വാക്ക് പാലിച്ച് ഐക്യൂ നിയോ 8 സീരീസ് എത്തി; ഇനിയാണ് പോരാട്ടം!
ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികളുടെ മനസ് കീഴടക്കിയ പ്രമുഖ ബ്രാൻഡായ ഐക്യൂ തങ്ങളുടെ നിയോ പരമ്പരയിലെ ഏറ്റവും പുതിയ നിയോ 8 സീരീസ് സ്മാർട്ട്ഫോണുകൾ ചൈനയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിൽ ഏറെ ആരാധകരുള്ള നിയോ 6, നിയോ 7 എന്നിവയുടെ പിൻഗാമികളാണ് ചൈനയിൽ പുറത്തിറങ്ങിയിരിക്കുന്നത്.
വാഗ്ദാനം നിറവേറ്റി നിയോ 8, നിയോ 8 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഐക്യൂ നിയോ 8 സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേകളാണ് ഈ സ്‌മാർട്ഫോണുകൾക്കുള്ളത്. ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടും കാണാൻ സാധിക്കും.

2160Hz ഹൈ-ഫ്രീക്വൻസി പിഎംഡബ്ലു ഡിമ്മിംഗ്, എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനോടുകൂടിയ 16,000-ലെവൽ ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ്‌മെന്റ്, 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ട്. കൂടാതെ ഇവ ഡ്യുവൽ പ്രഷർ സെൻസിറ്റിവിറ്റി പിന്തുണയോടെയാണ് എത്തുന്നത്. നിയോ 8 പ്രോയ്ക്ക് ചെറുതായി വളഞ്ഞ അരികുകളാണുള്ളത്.
ഐക്യൂ നിയോ 8ന് അഡ്രിനോ ജിപിയുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. അതേസമയം നിയോ 8 പ്രോയിൽ ഇമ്മോർടാലിസ് ജി715 ( Immortalis-G715) ജിപിയുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 9200 പ്ലസ് ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു.

ഗെയിമുകളിൽ വൈദ്യുതി ഉപഭോഗം 14.2% കുറയ്ക്കുന്ന, വിവോ സ്വയം വികസിപ്പിച്ച വിവോ വി1+ എന്ന ചിപ്പിന്റെ പിന്തുണയും ഇതിലുണ്ട്. 16 ജിബി വരെ LPDDR5 റാമും 512 ജിബി വരെ യുഎഫ്എസ് 4.0 ഇൻബിൽറ്റ് സ്റ്റോറേജും ഈ സീരീസിൽ ഐക്യൂ ഉൾപ്പെടുത്തിയിരിക്കുന്നു.
ഒറിജിൻ ഒഎസ് 3.0 ഉള്ള ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 ഒഎസിലാണ് നിയോ 8 സീരീസിലെ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്. മൊബൈൽ ഫോണിന്റെ താപനില മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാൻ 9 ടെംപറേച്ചർ സെൻസറുകൾ ഉണ്ട് എന്നതാണ് നിയോ 8 സീരീസിന്റെ മറ്റൊരു പ്രത്യേകത. നിയോ 7 ൽ ഉള്ളതിനെക്കാൾ മികച്ച കൂളിങ് സംവിധാനവും ഇതിലുണ്ട്.
ഐക്യൂ നിയോ 8 പ്രോയിൽ 50 മെഗാപിക്‌സൽ സോണി IMX866V മെയിൻ സെൻസറും 8 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും നൽകിയിരിക്കുന്നു. നിയോ 8-ൽ 50എംപി പ്രൈമറി ക്യാമറ സെൻസറും 2എംപി ബോക്കെ ലെൻസും ആണ് നൽകിയിരിക്കുന്നത്. രണ്ട് മോഡലുകളിലും ഫ്രണ്ട് ക്യാമറയിൽ 16 മെഗാപിക്സൽ സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
9 മിനിറ്റിനുള്ളിൽ 1% മുതൽ 50% വരെയും 15 മിനിറ്റിനുള്ളിൽ 75% വരെയും ചാർജ് ചെയ്യാൻ കഴിയുന്ന 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5000എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയാണ് നിയോ 8 സീരീസിലെ ഇരുഫോണുകളിലും നൽകിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടുകളും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുകളും ഇരുഫോണുകളിലും ഒരുപോലെ ഇടംപിടിച്ചിരിക്കുന്നു.

5ജി, 4ജി LTE, വൈഫൈ 7, ബ്ലൂടൂത്ത് 5.3, ജിപിഎസ്, എൻഎഫ്സി എന്നിവയും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. രണ്ട് ഐക്യൂ നിയോ 8 ഫോണുകളും നൈറ്റ് റോക്ക്, മാച്ച് പോയിന്റ്, സർഫ് എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് വരുന്നത്. മേയ് 31 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.
ഐക്യൂ നിയോ 8 ന്റെ 12ജിബി+ 256ജിബി വേരിയന്റിന് 2,499 യുവാൻ (ഏകദേശം 29,300 രൂപ) ആണ് വില. 12ജിബി + 512 ജിബി വേരിയന്റ് 2,799 യുവാൻ (ഏകദേശം 32,800 രൂപ), 16ജിബി+ 512ജിബി വേരിയന്റ് 3,099 യുവാൻ (ഏകദേശം 36,400 രൂപ) വിലയിലും എത്തുന്നു.
ഐക്യൂ നിയോ 8 പ്രോയുടെ 16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,299 യുവാൻ (ഏകദേശം 38,700 രൂപ) ആണ് വില. 16ജിബി + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 3,599 യുവാൻ (ഏകദേശം 42,300 രൂപ) നൽകേണ്ടിവരും.


Click it and Unblock the Notifications








