ഇനി ഗെയിമിംഗ് വേറെ ലെവൽ; ഐക്യൂ നിയോ 7 പ്രോ ഇന്ത്യയിൽ എത്തി
ഐക്യൂവിന്റെ പുതിയ സ്മാർട്ട് ഫോണായ നിയോ 7 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. ജൂലൈ 15 മുതൽ ഫോൺ ഓൺലൈനായി വിൽപനയ്ക്ക് എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡാർക്ക് സ്റ്റോം പതിപ്പ്, ഫിയർലെസ് ഫ്ലേം പതിപ്പ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആയാണ് നിയോ 7 പ്രോ അവതരിപ്പിച്ചിരിക്കുന്നത്.
ഐക്യൂ നിയോ 7 സ്മാര്‍ട്‌ഫോണിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് പുതിയ നിയോ 7 പ്രോ. ഗെയിമിംഗ് പ്രേമികളെ ലക്ഷ്യം വെച്ചാണ് പ്രധാനമായും നിയോ 7 പ്രോ തയ്യാറാക്കിയിരിക്കുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8+Gen 1 പ്രോസസർ നിയോ 7 പ്രോയുടെ കരുത്ത് കൂട്ടും എന്നാണ് ഐക്യൂ അവകാശപ്പെടുന്നത്.

5,000mAh ബാറ്ററി ഉള്ളതിനാൽ മികച്ച ബാറ്ററിപാക്കപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇടക്കിടെ ഫോൺ റീചാർജ് ചെയ്യാതെ ദീർഘനേരം ഉപയോഗിക്കാൻ ഇത് സഹായിക്കും 120W ഫ്ലാഷ് ചാർജിംഗ് സാങ്കേതിക വിദ്യയാണ് നിയോ 7 പ്രോയിൽ ഉള്ളത്. ആയതിനാൽ തന്നെ ദ്രുതഗതിയിൽ തന്നെ ഫോണിൽ ചാർജ് നിറയും. വെറും 8 മിനിറ്റിനുള്ളിൽ ബാറ്ററി 0 ശതമാനം മുതൽ 50 ശതമാനം വരെ ഫിൽ ചെയ്യാൻ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 8 മെഗാപിക്സലിൽ ആണ് അൾട്രാ വൈഡ് ആംഗിൾ ക്യാമറ ഉള്ളത്. ഇത് കൂടാതെ 2 മെഗാപിക്സലിന്റെ ഒരു മാക്രോ ക്യാമറയും ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫി പ്രേമികൾക്കായി 16 മെഗാപിക്സലിന്റെ ഒരു ഫ്രണ്ട് ക്യാമറയും നിയോ 7 പ്രോയിൽ ഉണ്ട്.
2400 x 1080 പിക്‌സല്‍ റെസലൂഷനിൽ 6.78 ഇഞ്ച് വലുപ്പത്തിലുള്ള അമോലെഡ് ഡിസ്‌പ്ലേയിൽ ഒരുങ്ങുന്ന ഫോൺ രണ്ട് നിറങ്ങളിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. 12GB + 256GB റാമും സ്റ്റോറേജുമുള്ള വേരിയന്റിന് 37,999 രൂപയും 8GB + 128GB റാമും സ്റ്റോറേജുമുള്ള വേരിയന്റിന് 34,999 രൂപയുമാണ് വില. ജൂലൈ 18ന് മുമ്പ് ഫോൺ സ്വന്തമാക്കുന്നവർക്ക് 1,000 കിഴിവ് നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പുറമെ മുൻകൂട്ടി നിയോ 7 പ്രോ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക വാറന്റി കവറേജ് നൽകും. എസ്ബിഐ, ഐസിഐസിഐ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഫോൺ സ്വന്തമാക്കുന്നവർക്ക് 2000 രൂപയുടെ അധിക കിഴിവും ലഭിക്കും. നിയോ 6, നിയോ 7 എന്നീ മോഡലുകളെല്ലാം ഏറെ ആവശേത്തോടെയാണ് ഇന്ത്യൻ വിപണിയിൽ ആളുകൾ ഏറ്റെടുത്തത്.
12GB വരെ LPDDR5 റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്പ് ആണ് നിയോ 7 പ്രോയുടെ മറ്റൊരു സവിശേഷത. സെൻസറിൽ ആകട്ടെ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, കളർ ടെമ്പറേച്ചർ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഡിസ്പ്ലേയുടെ ഉള്ളിൽ തന്നെയാണ് ഫിംഗർപ്രിന്റ് സ്‌കാനർ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയോ 7 പ്രോയുടെ മറ്റൊരു സവിശേഷതയാണ് റിമോട്ട് കൺട്രോളിനുള്ള ഐആർ ബ്ലാസ്റ്റർ. ഗെയിം കളിക്കുന്നതിന്റെ ഹരം വർധിപ്പിക്കാനായി മെച്ചപ്പെട്ട മോഷൻ കൺട്രോൾ സംവിധാനവും നിയോ 7 പ്രോയിൽ ഐക്യൂ ഉൾപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓസ് ആണ് ഫോണില്‍ ഇടം പിടിച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.


Click it and Unblock the Notifications








