ഐക്യൂ 12 വാങ്ങാൻ പണമില്ലേ, സാരമില്ല ജനുവരിയിൽ ഐക്യൂ നിയോ 9 പ്രോ വാങ്ങാം; വില ചോർന്നുകിട്ടി!
പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളെ വിലകൊണ്ടും ഫീച്ചറുകൾ കൊണ്ടും കൊന്ന് കൊലവിളിച്ച് ഐക്യൂ 12 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇതിനെ നേരിടാൻ ശേഷിയുള്ള മറ്റ് ഫോണുകൾ, അതായത് സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള സ്മാർട്ട്ഫോണുകൾ അടുത്ത മാസം മാത്രമേ ഇന്ത്യയിൽ ലോഞ്ച് ചെയ്യൂ.
ഈ മാസം ഐക്യൂ 12-ലൂടെ ഇന്ത്യയിൽ ആദ്യമായി സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള മുൻനിര സ്മാർട്ട്ഫോൺ അവതരിപ്പിച്ച ഐക്യൂ, 50000+ വിലയിലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. കരുത്തൻ ചിപ്സെറ്റ് മാത്രമല്ല, അത് നൽകുന്ന വിലയും മറ്റ് കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നു.

മികച്ച ഫീച്ചറുകൾ മാന്യമായ വിലയിൽ അവതരിപ്പിച്ച് മറ്റ് ഫോണുകളെ വെല്ലുവിളിക്കുന്ന ഐക്യൂവിന്റെ ആക്രമനോത്സുകത അടുത്ത മാസവും ഇന്ത്യൻ വിപണി കാണും എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഐക്യൂ 12 ന് പിന്നാലെ ഇപ്പോൾ കമ്പനി ഐക്യൂ നിയോ 9 സീരീസ് പുറത്തിറക്കാൻ പോകുകയാണ്.
ഡിസംബർ 27 ന് ഐക്യൂ നിയോ 9 സീരീസും ഐക്യൂ ടിഡബ്ലുഎസ് ഇയർബഡ്സും ഐക്യൂവിന്റെ ആദ്യ സ്മാർട്ട് വാച്ചും ചൈനയിൽ ലോഞ്ച് ചെയ്യുകയാണ്. ഐക്യൂ നിയോ 9 (iQOO Neo9), ഐക്യൂ നിയോ 9 പ്രോ (iQOO Neo9 Pro) എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്.
ഇതിൽ ഐക്യൂ നിയോ 9 പ്രോ ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ടിപ്സ്റ്റർ മുകുൾ ശർമ്മ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഇതോടൊപ്പം ഈ ഫോണിന്റെ വില സംബന്ധിച്ച ലീക്ക് റിപ്പോർട്ടും അദ്ദേഹം പുറത്തുവിട്ടു. 8 ജെൻ 3യ്ക്ക് മുൻപ് താരമായിരുന്ന ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് ഐക്യൂ നിയോ 9 പ്രോയിലുള്ളത് എന്നാണ് റിപ്പോർട്ട്.
ഈ വർഷം ആദ്യം എത്തിയ ഐക്യൂ നിയോ 7 പ്രോയുടെ പിൻഗാമിയായാണ് നിയോ 9 പ്രോ ഇന്ത്യയിലേക്ക് എത്തുന്നത്. മികച്ച ഫീച്ചറുകൾ അടങ്ങുന്ന ഫോൺ മാന്യമായ നിരക്കിൽ അവതരിപ്പിക്കുന്ന ഐക്യൂ രീതി നിയോ 7 പ്രോയെ നിരവധി പേരുടെ പ്രിയപ്പെട്ട ഫോണാക്കി മാറ്റി. മികച്ച പെർഫോമൻസിനൊപ്പം മികച്ച ക്യാമറയും ഈ ഫോൺ നൽകി.
ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ നിയോ 7 പ്രോയെക്കാൾ കൂടിയ ഫീച്ചറുകളുമായിട്ടാകും നിയോ 9 പ്രോ ഇന്ത്യയിലേക്ക് എത്തുക. ഇപ്പോൾ പുറത്തിറങ്ങിയ ഐക്യൂ 12 അതിന്റെ വില വച്ച് നോക്കിയാൽ കിട്ടാവുന്നതിൽ ഏറ്റവും മികച്ച ഫോൺ ആണ്. എങ്കിലും ആ വിലയ്ക്ക് അത് വാങ്ങാൻ സാമ്പത്തികമില്ലാത്തവർ ഉണ്ടാകും.

അത്തരത്തിൽ ഐക്യൂ 12 വാങ്ങാൻ പണമില്ലാത്തവർ വിഷമിക്കേണ്ടതില്ല, കാരണം ഐക്യൂ നിയോ 9 പ്രോയുടെ ഇന്ത്യയിലേക്കുള്ള വരവ് അതിന് ബദൽ ഓപ്ഷനായി മാറും. ഐക്യൂ 12 നെക്കാൾ കുറച്ചുകൂടി കുറഞ്ഞ വിലയിൽ നൽകാവുന്ന ഏറ്റവും മികച്ച ഫീച്ചറുകൾ ഐക്യൂ നിയോ 9 പ്രോ ലഭ്യമാക്കും.
ഐക്യൂ നിയോ 9 പ്രോയുടെ വില ഇന്ത്യയിൽ 40,000 രൂപയിൽ താഴെയായിരിക്കും എന്നാണ് ലീക്ക് റിപ്പോർട്ടിൽ പറയുന്നത്. ഐക്യൂ നിയോ 7 പ്രോ 34,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചത്. അതിനെക്കാൾ കുറച്ചുകൂടി ഉയർന്ന ഫീച്ചറുകൾ ഉള്ളതിനാൽ നിയോ 9 പ്രോയ്ക്ക് കുറച്ചുകൂടി വിലയും ഉയരും.
ഇന്ത്യയിൽ ഏറെ മത്സരം നടക്കുന്നതും ധാരാളം എതിരാളികളുള്ളതുമായ ഒരു സെഗ്മെന്റിലേക്കാണ് ഐക്യൂ നിയോ 9 പ്രോ എത്തുന്നത്. അതിനനുസരിച്ച് ആക്രമണോത്സുകമായ വില ഐക്യൂ നൽകുന്നതിനാൽ നേട്ടം ഉപയോക്താവിനാണ്. വരാൻ പോകുന്ന നിയോ 9 പ്രോയെക്കുറിച്ച് കമ്പനി കാര്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൈനയിലെ ലോഞ്ചിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ.

എങ്കിലും ലീക്ക് റിപ്പോർട്ടുകൾ ഐക്യൂ നിയോ 9 പ്രോയുടെ ഒരു ഏകദേശ ചിത്രം നൽകുന്നു. അത് പ്രകാരം നിയോ 9 പ്രോയിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസുമായി ഇത് ഷിപ്പ് ചെയ്യും.
50 മെഗാപിക്സൽ സോണി ഐഎംഎക്സ് 920 പ്രൈമറി സെൻസറും 50 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്നതാകും ഇതിന്റെ റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ടിൽ 16 മെഗാപിക്സൽ ക്യാമറയായിരിക്കും ഉണ്ടാകുക. കൂടാതെ 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ ഇതിൽ ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications








