വർക്കിലും ലുക്കിലും തിളങ്ങാൻ ഐക്യൂ നിയോ 7 പ്രോ; 120W ഫ്ലാഷ്ചാർജ്, ഐജി ചിപ്പ്... വരവ് കിടുക്കും
മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ലോഞ്ചിന് തയാറെടുത്തിരിക്കുകയാണ് ഐക്യൂ നിയോ 7 പ്രോ സ്മാർട്ട്ഫോൺ. ജൂലൈ 4ന് നിയോ 7 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽതന്നെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട നിയോ 7ന്റെ പിൻഗാമിയായിട്ടാണ് നിയോ 7 പ്രോയുടെ വരവ്.
മികച്ച പെർഫോമൻസ് കൊണ്ട് ഇതിനോടകം ഇന്ത്യയിലെ യുവാക്കളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായി മാറാൻ ഐക്യൂവിന് കഴിഞ്ഞിട്ടുണ്ട്. നിയോ 6, നിയോ 7 എന്നീ മോഡലുകളെല്ലാം ഏറെ ആവശേത്തോടെയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആളുകൾ ഏറ്റെടുത്തത്. അത്തരമൊരു വരവേൽപ്പ് നിയോ 7 പ്രോയ്ക്കും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസർ കരുത്തിൽ ''മെച്ചപ്പെടുത്തിയ ഗ്രാഫിക്സും സുഗമമായ ഗെയിംപ്ലേയും" നിയോ 7 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ഗെയിമിങ് ആസ്വദിക്കുന്നതിനായി ഒരു ഇൻഡിപെൻഡന്റ് ഗെയിമിംഗ് ചിപ്പ് ( IG Chip ) നിയോ 7 പ്രോയിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂടുതൽ ആവേശത്തോടെ ഗെയിം കളിക്കുന്നതിനായി മെച്ചപ്പെട്ട മോഷൻ കൺട്രോൾ സംവിധാനവും നിയോ 7 പ്രോയിൽ ഐക്യൂ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 മിനിറ്റിനുള്ളിൽ ബാറ്ററി 0% മുതൽ 50% വരെ നിറയ്ക്കുന്ന 120W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയും ഐക്യൂ നിയോ 7 പ്രോയുടെ സവിശേഷതയാണ്. ചാർജിങ്ങിനായി അധികം സമയം ഉപയോക്താവിന് ചിലവഴിക്കേണ്ടി വരുന്നില്ല.

പുതിയ ലെതർ-ബാക്ക് ട്രെൻഡ് പിന്തുടർന്ന്, നിയോ 7 പ്രോയും ഒരു ഓറഞ്ച് ലെതർ ഫിനിഷ് ഡിസൈൻ അവതരിപ്പിക്കുന്നു. കൂടാതെ ഫോണിന്റെ പിന്നിൽ മുകളിൽ ഇടത് ഭാഗത്തായി ഐക്യൂവിന്റെ അടയാളമായി മാറിയ ക്യാമറ മൊഡ്യൂളും നൽകിയിരിക്കുന്നു. ഐക്യൂ നിയോ 7 പ്രോയുടെ ഫീച്ചറുകൾ സംബന്ധിച്ച് ഇത്രയും വിവരങ്ങളാണ് കമ്പനി പുറത്തുവിട്ട വിവരങ്ങളിൽനിന്നും ടീസറിൽനിന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.
നിയോ 7 പ്രോയിലെ സ്നാപ്ഡ്രാഗൺ ചിപ്പ് 1+3+4 സിപിയു കോൺഫിഗറേഷനും അഡ്രിനോ 730 ജിപിയുവും ഉപയോഗിക്കുന്നു എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലോഞ്ചിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ കമ്പനി പതിയെ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം നിയോ 7 പ്രോയുടെ ഫീച്ചറുകൾ സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ഐക്യൂ നിയോ 7 പ്രോയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: ഓൺലൈൻ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഐക്യൂ നിയോ 7 പ്രോയിലെ ചിപ്പ് 16ജിബി വരെ LPDDR5 റാമും 256 ജിബി വരെ UFS 3.1 സ്റ്റോറേജും ജോഡിയാക്കിയാകും എത്തുക. ദീർഘനേരം നീണ്ടുനിൽക്കുന്ന ഉപയോഗം കണക്കിലെടുത്ത് 5,000എംഎഎച്ച് ബാറ്ററിയും ഉണ്ടാകും.

മികച്ച നിലവാരമുള്ള ക്യാമറ മുൻ മോഡലുകളിൽ വാഗ്ദാനം ചെയ്തിട്ടുള്ള ഐക്യൂ ഇത്തവണയും ഒട്ടും കുറയ്ക്കാൻ സാധ്യതയില്ലെന്ന് കരുതപ്പെടുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാകും നിയോ 7 പ്രോ അവതരിപ്പിക്കുക. 50എംപി പ്രധാന ക്യാമറ, 8എംപി അൾട്രാവൈഡ് സെൻസർ, 2എംപി മാക്രോ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടും. 16 എംപിയുടേതാകും ഫ്രണ്ട്ക്യാമറ.
ഐക്യൂ നിയോ 7 പ്രോയുടെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. നിയോ 7 ഇന്ത്യയിൽ 27,999 രൂപയ്ക്കാണ് ലഭ്യമാകുക. അതിലും ഉയർന്ന വിലയിൽ, 40,000 രൂപയിൽ താഴെ വില വിഭാഗത്തിൽ നിയോ 7 പ്രോ അവതരിപ്പിക്കപ്പടാനാണ് സാധ്യത. വിവോയുടെ ഗ്രേറ്റർ നോയിഡയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നിയോ 7 പ്രോ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








