'മോഹ'ഫോണിന് വിലകുറഞ്ഞു, സമയം കളയേണ്ട! ഐക്യൂ നിയോ 6 ഇപ്പോൾ 25,000 രൂപയിൽ താഴെവിലയിൽ വാങ്ങാം
ഒരു സ്മാർട്ട്ഫോൺ വാങ്ങണം എന്നുണ്ട്, എന്നാൽ ഏത് എടുക്കണമെന്ന് വല്യ പിടിയില്ല, നല്ലൊരുഫോൺ പറഞ്ഞുതരൂ എന്ന് പലരും സുഹൃത്തുക്കളോട് ചോദിക്കാറുണ്ട്. ഇങ്ങനെ ചോദിച്ചിരുന്നവർക്ക് അടുത്തകാലം വരെ കിട്ടിക്കൊണ്ടിരുന്ന മറുപടികളിൽ ഒന്നാണ് ഐക്യൂവിന്റെ നിയോ 6 സ്മാർട്ട്ഫോൺ. ഒരുപാട് പേരെ മോഹിപ്പിച്ച, മികച്ച ഫീച്ചറുകൾ ഉള്ളൊരു ഫോൺ.
30000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോൺ വിഭാഗത്തിലുള്ള മറ്റ് ഫോണുകൾക്ക് കനത്ത വെല്ലുവിളിയും മത്സരവുമാണ് ഐക്യൂ നിയോ 6 നൽകിയിരുന്നത്. 5ജി പ്രവർത്തനക്ഷമമാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്സെറ്റ് കരുത്തുമായി കഴിഞ്ഞ വർഷം മേയിലാണ് ഐക്യൂ നിയോ 6 5ജി ലോഞ്ച് ചെയ്തത്.

വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ ഇന്ത്യയിൽ നിയോ 6 ന്റെ അടിസ്ഥാന മോഡൽ 29,999 രൂപ വിലയിലാണ് അവതരിപ്പിച്ചത്. എന്നാൽ നിയോ 7-ന്റെ വരവിനുശേഷം, കമ്പനി ഐക്യൂ നിയോ 6ന് പരിമിത കാലത്തേക്ക് മാത്രം മികച്ച ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം വിൽപ്പനയിൽ ഏറെ മുന്നിൽനിന്ന സ്മാർട്ട്ഫോണുകിൽ ഒന്നാണ് ഐക്യൂ നിയോ 6.
എന്നാൽ 30000 രൂപയോട് അടുത്ത വില താങ്ങാൻ കഴിയാതിരുന്ന പലർക്കും ഐക്യൂ ഒരു മോഹഫോണായി തുടർന്നു. എന്നാലിപ്പോൾ വില അൽപ്പം മയപ്പെട്ടു. ഇതോടെ വിൽപ്പനയിൽ വീണ്ടും കുതിക്കാനുള്ള നീക്കവുമായി നിയോ 6 വീണ്ടും ചർച്ചകളിൽ നിറയുകയാണ്. 24,999 രൂപയ്ക്കാണ് നിയോ 6 ഇപ്പോൾ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതോടെ ഈ വിലയിൽ എത്തുന്ന മറ്റ് ഫോണുകൾക്ക് നിയോ 6 കനത്ത വെല്ലുവിളി ഉയർത്തുന്നു. എന്നാൽ ആമസോൺ നൽകുന്ന ഈ വിലക്കുറവ് താൽക്കാലികം മാത്രമാണെന്നാണ് വിവരം. ഏതു സമയവും വില വീണ്ടും ഉയർന്നേക്കാം. ഐക്യൂ നിയോ 6 ഒരു മോഹമായി മനസിൽ കൊണ്ടുനടക്കുന്നവർക്ക് ഇപ്പോഴത്തെ സുവർണാവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റാണ് ഇപ്പോൾ ആമസോണിൽ 24,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിയോ 6ന്റെ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റ് 28,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഡാർക്ക് നോവ, സൈബർ റേജ്, മാവെറിക്ക് ഓറഞ്ച് കളർ ഓപ്ഷനുകളിൽ ഐക്യൂ നിയോ 6 ലഭ്യമാണ്. 12 ജിബി + 256 ജിബി കോൺഫിഗറേഷനിൽ മാവെറിക്ക് ഓറഞ്ച് വേരിയന്റ് മാത്രമേ ലഭിക്കൂ. ആമസോണിനു പുറമെ ഐക്യൂ ഇന്ത്യയുടെ ഔദ്യോഗിക ഇ-സ്റ്റോറിൽനിന്നും നിയോ 6 വാങ്ങാൻ സാധിക്കും.
ഐക്യൂ നിയോ 6 സ്പെസിഫിക്കേഷനുകൾ: 120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 2400 × 1080 പിക്‌സൽ റെസല്യൂഷൻ, 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.62 ഇഞ്ച് ഫുൾ എച്ച്‌ഡി+ E4 അമോലെഡ് ഡിസ്‌പ്ലേയാണ് ഐക്യൂ നിയോ 6-ന്റെ പ്രധാന സവിശേഷത. പാനലിന് HDR10+ പിന്തുണയും ഉണ്ട്.
നിയോ 6 ൽ ഉള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 5G ചിപ്‌സെറ്റ് ഈ സ്മാർട്ട്ഫോണിനെ കരുത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നു. അഡ്രിനോ 650 ജിപിയുവും ഉണ്ട്. 8ജിബി/12ജിബി LPDDR4X റാമും 128ജിബി അല്ലെങ്കിൽ 256ജിബി UFS 3.1 ഓൺബോർഡ് സ്റ്റോറേജും ലഭിക്കും. 4 ജിബി വരെ വെർച്വൽ റാം പിന്തുണയും സ്മാർട്ട്‌ഫോണിന്റെ സവിശേഷതയാണ്.

ഈ പറഞ്ഞ സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ, ഐക്യൂ നിയോ 6 ന്റെ പെർഫോമൻസിൽ യാതൊരു ആശങ്കയും വേണ്ട എന്ന് വ്യക്തമാകും. 80W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4700എംഎഎച്ചിന്റെ ബാറ്ററി യൂണിറ്റാണ് നിയോ 6ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോണിന് 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ഐക്യൂ അവകാശപ്പെടുന്നു.
നിയോ 6 ലെ ക്യാമറകളും ആരെയും നിരാശപ്പടുത്തില്ല. ഫോണിന്റെ ബായ്ക്കിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. ഒഐഎസ് പിന്തുണയുള്ള 64MP f/1.89 GW1P പ്രൈമറി ക്യാമറ, 8MP f/2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2MP f/2.4 മാക്രോ സെൻസർ എന്നിവയാണ് ഇതിലുള്ളത്. സെൽഫികൾ, വീഡിയോ കോളിംഗ് എന്നിവയ്‌ക്കായി 16 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.
ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12-ൽ ആണ് നിയോ 6 ന്റെ പ്രവർത്തനം. 4ഡി ഗെയിം വൈബ്രേഷൻ, 36907 mm സ്‌ക്വയർ ലിക്വിഡ് കൂളിംഗ് സിസ്റ്റം, അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, 5ജി, 4ജി, ബ്ലൂടൂത്ത് 5.2, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ഡ്യുവൽ സ്പീക്കർ സജ്ജീകരണം, എന്നിവയാണ് നിയോ 6 ലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.


Click it and Unblock the Notifications