ഫാസ്റ്റ് ചാർജിങ് പിന്തുണുള്ള 6,000mAh ബാറ്ററിയാണ് ഐക്യൂ നിയോ 10 പ്രോ അവതരിപ്പിച്ചേക്കുക എന്നും ലീക്ക് റിപ്പോർട്ട് പറയുന്നു. ഇതിന്റെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. കാരണം മുൻ മോഡൽ ഫെബ്രുവരി 22-നാണ് എത്തിയത്.


Click it and Unblock the Notifications